തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ വീഴ്‌ച്ചകൾ സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നിരന്തരം വാർത്തകളിൽ നിറയാറുണ്ട്.സർക്കാർ കാര്യം മുറപോലെയെ പല്ലവി പ്രകാരം മിക്ക കാര്യങ്ങളിലും നടപടി വളരെ വൈകിയുമാണ് ഉണ്ടാകാറ്.അതിനാൽ തന്നെ നടപടിയുടെ കൃത്യമായ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നതും സംശയമാണ്.

ഇപ്പോഴിത അത്തരത്തിൽ സർക്കാർ ആശുപത്രിയിലെ ഒരു വീഴ്‌ച്ചയുടെ കഥയാണ് പുറത്ത്. നെടുമങ്ങാട് ആശുപത്രിയിൽ കിടപ്പുരോഗിയോട് ക്രൂരതയെന്നാണ് പരാതി.അഡ്‌മിറ്റ് ചെയ്ത വാർഡിൽ ഫാനില്ലാതായപ്പോൾ വീട്ടിൽ നിന്നും എത്തിച്ച ഫാനിന് വാടക ഈടാക്കിയെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്.

സംഭവം ഇങ്ങനെ..വീട്ടിൽനിന്ന് എത്തിച്ച ഫാനിന് ദിവസം 50 രൂപ വീതം വാടക ഈടാക്കി. ആശുപത്രിയിലെ ഫാൻ പ്രവർത്തിക്കാത്തതിനാലാണ് വീട്ടിൽനിന്ന് ഫാനെത്തിച്ചത്.ബൈക്ക് അപകടത്തിൽ പരുക്കേറ്റ വെള്ളനാട് പ്രീജാ വിലാസത്തിൽ പ്രദീപ് ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.തുടർ ചികിത്സയ്ക്കായാണ് നെടുമങ്ങാട് ആശുപത്രിയിലെത്തിയത്.

പാലിയേറ്റീവ് വാർഡിൽ ഒഴിവില്ലാത്തതിനാൽ സർജറി വാർഡിലേക്കാണ് പ്രദീപിനെ പ്രവേശിപ്പിച്ചത്. ഇവിടത്തെ ഫാനുകൾ പ്രവർത്തിക്കാത്തതിനെതുടർന്ന് പരാതി പറഞ്ഞപ്പോൾ വീട്ടിൽനിന്നും കൊണ്ടുവരാൻ പറയുകയായിരുന്നു.പ്രത്യേക അനുമതി വാങ്ങി ടേബിൾ ഫാൻ എത്തിച്ചു.

എന്നാൽ ഇവിടെ കൊണ്ടും പ്രശ്‌നം തീർന്നില്ല.ഫാനിന് ഒരു ദിവസം 50 രൂപ വീതം വൈദ്യുത ചാർജായി ഹോസ്പിറ്റൽ ഡവലപ്‌മെന്റ് കമ്മിറ്റി ഈടാക്കുകയായിരുന്നു.ആശുപത്രിയിലെ ചൂട് അസഹനീയമാണ്. 12 ഫാനിൽ 8 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കടുത്ത ചൂട് കാരണം കേട് പാടു സംഭവിച്ചവ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ നിന്ന് ഫാൻ കൊണ്ട് വരാൻ അശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി പ്രദീപ് പറഞ്ഞു.

തുടർന്ന് വീട്ടിൽ നിന്ന് ഫാൻ കൊണ്ടു വന്നപ്പോൾ ദിവസേന 50 രൂപ വച്ച് ആശുപത്രിയിൽ അടയ്ക്കാൻ അധികൃതർ അറിയിച്ചു. തുടർന്ന് 2 ദിവസത്തെ തുക കറണ്ട് ചാർജ്ജ് ഇടാക്കി ബില്ലും നൽകി.എന്നാൽ ഇതുസംബന്ധിച്ച് അറിവില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.സാധാരണ പുറത്ത് നിന്ന് കൊണ്ട് വരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കന്നതിന് ഹോസ്പിറ്റൽ ഡവലപ്പ്‌മെന്റ് കമ്മറ്റി ചാർജ് ഈടാക്കാറുണ്ട് എന്നും ആശുപത്രി സൂപ്രണ്ട് നിതാ എസ് നായർ പറഞ്ഞു.

കഴിഞ്ഞ 9 മാസമായി റോഡ് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു പ്രദീപ്. ബൈക്ക് അപകടത്തിൽ തുടർന്ന് നട്ടെല്ലിന് പൊട്ടലുണ്ട്. മെഡിക്കൽ കോളേജിൽ തുടർ ചികിത്സയ്ക്ക് ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.