- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുക്കണം; ഗൂഢാലോചന അന്വേഷിക്കണം; സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പിൽ സിപിഎം പരാതി; 'നട്ടെല്ല് ഒന്നല്ല പത്തുണ്ട്, അതാണ് മാനനഷ്ടക്കേസ് കൊടുത്തത്' എന്ന് ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെ പരാതി നൽകിയത് തളിപ്പറമ്പ് ഏരിയാ സെക്രട്ടറി
കണ്ണൂർ: ഇടതു സർക്കാറിനെതിരെ തുടർച്ചയായി ആരോപണങ്ങളുമായി രംഗത്തുവരുന്ന സ്വപ്‌ന സുരേഷിനെതിരെ സിപിഎം നീക്കം. സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പിൽ സിപിഎം പരാതി. ഏരിയാ സെക്രട്ടറി കെ സന്തോഷ് ആണ് തളിപറമ്പ് എസ്എച്ച്ഒക്ക് പരാതി നൽകിയത്. സ്വപ്നയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. ഗോവിന്ദൻ മാസ്റ്ററുടെ മണ്ഡലമായ തളിപ്പറമ്പിൽ നിന്നു തന്നെയാണ് പരാതി എന്നതും ശ്രദ്ധേയമാണ്. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ മാനനഷ്ട കേസ് കൊടുക്കാൻ സിപിഎമ്മിലെ ആരോപിതർ തയ്യാറാകുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പുതിയ കേസ്.
സ്വർണക്കടത്ത് കേസിലെ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. സ്വപ്നയുടെ ആരോപണം വ്യാജമാണെന്നും, പരാമർശം അപകീർത്തി സൃഷ്ടിച്ചുവെന്നും കാണിച്ചായിരുന്നു വക്കീൽ നോട്ടീസ്. തനിക്കെതിരായ ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം സ്വപ്ന സുരേഷ് വെറുതെ തോന്നിയത് പറയുകയാണെന്ന് എം വി ഗോവിന്ദൻ ഇന്ന് വ്യക്തമാക്കിയിരുന്നു. നട്ടെല്ല് ഒന്നല്ല പത്തുണ്ട്, അതാണ് മാനനഷ്ടക്കേസ് കൊടുത്തത്. തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കാനാകില്ല. സ്വപ്ന സുരേഷിന്റെ വിശദീകരണം നിയമപരമായി വരട്ടെയെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കെ സുധാകരന്റെ പ്രസ്താവനയും സ്വപ്നയുടെ വിശദീകരണവും പുറത്തുവന്ന പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദൻ ഈ വിഷയത്തിൽ വീണ്ടും മറുപടി നൽകിയത്.
കോൺഗ്രസിനെയും യുഡിഎഫിനെയും ജനകീയ പ്രതിരോധ ജാഥ അങ്കലാപ്പിലാക്കുന്നുവെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപങ്കാളിത്തം ലഭിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമോ എന്ന പരിഭ്രാന്തിയാണ് യുഡിഎഫിന്. അതാണ് നിയമസഭയിൽ കണ്ടത്. സിപിഐഎമ്മിനെയും എൽഡിഎഫിനെയും പ്രതിപക്ഷത്തിന് നേരിടാൻ കഴിയുന്നില്ലെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് തെറ്റായ പദങ്ങളാണ്. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ഒന്നും സമൂഹം അംഗീകരിക്കില്ല. പദപ്രയോഗങ്ങൾ തിരുത്താൻ തയ്യാറാകണം. പ്രതിപക്ഷം പൊലീസിനെ ഉപദ്രവിക്കുന്നു. കോൺഗ്രസ് വിചാരിച്ചാൽ പൊലീസിനെ ആക്രമിക്കാം എന്നാണ്. ജനാധിപത്യ കേരളത്തിൽ ഇത് സാധ്യമല്ല. വ്യക്തികളെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. വ്യക്തികൾക്കെതിരെ സംസാരിക്കുകയല്ല വേണ്ടത്. രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യേണ്ടതെന്നും സിപിഐഎം സെക്രട്ടറി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