- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കൊലപാതകി ചത്തു'; കോടിയേരിയുടെ ചിത്രത്തിനൊപ്പം അധിക്ഷേപിക്കുന്ന വാട്സ്ആപ്പ് സന്ദേശം; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നൽകി സിപിഎം; വ്യാപക പ്രതിഷേധം; സിപിഎമ്മിലെ സൗമ്യമുഖം മായുമ്പോഴും സൈബർ പോരിന് ശമനമില്ല
കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺ മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി. പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നൽകിയത്.
'ഒരു കൊലപാതകി ചത്തു' എന്നായിരുന്നു ഉറൂബിന്റെ സന്ദേശം. കോടിയേരിയുടെ ചിത്രത്തിനൊപ്പം ഇത് പങ്കുവെയക്കുകയായിരുന്നു. കോടിയേരിയുടെ മരണത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കൾ പങ്കുവെച്ച പ്രസ്താവനകൾ അദ്ദേഹം മികച്ച ആഭ്യന്തര മന്ത്രിയാണെന്ന് പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഇത്തരത്തിലുള്ള പ്രസ്താവന പുറത്തുവന്നത്. ഇത് സിപിഎം നേതാക്കൾക്ക് തന്നെ നാണക്കേടായ അവസരത്തിലാണ് പോസ്റ്റിട്ട ഉറൂബിനെതിരെ പരാതി നൽകിയത്. മുൻ കെ പി സി സി പ്രസിഡന്റും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ ആണ് കോടിയേരിയുടെ മരണത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്.
സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാൻ മുൻകൈകയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും സ്മരിക്കുമ്പോഴാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അധിക്ഷേപിച്ച് പോസ്റ്റിടുന്നത്. വിവാദങ്ങളിൽ എന്നും അകപ്പെടുന്ന ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോയതായിരുന്നു മന്ത്രിസ്ഥാനത്ത് കോടിയേരിയുടെ വിജയം.
തുരുമ്പെടുത്ത നീല ജീപ്പ് ഇന്ന് കേരളത്തിൽ ഒരിടത്തും പൊലീസിന്റെ ഔദ്യോഗിക വാഹനമല്ല. വെള്ള ബൊലേറോയുടെ കുതിച്ചുവരവ് കോടിയേരിയുടെ ആഭ്യന്തരകാലത്തിന്റെ അടയാളമാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള കാക്കിയുടെ അകലം കുറയ്ക്കാൻ കോടിയേരി തുടങ്ങിയതാണ് ജനമൈത്രി പൊലീസ്. സേനയുടെ പ്രവർത്തനങ്ങൾക്ക് സാധാരണക്കാരുടെ കൂടി സഹായം ലഭ്യമാക്കലായിരുന്നു ലക്ഷ്യം. ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പൊലീസിന്റെ നടപടികളിലും കോടിയേരിയുടെ അധികാര കാലം മാറ്റം വരുത്തിയിട്ടുണ്ട്.
വിദ്യാർത്ഥി മാർച്ചുകൾക്ക് നേരെ, നേരിട്ടുള്ള ലാത്തിച്ചാർജ്ജിന് പകരം ജലപീരങ്കി വന്നിട്ട് ഒന്നരപതിറ്റാണ്ടാകുന്നു. നാലരപതിറ്റാണ്ട് മുൻപ് ലാത്തിയടിയേറ്റ വിദ്യാർത്ഥി രാഷ്ട്രീയക്കാരനിലെ വേദനയുണ്ടായിരുന്നു കോടിയേരിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് നിസംശയം പറയാം. പരിശോധനകളുടെ പലവഴിക്കായി ഹൈവേ പൊലീസ് പട്രോളിങ് തുടങ്ങിയതും കോടിയേരി ബാലകൃഷ്ണനെന്ന ഭരണാധികാരിയാണ്.
സംസ്ഥാനത്ത് പൊലീസിലേക്ക് ഏറ്റവും കൂടുതൽ പേരെ പിഎസ്സി വഴി നിയമിച്ചതും അദ്ദേഹം ആഭ്യന്തര മന്ത്രിയായ കാലത്താണ്. ഒരു തമാശയ്ക്ക് വേണമെങ്കിൽ കോടിയേരിയുടെ പൊലീസിന് ഒരു എല്ല് കൂടുതലായിരുന്നു എന്ന് പോലും പറയാം. രാഷ്ട്രീയ ലാത്തിയേന്തിയതിന്റെ പേരിൽ കരുണാകരന്റെ പൊലീസെന്നും പിണറായിയുടെ പൊലീസെന്നും കേരളം കേട്ടിട്ടുണ്ടെങ്കിലും, കോടിയേരിയുടെ പൊലീസെന്ന് കേൾപ്പിച്ചതേയില്ല.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. അർബുദ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരിക്കുമ്പോൾ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ സിപിഐ എം സംസ്ഥാന സെക്രട്ടറിയും അഞ്ച് തവണ എം എൽ എയുമായി. കോടിയേരിയുടെ മൃതദേഹം നാളെ പയ്യാമ്പലത്ത് വച്ചാണ് സംസ്കരിക്കുക.
മറുനാടന് മലയാളി ബ്യൂറോ