- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്രൈസ്തവ മതത്തിലേക്ക് മാറാൻ ഭാര്യ നിർബന്ധിക്കുന്നു; മതം മാറാത്ത തനിക്കൊപ്പം ജീവിക്കാൻ ഭാര്യ വിസമ്മതിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്; ഹിന്ദുസമുദായമായ ശിക്കലിഗാരയിൽ നിന്ന് ക്രൈസ്തവ മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനമെന്ന് പരാതി; കർണാടകയിൽ വീണ്ടും വിവാദം
മംഗളൂർ: കർണാടകയിലെ ഹുബ്ബള്ളി നഗരത്തിൽ നിർബന്ധിത മതപരിവർത്തന ശ്രമവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. ദമ്പതികൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് മതപരിവർത്തനവുമായി ബന്ധപ്പെട്ട വിവരം പുറത്തറിഞ്ഞത്.
ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ ഭാര്യ നിർബന്ധിക്കുന്നുവെന്നും, മതം മാറാത്തതിനെ തുടർന്ന് ഒപ്പം ജീവിക്കാൻ വിസമ്മതിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ് രംഗത്ത് വന്നതോടെയാണ് സംഭവം പുറത്തായത്. ഭാര്യയിൽ നിന്ന് കൂടുതൽ സമ്മർദ്ദം ഉണ്ടായതോടെയാണ് വിഷയം സമുദായ നേതാക്കളുടെ ശ്രദ്ധയിലേക്ക് ഭർത്താവ് എത്തിക്കുന്നത്.
തുടർന്ന് മതപരിവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ശിക്കലിഗാര സമുദായാംഗങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ക്രിസ്ത്യൻ മിഷനറിമാർ ഹിന്ദു മതത്തിലെ ശിക്കലിഗാര സമുദായത്തെ ലക്ഷ്യമിട്ട് മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നതായി സാമുദായ നേതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സമുദായത്തിലെ നിരവധിപേർ ഇത്തരം മതപരിവർത്തനത്തിന് ഇരയായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ ആളുകളെ സമ്മർദ്ദത്തിലാക്കാൻ മിഷനറിമാർ പ്രാദേശിക നേതാവായ മദൻ ബുഗുഡിയുടെ സഹായം സ്വീകരിച്ചതായും ആക്ഷേപമുണ്ട്. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് മദൻ ബുഗുഡിക്കും മറ്റ് 14 പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
നിർബന്ധിത മതപരിവർത്തനം ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് കർണാടകയിലെ സംഭവം. നിർബന്ധിത മതപരിവർത്തനം നിർത്തലാക്കിയില്ലെങ്കിൽ വളരെ പ്രയാസമേറിയ സാഹചര്യം ഉടലെടുക്കും. ഇതിനെതിരെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ആത്മാർഥമായ പരിശ്രമമുണ്ടാകണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചു. എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എം.ആർ.ഷാ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.
നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി വിലയിരുത്തി. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താനുള്ള അവകാശം ആർക്കും നൽകുന്നില്ലെന്നും കോടതി പറഞ്ഞു. മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമം ഉണ്ടെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിക്കുകയുണ്ടായി.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്