കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി. ഓൺലൈൻ മാധ്യമപ്രവർത്തകയാണ് പരാതി നൽകിയത്. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. മരട് പൊലീസിലാണ് പരാതി നൽകിയത്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയിൽ പറയുന്നു. വനിത കമ്മീഷനിലും യുവതി പരാതി നൽകി.

ഇന്നലെ ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശംഭാഷാപ്രയോഗങ്ങൾ നടത്തിയത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവർത്തക ആരോപിച്ചു.

സംഭവത്തിൽ ഇടപ്പെട്ട സിനിമ നിർമ്മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവർത്തക മരട് പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്.

പരാതിയിലെ പ്രസക്തഭാഗങ്ങൾ :

ആദ്യത്തെ ചോദ്യത്തിന് ടിയാൻ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങൾ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തിൽ ഇന്റർവ്യൂവിന് ഇരിക്കാൻ താൽപ്പര്യമില്ലെന്ന് പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവർതകരും തുടർന്നു. അ

ടുത്ത ചോദ്യത്തോടുകൂടെ ടിയാൻ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാൻ സ്ത്രീയാണെന്നും ടി ഇന്റർവ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള ...... ചോദ്യങ്ങൾ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും എന്നെ അപമാനിക്കാനായി ഉപദ്രവിക്കാനും എന്നവണ്ണം ചാടിവരികയും ചെയ്തു.ക്യാമറ ഓൺ ആണെന്നുള്ള ബോധ്യം വന്നതിനാൽ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാൻ ആക്രോശിച്ചു.

അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ .... എന്നും പറഞ്ഞ് ക്യാമറ നിർബന്ധപൂർവ്വം ഓഫ് ചെയ്യിപ്പിക്കുകയായിരുന്നു. ക്യാമറ ഓഫ് ചെയ്തതിനുശേഷം ടിയാൻ യാതൊരു മാന്യതയും കൂടാതെ കേട്ടാൽ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയിൽ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസർ അദ്ദേഹത്തെ മാറ്റിനിർത്തി സർ, ഇതൊരു ഫൺ ഇന്റർവ്യൂ ആണ്.. സഹകരിക്കണം എന്ന് പറഞ്ഞപ്പോൾ നിന്റെ ...... എന്നായിരുന്നു മറുപടി.

ടിയാൻ മനോനില തെറ്റിയതുപോലെ കൂടുതൽ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ടിയാൻ ....... എന്ന് വിളിക്കുകയും ഉണ്ടായി. യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും ....... തുടങ്ങിയ തെറികൾ എന്റേയും എന്റെ സഹപ്രവർത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാൽ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങൾ ഹോട്ടലിൽ നിന്നും തിരികെ പോന്നത്.

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാൽ എന്നേയും എന്റെ മെമ്പേഴ്സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തിൽ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാൻ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാൻ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.