കൊച്ചി: എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) വകുപ്പ് ഡയറക്ടര്‍ ജീവനക്കാരെ പരസ്യമായി അവഹേളിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്ന് പരാതി. വകുപ്പിനുകീഴില്‍ എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്ന 39 ജീവനക്കാരാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഡയറക്ടര്‍ ബി. ശ്രീകുമാര്‍ വകുപ്പുതല യോഗങ്ങളില്‍ സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് നേരെ സഭ്യേതര പദപ്രയോഗം നടത്തുകയും അനാവശ്യമായി ജീവനക്കാരുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. ബി. ശ്രീകുമാറിനെതിരെ തൊഴില്‍ സ്ഥലത്തെ പീഡനത്തിന് വനിതകള്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ സര്‍ക്കാരിനും, വകുപ്പിനും മുന്‍പും നല്‍കിയിട്ടുണ്ട്.

എ. ഡി. എം. നവീന്‍ ബാബുവിന്റെ ആത്മഹത്യക്കു ഇടയാക്കിയ സംഭവത്തിന്റെ അലയൊലി അടങ്ങും മുമ്പാണ് എറണാകുളത്ത് സമാനമായ ആരോപണം മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടര്‍ ബി.ശ്രീകുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അതേ വകുപ്പില്‍ എറണാകുളം ജില്ലയിലെ ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെ 39 ഉദ്യോഗസ്ഥര്‍ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ മൂന്നിന് എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പതിവ് അവലോകന യോഗത്തിലാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. മുന്നറിയിപ്പില്ലാതെയാണ് ഡയറക്ടര്‍ യോഗത്തിന് എത്തിയത്. യോഗത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധമില്ലാത്ത സംഭവങ്ങളും വിവാദ പരാമര്‍ശങ്ങളും നടത്തുകയായിരുന്നു. നരസിംഹറാവു ആണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി എന്നും ക്രിസ്തുമത വിശ്വാസികള്‍ കുമ്പസാരത്തില്‍ എല്ലാം ഏറ്റുപറഞ്ഞശേഷം തെറ്റുകള്‍ ആവര്‍ത്തിക്കുന്നവരാണെന്നും അവരുടെ കുടുംബത്തില്‍ അപ്പന്‍, അമ്മ, മക്കള്‍, എല്ലാവരും ഒരുമിച്ചു മദ്യപിക്കുന്നവരാണന്നും മുസ്‌ലിംകള്‍ സമാധാന പ്രേമികളാണെന്ന് പറയുമെങ്കിലും അക്രമകാരികളും തീവ്രവാദികളുമാണെന്നും ഡയറക്ടര്‍ ആക്ഷേപിച്ചതായി പരാതിയില്‍ പറയുന്നു.

വകുപ്പിന്റെ വാര്‍ഷിക സര്‍വേയിലെ മികവിന് ഡെപ്യൂട്ടി ഡയറക്ടറെയും റിസര്‍ച്ച് ഓഫിസറെയും ഫീല്‍ഡ് ജീവനക്കാരെയും അഭിനന്ദിച്ച് ജില്ല കലക്ടര്‍ നല്‍കിയ കത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്ന് ഡയറക്ടര്‍ പരിഹസിച്ചതായും പറയുന്നു. ഒക്‌ടോബര്‍ ഏഴിന് ഡയറക്ടര്‍ വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലും ഡെപ്യൂട്ടി ഡയറക്ടറെ ഏറെനേരം അധിക്ഷേപിച്ചതായും തനിക്കെതിരായ ഊമക്കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്ന കത്തില്‍ ഡെപ്യൂട്ടി ഡയറക്ടറെക്കൊണ്ട് സമ്മര്‍ദത്തിലൂടെ ഒപ്പിടുവിക്കുകയും ചെയ്തത്രെ. കൂടാതെ ഇതേ യോഗത്തില്‍ ഈ വകുപ്പ് ഡയറക്ടര്‍ വനിതാ ഓഫീസറെ 'മറുത' എന്നാണ് പരിഹസിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഈ സംഭവങ്ങള്‍ക്കുശേഷം വകുപ്പിലെ സ്ത്രീ ജീവനക്കാരടക്കം കടുത്ത മാനസിക സമ്മര്‍ദത്തിലും ആശങ്കയിലുമാണെന്നും പരാതിയിലുണ്ട്. 39 ജീവനക്കാര്‍ ഒപ്പിട്ട പരാതി സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) വഴിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. മനുഷ്യാവകാശ കമീഷന്‍, പ്ലാനിങ് സെക്രട്ടറി, പൊലീസ് എന്നിവര്‍ക്കും പരാതി നല്‍കുന്നുണ്ട്. വ്യവസായിക വാര്‍ഷിക സര്‍വ്വേ സമയ ബന്ധിതമായും, സ്തുത്യര്‍ഹവുമായും, ജില്ലയില്‍ പൂര്‍ത്തീകരിക്കുന്നതിനു നേതൃത്വം നല്‍കിയ വനിതാ ഓഫീസറേ 'മറുത' എന്നു അവഹേളിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി.

