-തിരുവനന്തപുരം: സുപ്രീംകോടതി റിട്ട. ജഡ്ജ് സിറിയക് ജോസഫ് അധികാര ദുര്‍വിനിയോഗം നടത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

ബിശ്വാനാഥ് സിന്‍ഹയെ നേരില്‍ കണ്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുവാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ ഏഴ് മാസം മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജസ്റ്റിസ് സിറിയക് ജോസഫ് ജഡ്ജിയായിരുന്ന കാലയളവില്‍ ഏറ്റവും കുറച്ച് വിധി പറഞ്ഞ ജഡ്ജാണെന്ന ആക്ഷേപം തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ പെരുപ്പിച്ച കണക്കാണ് നല്‍കിയത്. റജിസ്ട്രാര്‍ ജനറലിന്റെ കണക്ക് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. റജിസ്ട്രാര്‍ പറയും പ്രകാരമുള്ള അവകാശവാദം സിറിയക് ജോസഫിന് പോലും ഇല്ല.

ജസ്റ്റിസ് സിറിയക് ജോസഫ് കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് അദ്ദേഹം വാദം കേട്ട് പൂര്‍ത്തിയാക്കിയ കേസുകളില്‍ വിധി പറയാതെ മാസങ്ങളോളം മാറ്റിവെച്ചതിനെതിരെ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിറിയക് ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നത് തല്‍ക്കാലം കൊളീജിയം തടഞ്ഞുവെച്ചിരുന്നു.

ഇത് മറികടക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് വാദം കേട്ട കേസുകളില്‍ ബെഞ്ചില്‍ കൂടെയിരുന്ന ജഡ്ജിയെക്കൊണ്ട് ജഡ്ജ്മെന്റ് എഴുതിച്ച കാര്യം മറച്ചുവെച്ച്, ജസ്റ്റിസ് സിറിയക് ജോസഫ് വാദം കേട്ട മുഴുവന്‍ കേസുകളിലും വിധി പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി കര്‍ണ്ണാടക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെക്കൊണ്ട് സുപ്രീംകോടതി രജിസ്ട്രാര്‍ ജനറലിന് കത്തയപ്പിച്ചു.

ഇതുവഴി സുപ്രീംകോടതി കൊളീജിയത്തെ തെറ്റിദ്ധരിപ്പിച്ച് സുപ്രീം കോടതി ജഡ്ജിയായ ആളാണ് സിറിയക് ജോസഫ് എന്ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുള്ളതാണ്. സമാനമായ തെറ്റിദ്ധരിപ്പിക്കലാണ് കേരള ഹൈക്കോടതി രജിസ്ട്രാറുടെ കത്തിലുള്ള സംസ്ഥാന ആഭ്യന്തര സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, ജസ്റ്റിസ് സിറിയക് ജോസഫിന്റെ അടുത്ത ബന്ധുവാണ്. അഭയാ കേസിലെ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി അധികാരദുര്‍വിനിയോഗം ചെയ്ത് നാര്‍കോ അനാലിസിസ് ടെസ്റ്റിന്റെ സി.ഡി കണ്ട്, പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്ത വിവരം തെളിയിക്കുന്ന രേഖ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ കോപ്പി സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.