കോട്ടയം: പാലാ ടൗണിനെ ഗതാഗതകുരുക്കിലാക്കിയ സിനിമ ഷൂട്ടിംഗിന് എതിരെ പരാതി. അക്ഷരാർത്ഥത്തിൽ സിനിമാക്കാർ തങ്ങളെ വെള്ളം കുടിപ്പിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. സബ് ജയിലിനുള്ളിൽ നടന്ന ചിത്രീകരണത്തിൽ ജയിൽ ചട്ടങ്ങൾ ലംഘിച്ചെന്നും ആരോപണം ഉയർന്നു. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന സിനിമയുടെ ഷൂട്ടിംഗിന് എതിരെയാണ് പാലാ നഗരസഭ ചെയർപേഴ്‌സൺ ജോസിൻ ബിനോ മുഖ്യമന്ത്രിക്കും ഡിജിപിക്കും കളക്ടർക്കും പരാതി നൽകിയത്.

പാല് സബ്ജയിലിന് മുന്നിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി തേടി സിനിമാ സംഘത്തിന്റെ അപേക്ഷ മൂന്നുദിവസം മുമ്പാണ് നഗരസഭയ്ക്ക് കിട്ടിയത്. യാതൊരു ഗതാഗതതടസ്സവും ഉണ്ടാക്കാതെ ഷൂട്ട് ചെയ്യുമെന്നും ഉറപ്പ് നൽകിയിരുന്നു. സെപ്ഷ്യൽ കൗൺസിൽ വിളിച്ചുകൂട്ടിയാണ് ഷൂട്ടിങ്ങിന് അനുമതി കൊടുത്തത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, ഗതാഗതതടസ്സം ഉണ്ടാക്കാതെ, ഷൂട്ടിങ് നടത്താനുള്ള അനുവാദമാണ് കൗൺസിൽ നൽകിയത്.

എന്നാൽ, പാലാ ടൗൺ മുഴുവൻ ബ്ലോക്കാക്കുന്ന തരത്തിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. വാഹനങ്ങൾ എല്ലാം ജയിലിന് മുന്നിൽ ഇട്ട് മൊത്തം ഗതാഗത തടസ്സമുണ്ടാക്കി. കാരവാനുകളും ജനറേറ്റർ വാഹനങ്ങളും അടക്കം ഈ ഇടുങ്ങിയ റോഡിലെത്തിച്ച് ഗതാഗതം ബ്ലോക്ക് ചെയ്താണ് ഷൂട്ടിങ് തുടങ്ങിയത്. ബൈപ്പാസിൽ നിന്നും കട്ടക്കയം റോഡിൽ നിന്നും എത്തിയ വാഹനങ്ങൾ കുടുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമായി.

ഇതുകൂടാതെ ജയിൽ ചട്ടത്തിന് വിരുദ്ധമായിട്ടായിരുന്നു ഷൂട്ടിങ്. ജയിൽ ഷൂട്ടിംഗിനായി 48,000 രൂപ ഫീസ് അടച്ചിരുന്നു. ഷൂട്ട് ചെയ്യാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കണമെന്ന് ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ സൂപ്രണ്ടിന്റെ കൈയിൽ നിന്ന് ജയിൽ മുഴുവനായി സിനിമാ പ്രവർത്തകർ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി എന്നാണ് ആരോപണം. അന്യവാഹനങ്ങൾ ജയിൽ വളപ്പിൽ പ്രവേശിക്കരുതെന്ന ചട്ടം ലംഘിച്ചു. ക്രെയിനും ജീപ്പും അടക്കം വളപ്പിനുള്ളിൽ കടത്തുകയും ചെയ്തു. ഷൂട്ടിംഗിന് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണമെന്ന ഉന്നത നിർദ്ദേശത്തിന് മുന്നിൽ ജയിൽ സൂപ്രണ്ട് നിസഹായനായി എന്നാണ് സൂചന.

പാലാ സബ്ജയിലിന്റെ പേര് മീനച്ചിൽ സബ്‌ജെയിൽ പാലാ എന്നാണ്. അത് മാറ്റി മുട്ടം സബ് ജയിൽ എന്നാക്കി ബോർഡ് തൂക്കി. ബോർഡ് മറച്ച് വച്ച് രാത്രി വരെ ഷൂട്ടിങ് തുടർന്നു.

ജയിൽ സന്ദർശന സമയവും ലംഘിച്ചു. സൂര്യനസ്തമിക്കുന്നതിന് മുമ്പ് ജയിലിന് പുറത്തുപോകണമെന്നാണ് ചട്ടമെങ്കിലും, രാത്രി ഏഴര വരെയായിരുന്നു ഷൂട്ടിങ്. ജയിൽ വളപ്പിനുള്ളിലിരുന്നായിരുന്നു സിനിമാ പ്രവർത്തകരുടെ ഭക്ഷണവും. ജയിലിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെയാണിത്. ജയിലിന് തൊട്ടുചേർന്നുള്ള സിവിൽ സ്റ്റേഷന്റെ പ്രവർത്തനത്തെയും ഷൂട്ടിങ് ബാധിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആർഡി ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടി. പാലാ സബ്ജയിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന ആർഡിഒ നിയമലംഘനം ശ്രദ്ധയിൽ പെട്ടതോടെ വിവരം നഗരസഭാ അധികൃതരെ അറിയിക്കുകയായിരുന്നു.

നേരത്തെ ചിത്രീകരണത്തിന് നഗരസഭ അനുവാദം നൽകിയിരുന്നു. എന്നാൽ നഗരസഭ പറഞ്ഞ വ്യവസ്ഥകൾ സിനിമ ചിത്രീകരണസംഘം ലംഘിച്ചെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. സംഭവം ചർച്ചയായതോടെയാണ് നഗരസഭ മുഖ്യമന്ത്രിക്ക് തന്നെ പരാതി നല്കിയത്. ഇന്ന് ചിത്രത്തിന്റെ ബാക്കിഭാഗം ഷൂട്ട് ചെയ്യാനായി സിനിമാ സംഘം എത്തിയെങ്കിലും നഗരസഭ അനുമതി നിഷേധിച്ചതായാണ് വിവരം.