- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സർജറി നടത്താമെന്ന ഡോക്ടർമാരുടെ ഉറപ്പിൽ ഒരു വർഷത്തിലേറെ ആശുപത്രി കയറിയിറങ്ങി; ഒടുവിൽ മറ്റൊരു ആശുപത്രിയിൽ കൊണ്ട്പോകാൻ നിർദ്ദേശം; പറ്റുമെങ്കിൽ നടത്താമെന്ന് കോട്ടയം മെഡിക്കൽ കോളേജും; ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
എറണാകുളം: ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. അയ്യംപ്പിള്ളി സ്വദേശി പ്രാകാശനാണ് മകന് ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സർജറി നടത്താമെന്ന് ഉറപ്പ് നൽകിയ ശേഷം ഡോക്ടർ കൈയ്യൊഴിയുകയായിരുന്നുവെന്നാണ് പ്രകാശൻ പറയുന്നത്. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. എട്ടാം ക്ലാസുകാരനാണ് പ്രകാശന്റെ മകൻ. ജനനേന്ദ്രിയത്തിന് സുഷിരമില്ലാത്ത ഹൈപോസ്പീഡിയാസ് എന്ന രോഗമാണ് കുട്ടിക്ക് ബാധിച്ചിരിക്കുന്നത്.
2022ലാണ് ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്നത്. വിവിധ പരിശോധനകൾക്ക് ശേഷം സർജറി നടത്താമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകി. വീണ്ടും ഒരു വർഷത്തോളം ആശുപത്രിയിൽ കയറി ഇറങ്ങേണ്ടി വന്നു. 2023 ജൂൺ മാസത്തിലാണ് കോട്ടയത്തേക്ക് അയക്കണമെന്ന് ജനറൽ ആശുപത്രി അധികൃതർ അറിയിക്കുന്നത്. തുടർന്ന് മകനുമായി പ്രകാശൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 2024ൽ സർജറി നടത്തേണ്ടവരുടെ എണ്ണം കൂടുതലായിരുന്നതിനാൽ കുട്ടിക്ക് സർജറി നൽകാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പറ്റുമെങ്കിൽ 2025ൽ സർജറി നടത്താമെന്നായിരുന്നു ലഭിച്ച മറുപടി.
എന്നാൽ ഈ വർഷവും ബുക്കിങ്ങുകൾ കൂടുതലായതിനാൽ മകന്റെ സർജറി വൈകുമെന്ന ആശങ്കയിലാണ് പ്രകാശൻ. എന്നാൽ നാളിതുവരെ മകന്റെ സർജറി നടന്നിട്ടില്ലെന്നാണ് പ്രകാശൻ പറയുന്നത്. വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്ന് പ്രശ്‌നം പരിഹരിക്കുന്നതായി പരാതി സംസ്ഥാന ആരോഗ്യ ഡയറക്ടർക്ക്. കൈമാറിയതായ് അറിയിപ്പ് വന്നതായും പരാതിക്കാരൻ പറയുന്നു. എന്നാൽ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. അതേസമയം, വിദഗ്ദ്ധ ചികിത്സയ്ക്കായാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നാണ് എറണാകുളം ജനറൽ ആശുപത്രി അധികൃതരുടെ വിശദീകരണം.