- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മണവാട്ടിയോട് റിപ്പോര്‍ട്ടറുടെ റൊമാന്സും അവതാരകരുടെ ദ്വയാര്‍ഥ പ്രയോഗവും; റിപ്പോര്‍ട്ടര്‍ ടിവിയിലെ ആറുപേര്‍ക്ക് എതിരെ പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഹൈക്കോടതി അഭിഭാഷകയുടെ പരാതി; ചാനലിന് എതിരെ പരാതി ബാലാവകാശ കമ്മീഷന്‍ കേസെടുത്തതിന് പിന്നാലെ
റിപ്പോര്‍ട്ടര്‍ ടിവിയിലെ ആറുപേര്‍ക്ക് എതിരെ പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഹൈക്കോടതി അഭിഭാഷകയുടെ പരാതി
കൊച്ചി: സ്‌കൂള്‍ കലോത്സവത്തിനിടെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ അവതാരകര്‍ക്ക് എതിരെ പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.
ഇന്തോ-ഏഷ്യന്‍ ന്യൂസ് ലിമിറ്റഡിലെ എം വി നികേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ലിമിറ്റഡിലെ ആന്റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ അരുണ്‍ കുമാര്‍, റിപ്പോര്‍ട്ടര്‍മാരായ ഷഹബാസ്, റഹീസ് റഷീദ്, എഡിറ്റര്‍ സുജയ്യ പാര്‍വതി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി. ആഭ്യന്തര സെക്രട്ടറിക്കും, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകയായ വി ശ്രീരജയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
പ്രതികള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 13, 14 പ്രകാരം കുറ്റകൃത്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
കലോത്സവത്തിലെ മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം. മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് റിപ്പോട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അകമ്പടിയായി ഉസ്താദ് ഹോട്ടല്‍ സിനിമയിലെ പശ്ചാത്തല സംഗീതവുമായിരുന്നു.
തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചാനലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.
സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് ചാനലിന്റെ അവതാരകന്‍ ഡോ. അരുണ്‍കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സ്റ്റോറിയില്‍ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് ചാനലിലെ റിപ്പോര്‍ട്ടര്‍ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാര്‍ത്ഥ പ്രയോഗം. സ്റ്റോറി സംപ്രേഷണം ചെയതതിന് തൊട്ടു പിന്നാലെ അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറോട് വിദ്യാര്‍ഥിയെ കുറിച്ച് ചോദിക്കുകയും കളിയാക്കുകയും ചെയ്യുന്ന സംഭാഷണങ്ങളും റിപ്പോര്‍ട്ടര്‍ ടിവി സംപ്രേക്ഷണം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ടു തേടി.
കലാമേളകളില്‍ പങ്കെടുക്കാനും വരുന്ന കുഞ്ഞ് കുട്ടികളെ ഉപയോഗിച്ചു മോശമായ വിധത്തില്‍ റൊമാന്‍സ് ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്തത് മോശം പ്രവര്‍ത്തിയാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും വിമര്‍ശനത്തെ ശരിവെച്ചു. പോക്‌സോ എടുക്കേണ്ട തരത്തിലുള്ള സ്റ്റോറിയാണ് ചാനല്‍ ചെയ്തിരിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
പ്രതികള്‍ സംപ്രേഷണം ചെയ്ത വീഡിയോ മൈനര്‍ ആയ കുട്ടികളുടെ ആഭാസവും, അശ്ലീലവുമായ പ്രദര്‍ശനമാണെന്ന് ഡിജിപിക്ക് നല്‍കിയ അഭിഭാഷകയുടെ പരാതിയില്‍ പറയുന്നു. വീഡിയോകളുടെ ചിത്രീകരണവും സംപ്രേഷണവും പ്രതികളുടെ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ടര്‍ ഷഹബാസിന്റെ ആത്മഗതത്തില്‍ നിന്നും അരുണ്‍ കുമാറിന്റെ ദ്വയാര്‍ഥ പ്രയോഗത്തില്‍ നിന്നും അത് വ്യക്തമാണ്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ധാരാളം സ്വപ്‌നങ്ങള്‍ ഉണ്ടാവുമെന്നും അവള്‍ അത് പങ്കുവയ്ക്കാത്തത് വീട്ടുകാരെ ഭയന്നാണെന്നും റിപ്പോര്‍ട്ടര്‍ റഹീസ് അഹമ്മദിന്റെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ കിട്ടിയ പോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും അവളുടെ ആഗ്രഹം സാധിക്കട്ടെ എന്ന ആറാം പ്രതി സുജയ്യ പാര്‍വതി വീഡിയോയുടെ കൂടെ നടത്തിയ സംഭാഷണങ്ങള്‍ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അശ്ലീല കാര്യങ്ങള്‍ക്ക് കുട്ടിയെ ഉപയോഗിക്കുന്ന കുറ്റമാണെന്നും പരാതിയില്‍ പറയുന്നു.
വീഡിയോ സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കിയ നികേഷ് കുമാറിനും ആന്റോ അഗസ്റ്റിനും കൂട്ടുത്തരവാദിത്വം ഉണ്ടെന്നും അഭിഭാഷകയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.