- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്ന് അന്വേഷണ കമ്മീഷൻ
കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ ചില കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് വിവാദമായിരുന്നു. ഇത് മാപ്പർഹിക്കാത്ത കുറ്റമെന്നാണ് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ. കേസിലെ 13-ാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങിലാണ് നേതാക്കൾ പങ്കെടുത്തത് ഗുരുതര വീഴ്ചയെന്ന് കമ്മീഷൻ കണ്ടെത്തി.
റിപ്പോർട്ട് ഉടൻ തന്നെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് കൈമാറും. ഈ മാസം ഏഴിന് കോൺഗ്രസ് നേതാവ് പ്രമോദ് പെരിയയും ചില നേതാക്കളും ചടങ്ങിൽ പങ്കെടുത്തത് വാർത്തയായിരുന്നു. ഇതിനെ തുടർന്ന് പ്രമോദ് പെരിയയെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
പെരിയയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ സൽക്കാര ചടങ്ങ് നടന്നത്. വിവാഹത്തിന് ക്ഷണിച്ചതുകൊണ്ടാണ് പങ്കെടുത്തത്. താൻ മാത്രമല്ല മറ്റ് ചില കോൺഗ്രസ് പ്രവർത്തകരും ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതൊരു പൊതു ചടങ്ങാണെന്നും സൗഹൃദത്തിന്റെ പേരിലാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും വിവാദമാക്കേണ്ട വിഷയമല്ലെന്നുമായിരുന്നു പ്രമോദിന്റെ പ്രതികരണം.
ഇതിനെ തുടർന്ന് പാർട്ടിയിൽ തന്നെ പലവിധത്തിലുള്ള വിമർശനവും ഉയർന്നിരുന്നു. ഇതോടെയാണ് സുധാകരൻ രണ്ടംഗ കമ്മീഷനെ വിഷയം പഠിക്കാൻ ചുമതലപ്പെടുത്തിയത്. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്‌മണ്യൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
കോൺഗ്രസ് പാർട്ടിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കളെ നേരിട്ട് കാണുമെന്നും അന്വേഷണ സമിതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി രാജ്‌മോഹൻ ഉണ്ണിത്താനുമായും ഡിസിസി പ്രസിഡന്റുമായും സമിതി വിശദമായ ചർച്ച നടത്തി.