മലയാള ഭാഷാ ദിനവുമായി ബന്ധപ്പെട്ടു ഓണ്‍ ലൈന്‍ യോഗത്തില്‍ അജണ്ടയില്‍ നിന്നു വ്യതിചലിച്ചു എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുകയും, ഡിപ്പാര്‍ട്ടുമെന്റ് വിജിലന്‍സിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്താനും ശ്രമിച്ച ഡയറക്ടര്‍, ഒക്ടോ. 29 നു ഡയറക്ടറേറ്റില്‍ വച്ചു നടന്ന കാര്‍ഷിക സര്‍വ്വേയുടെ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഡപ്യൂട്ടി ഡയറക്ടറേ തന്റെ ക്യാബിനിലേക്കു വിളിച്ചു വരുത്തി ഒന്നര മണിക്കൂറോളം മാനസികമായി പീഢിപ്പിക്കുകയും കായികമായ കയ്യേറ്റത്തിനു ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പു ഡയറക്ടര്‍ ബി. ശ്രീകുമാറിനെതിരെ തൊഴില്‍ സ്ഥലത്തെ പീഢനത്തിനും, വനിതകള്‍ ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ സര്‍ക്കാരിനും, വകുപ്പിനും ലഭിച്ചിട്ടുണ്ട്. 2015 ല്‍ ഒരു വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുകയും, മാനസീകമായി പീഢിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നു 12 -06-2015 ല്‍ അന്നത്തെ സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി രേഖാമൂലം താക്കീതു നല്‍കിയിട്ടുണ്ട്.

ശശീന്ദ്രന്‍ എന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ ബി. ശ്രീകുമാര്‍ നല്‍കിയ കള്ള സത്യവാങ്ങ്മൂലത്തിനെതിരെ 21-02-24ല്‍ സത്യസന്ധവും, വസ്തുനിഷുവുമായ മറുപടി ആവശ്യപ്പെട്ട് അന്നത്തെ അണ്ടര്‍ സെക്രട്ടറി ഇദ്ദേഹത്തിനെതിരെ നമ്പര്‍ പി. എല്‍.ജി.ഇ.എ - ബി3/152/2023 പി.എല്‍.ജി. ഇ. എ തിയതി 21-02-24 പ്രകാരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വകുപ്പില്‍ അതിന്റെ വകുപ്പധ്യക്ഷന്‍ പച്ചയായ വര്‍ഗ്ഗീയത പറഞ്ഞിട്ടും വനിതാ അധിക്ഷേപം നടത്തിയിട്ടും ഒന്നരമാസമായിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ഇപ്പോഴും ഡയറക്ടര്‍ ഒരു പ്രശ്‌നവുമില്ലാതെ അതേ സീറ്റില്‍ തുടരുന്നു. ഇതു സംബന്ധിച്ച് ആ യോഗത്തില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഒപ്പുവെച്ച പരാതി എല്ലാ സര്‍വ്വീസ് സംഘടനകള്‍ക്കും നല്‍കിയിട്ടുണ്ട്. ഈ പരാതി ലഭിച്ച എസ്. ഇ യു,കേരള എന്‍ ജി ഒ അസോസിയേഷന്‍, കെ ജി ഒ യു,തുടങ്ങിയ സംഘടനകള്‍ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

അതേ സമയം ജീവനക്കാരുടെ പ്രവര്‍ത്തനമികവ് മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തിയുള്ള ഏതാനും ചിലര്‍ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് പരാതിയെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍ പ്രതികരിച്ചത്. ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ വ്യാജ പരാതിയിലൂടെ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയുമാണ്.

തന്റെ അനുമതിയില്ലാതെ വകുപ്പിന്റെ ചട്ടക്കൂടിന് പുറത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തുന്ന പരിപാടികളെ ഡയറക്ടര്‍ എന്ന നിലയില്‍ നിയന്ത്രിച്ചിട്ടുണ്ട്. വകുപ്പിനുള്ളിലെ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കാനാണ് ശ്രമം. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കവെ നരസിംഹറാവുവിനെക്കുറിച്ച് സാന്ദര്‍ഭികമായി പരാമര്‍ശിച്ചതാണ്.

എല്ലാവരോടും സഹവര്‍ത്തിത്വത്തോടെ പെരുമാറുകയും എല്ലാ മതവിഭാഗങ്ങളെയും ആദരിക്കുകയും ചെയ്യുന്നയാളാണ് താന്‍. ഇത്തരം നീക്കങ്ങള്‍ വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കാനേ സഹായിക്കൂ എന്നും ഡയറക്ടര്‍ പ്രതികരിച്ചു.