പത്തനംതിട്ട: സീതത്തോട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിന്റെ മറവിൽ കെ.യു. ജനീഷ് കുമാർ എംഎ‍ൽഎയും കൂട്ടരും ചേർന്ന് വൻ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത്. മറ്റ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭൂമിയുടെ സർവേ നമ്പരുകൾ ഉപയോഗിച്ച് വ്യാജ പെർമിറ്റ് നിർമ്മിച്ച് നടത്തുന്ന തട്ടിപ്പിനുള്ള തെളിവുകൾ സഹിതം കോൺഗ്രസ് സീതത്തോട് മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായർ വിജിലൻസിന് പരാതി നൽകി.

സീതത്തോട് ഗ്രാമപഞ്ചായത്ത് മാർക്കറ്റിനുള്ളിലാണ് പുതുതായി ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കുന്നത്. പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 8.79 കോടി ചെലവഴിച്ച് വ്യാപാര സമുച്ചയം പണിയാനാണ് കേരള ഭവന നിർമ്മാണ ബോർഡ് കഴിഞ്ഞ ജൂണിൽ ഡിപിആർ തയാറാക്കിയത്. ഭവന നിർമ്മാണ ബോർഡിന് കരാർ നൽകാൻ നിർദ്ദേശിച്ചത് ജനീഷ്‌കുമാർ എംഎ‍ൽഎയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ താൽപര്യ പ്രകാരം പദ്ധതിയിൽ മാറ്റം വരുത്തി. യഥാക്രമം 141, 241 പേരെ ഉൾക്കൊള്ളാവുന്ന രണ്ടു തീയറ്ററുകൾ കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലായി ക്രമീകരിച്ചു. ഇതോടെ പദ്ധതി തുക 16.93 കോടിയായി ഉയർന്നു.

ഡിപിആർ അംഗീകരിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചപ്പോൾ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശം തെളിയിക്കുന്ന കൈവശരേഖ പഞ്ചായത്തിന് ഉണ്ടായിരുന്നില്ല. ഇതിനെതിരെ വിവരാവകാശവും പരാതിയും ഉയർന്നപ്പോൾ എംഎൽഎ താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി കൈവശരേഖ തരപ്പെടുത്തിയെന്ന് രതീഷ് പറയുന്നു.
അഞ്ചുനിലകളായി 30000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്തിന്റെയോ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസിന്റെയോ മറ്റ് ഏജൻസികളുടെയോ അംഗീകാരം ഭവന നിർമ്മാണ ബോർഡിനു നൽകിയിട്ടില്ല.

പിഡബ്ല്യുഡി-പഞ്ചായത്ത് റോഡുകളിൽ നിന്നും കൃത്യമായ അകലം പാലിക്കാതെയും മറ്റു കെട്ടിട നിർമ്മാണചട്ടങ്ങൾ പാലിക്കാതെയുമാണ് നിർമ്മാണം നടത്താൻ പോകുന്നതെന്നാണ് ഭവന നിർമ്മാണ ബോർഡിൽ നിന്നും ലഭിച്ച വിവരാവകാശ രേഖകൾ തെളിയിക്കുന്നത്. കെട്ടിട നിർമ്മാണ ചട്ടം പരിപാലിക്കേണ്ടവർ തന്നെ ലംഘനം നടത്തുന്ന പദ്ധതിയായി ഇത് മാറുകയാണ്. ഇതു സംബന്ധിച്ച പരാതി ചീഫ് ടൗൺപ്ലാനർ (വിജിലൻസ്) ക്ക് നൽകിയിട്ടുണ്ട്.

