പത്തനംതിട്ട: വർഷങ്ങൾക്ക് മുൻപ് നടന്ന ചാനൽ പരിപാടിയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിൽ പരാതി. പത്തനംതിട്ട ബാറിലെ അഭിഭാഷകൻ എൻ. മഹേഷ്റാമാണ് പരാതിക്കാരൻ.

ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയിൽ നിരവധി ചരടുകൾ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലിൽ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് പരാതിയിൽ പറയുന്നു.

വർഷങ്ങൾക്ക് മുൻപ് നടന്ന പരിപാടിയുടെ ഒരു ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് വൈറൽ ആയത്. അടുത്തകാലത്തു വന്ന പരിപാടിയാണിതെന്ന് കരുതിയാണ് ഇത് പ്രചരിച്ചത്. ഇതോടെ സുരാജിനെതിരേ സൈബർ ആക്രമണം ആരംഭിച്ചു. സംഘപരിവാർ ഗ്രൂപ്പുകൾ നടനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കൊണ്ടാടി. ഇതിനിടെയാണ് പൊലീസിൽ പരാതി ചെന്നിരിക്കുന്നത്.

സുരാജ്, പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാക്കിയാണ് പരാതി. ഹിന്ദുസമൂഹം വളരെ പവിത്രമായി കാണുന്ന ഒന്നാണ് ശബരിമലയും ശരംകുത്തിയാലും. ഇതിനെ മനഃപൂർവം മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഐ്പിസി 295 എ പ്രകാരമുള്ള കുറ്റമാണ് സുരാജിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്.

അവതാരക അശ്വതി ശ്രീകാന്ത് കൈയിൽ ചരട് കെട്ടിയിരിക്കുന്നതിനെ സുരാജ് കളിയാക്കുകയാണ്. ചിലർ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവച്ചിരിക്കുന്നതു പോലെ, ശരംകുത്തിയാലിന്റെ ഫ്രണ്ടിൽ ചെന്ന് നോക്കിയാൽ പല കെട്ടുകളും കാണാം. അതു പോലെ കെട്ടിവച്ചിരിക്കുന്നു. വളരെ മോശമല്ലേ ഇതൊക്കെ എന്ന സുരാജിന്റെ പരാമർശം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതാണ് എന്ന് പരാതിയിലുണ്ട്.

നടൻ ബോധപൂർവം നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്തു മാറ്റാതെ ബോധപൂർവം ചാനൽ വഴി പ്രചരിപ്പിച്ചത് ഐപിസി 295 ന്റെ ലംഘനമാണെന്നും മഹേഷ് പറയുന്നു.