പത്തനംതിട്ട: മദ്രസാ പഠനത്തിന് വന്ന ഏഴു വയസുകാരനെ മർദിച്ചുവെന്ന പരാതിയിൽ അദ്ധ്യാപകനെതിരേ പൊലീസ് കേസെടുത്തു. കുലശേഖരപതി ജമാഅത്ത് മദ്രസയിലെ അദ്ധ്യാപകൻ അയൂബ് മൗലവിക്കെതിരേയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഐപിസി 324 വകുപ്പുകൾ പ്രകാരം കേസ് എടുത്തത്.

മെയ്‌ 23 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ എട്ടിന് കുലശേഖരപതി ജമാഅത്ത് മദ്രസയിൽ വച്ച് കുട്ടി പഠിക്കുന്നില്ലെന്ന് പറഞ്ഞ് പിടലിക്ക് പിടിച്ച് മുൻവശം ഡെസ്‌കിൽ ഇടിപ്പിച്ചുവെന്നാണ് മാതാവിന്റെ മൊഴി. കുട്ടിയുടെ ചുണ്ടിന് പരുക്കേറ്റു. ഇതിന് മുൻപൊരു ദിവസം കുട്ടിയുടെ തോളിൽ പ്രതി വടി കൊണ്ട് അടിച്ചുവെന്നും പറയുന്നു. അന്ന് തന്നെ മാതാവ് വാർഡ് കൗൺസിലറെ വിവരം അറിയിച്ചു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ല. വിവരം ചൈൽഡ് ലൈനിൽ അറിഞ്ഞെങ്കിലും തുടർ നടപടിക്ക് അവരും തയാറായില്ല. കുട്ടിയെയും മാതാവിനെയും കാണാനില്ലെന്നുള്ള തൊടുന്യായമാണ് ഇവർ പറഞ്ഞത്.

ഇതിനിടെ മൗലവിയും അഭിഭാഷകനും ചേർന്ന് കുട്ടിയുടെ വീട്ടിൽ ചെന്ന് മാതാവിനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. ഭയന്നു പോയ ഇവർ സ്വന്തം വീട്ടിലേക്ക് പോയി. വിവരം പൊലീസ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തുവെങ്കിലും ചൈൽഡ്ലൈനിൽ നിന്ന് തുടർ നടപടിയില്ലാത്തതിനാൽ പൊലീസിന് ഇടപെടാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച ആരോഗ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി പോയി. ഇതേ തുടർന്നാണ് ശനിയാഴ്ച തിരക്കിട്ട് കുട്ടിയെയും മാതാവിനെയും കണ്ടെത്തി പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.