പാലക്കാട്: ഹർത്താൽ നഷ്ടം ഈടാക്കാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്ത് കണ്ടെുകെട്ടൽ നടപടി തുടരുന്നതിനിടെ കഴിഞ്ഞ ഏപ്രിലിൽ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് എലപ്പുള്ളിയിലെ സുബൈറിന്റെ പേരിലും ജപ്തി നോട്ടീസ്. അഞ്ച് മാസങ്ങൾക്ക് ശേഷം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ നഷ്ടം നികത്തണമെന്നാണ് റവന്യൂ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഹർത്താലിനെ തുടർന്നുണ്ടായ 5.2 കോടി രൂപയുടെ ബാധ്യത തീർക്കാൻ സുബൈറിന്റെ പേരിലുള്ള 5 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനാണ് നോട്ടിസ് പതിപ്പിച്ചത്.

നേതാക്കളുടെ കൂട്ട അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആചരിച്ചത് സെപ്റ്റംബർ 23നാണ്. ഈ ഹർത്താലിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ചതിന് ഭാരവാഹികളിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. തുടർന്നാണ് ഹർത്താലിന് അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട സുബൈറും നഷ്ടം നികത്താൻ ബാധ്യസ്ഥനെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ രോഗാവസ്ഥയിൽ റോഡിലേക്കിറങ്ങേണ്ടി വരുമെന്ന് സുബൈറിന്റെ കുടുംബം പറയുന്നു. 2022 ഏപ്രിൽ പതിനഞ്ചിനാണ് കാറിലെത്തിയ സംഘം വീടിന് സമീപത്തായി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സുബൈറിന്റെ മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവർ അവകാശികളായ ഭൂമിയാണ് നഷ്ടം നികത്താൻ വിട്ടു നൽകേണ്ടത്. വാർധക്യകാല പെൻഷനെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിയേണ്ട സാഹചര്യത്തിൽ ബാധ്യത തീർക്കാൻ മാർഗമില്ലെന്ന് മാതാവ് പറഞ്ഞു.

ആഭ്യന്തര വകുപ്പ് നൽകിയ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ പട്ടിക പ്രകാരമാണ് നടപടിയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. യാഥാർഥ്യം കോടതിയെ ബോധ്യപ്പെടുത്തി നിയമപരമായി നേരിടുന്നതിനാണ് സുബൈറിന്റെ കുടുംബത്തിന്റെ തീരുമാനം.

2022 ഏപ്രിൽ 15നാണ് സുബൈർ കൊല്ലപ്പെടുന്നത്. 2022 സെപ്റ്റംബർ 23നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ. പി.എഫ്.ഐ. ഹർത്താലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജപ്തി നടപടികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സുബൈറിന്റെ പേരിലും നോട്ടീസ് ലഭിച്ചിരിക്കുന്നത്.

നേരത്തെ, നടപടിയുടെ ആദ്യഘട്ടത്തിൽ കോട്ടയ്ക്കലിൽ നിന്നും ഇത്തരത്തിലുള്ള പരാതി ഉയർന്നിരുന്നു. ജപ്തി നടപടികൾ എടുക്കേണ്ടവരുടെ ലിസ്റ്റിൽ പതിനഞ്ച് വർഷം മുൻപ് മരിച്ചയാളെയായിരുന്നു കോട്ടക്കലിൽ ഉൾപ്പെടുത്തിയിരുന്നത്. മരിച്ച അലവി പള്ളിയാലിയുടെ പേരാണ് ലിസ്റ്റിൽ ഉള്ളത്. എന്നാൽ ഇക്കാര്യത്തിൽ, ലിസ്റ്റിൽ പിശക് സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നായിരുന്നു കോട്ടയ്ക്കൽ വില്ലേജ് ഓഫീസർ സുരേഷ് ബാബു വ്യക്തമാക്കിയത്.

അതേസമയം എടരിക്കോട് ലീഗ് പ്രാദേശിക നേതാവും എടരിക്കോട് പഞ്ചായത്ത് അംഗവുമായ സി.ടി. അഷറഫിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. എന്നാൽ ആളുമാറി നടപടിയെടുത്തതാണെന്നും ഇതിനെതിരെ കളക്ടർ വി.ആർ. പ്രേംകുമാറിനും ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനും പരാതി നൽകുമെന്നും അഷറഫ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധം ഉയരുകയാണ്.

അതിനിടെ സ്വത്ത് കണ്ടുകെട്ടൽ നടപടിക്ക് പോയ സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യവുമായി ഐഎൻഎൽ രംഗത്ത് വന്നു. ഇടത് സർക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയർത്തിവിടാൻ യുഡിഎഫിന്റെയും ബിജെപിയുടെയും ചട്ടുകമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും ഐഎൻഎൽ വഹാബ് വിഭാഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കോടതി ഉത്തരവിന്റെ മറവിൽ നിരപരാധികളും നേരത്തെ മരിച്ചു പോയവരും ഉൾപ്പടെയുള്ളവർക്കെതിരെ എടുത്ത അന്യായമായ നടപടികൾ പുനഃപരിശോധിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞത്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ കോടതിയുടെ ഇടപെടൽ അഭിനന്ദനർഹമാണ്. എന്നാൽ പ്രതികൾക്കോ നടപടിക്ക് വിധേയമാകുന്നവർക്കോ നോട്ടീസ് പോലും നൽകേണ്ടതില്ലെന്ന കോടതി നിലപാട് നീതി രഹിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.