സംസ്ഥാന ഭവന നിർമ്മാണ ബോർഡിനെ മറയാക്കി അഴിമതി നടത്താനുള്ള എംഎൽഎയുടെയും കൂട്ടാളികളുടെ ശ്രമം തകർക്കുക തന്നെ ചെയ്യുമെന്ന് രതീഷ് പറഞ്ഞു. പദ്ധതി തുക വർധിപ്പിക്കുവാനായി രണ്ടു തീയറ്റർ ഉൾപ്പെടുത്തിയപ്പോൾ അതിന്റെ ഉൾവശക്രമീകരണത്തിനായി മാത്രം 5.50കോടി രൂപ തിരുവനന്തപുരം ആസ്ഥാനമായ ഒരു കമ്പനിയുടെ ക്വട്ടേഷൻ പ്രകാരം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതായി ഡിപിആറിൽ പറയുന്നു. ഇത്തരത്തിൽ നിരവധി പൊരുത്തക്കേടുകൾ ഇതിൽ കാണാൻ കഴിയും.

വിവരാവകാശ അപേക്ഷകൾ നൽകിയതിനുശേഷമാണ് രേഖകൾ ഇല്ലാത്ത ഭൂമിയുടെ പേരിൽ വ്യാജ സർവേ നമ്പറിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഉണ്ടാക്കിയത് അഴിമതി പുറത്ത് അറിയാതിരിക്കുവാനുള്ള വ്യഗ്രതയിലാണ്. പഞ്ചായത്ത് ഓഫീസിൽ പെർമിറ്റ് സംബന്ധമായ ഒരു രേഖയും ഇല്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചപ്പോൾ ഭവന നിർമ്മാണ ബോർഡിൽ നിന്നും ലഭിച്ച കെട്ടിട നിർമ്മാണ പെർമിറ്റിലും പ്ലാനുകളിലും കാണിച്ചിരിക്കുന്ന എസ്3-1258 /22എന്ന പെർമിറ്റ് നമ്പർ വ്യാജമാണ്.

അപേക്ഷ സ്വീകരിച്ചതായി പറഞ്ഞിരിക്കുന്ന 08/01/2022 രണ്ടാം ശനിയാഴ്ചയും. അപേക്ഷാ നമ്പറും വ്യാജവുമാണ്. ഇതിൽ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന്റേതായി പറയുന്ന 260/1എന്ന സർവേ നമ്പർ നിലവിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്ന ഭൂമിയുടേതും 1091/2 ആങ്ങമുഴി ഗവ.ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലത്തിന്റെതും, 246/6 എന്നത് വില്ലേജ് രേഖകളിൽ ഇല്ലാത്തതുമാണ്. പെർമിറ്റിൽ ഒപ്പിട്ടിരിക്കുന്ന സെക്രട്ടറി അന്നേദിവസം(25/05/2022) അവധി ആണെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ഭവന നിർമ്മാണ ബോർഡ് 08/08/22ൽ ഡിപിആർ സമർപ്പിച്ച് പഞ്ചായത്ത് ഭരണസമിതി 06/09/22ൽ ഭരണാനുമതി നൽകിയ പദ്ധതിക്ക് മൂന്നര മാസം മുൻപ്തന്നെ 25/05/22 ൽ സെക്രട്ടറി കെട്ടിട നിർമ്മാണ അനുമതി നൽകിയതായാണ് പെർമിറ്റിൽ കാണുന്നത്.

എന്തിനുവേണ്ടി ആരുടെ നിർദ്ദേശപ്രകാരം വ്യാജ പെർമിറ്റ് നിർമ്മിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് എൻജിനീയർ ഭവന നിർമ്മാണ ബോർഡ് തിരുവല്ല ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ പ്രതികളാക്കി സംസ്ഥാന വിജിലൻസ് മേധാവിക്ക് തെളിവുകൾ ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.വിദൂര ഭാവിയിൽ പോലും ഒരുതരത്തിലും ലാഭമുണ്ടാകാനുതകാത്ത പദ്ധതി ഗ്രാമപഞ്ചായത്തിന് വളരെയേറെ നഷ്ടം ഉണ്ടാക്കുന്ന ഒരു വെള്ളാനയായിത്തീരുമെന്ന് രതീഷ് പറയുന്നു.

റോഡ് നിരപ്പിൽ നിന്നും 6 അടി ഉയർന്ന് രണ്ടു നിലകളിലായി ചെറുതും വലുതുമായ 28 മുറികൾ മാത്രമാണ് ഈ വാണിജ്യസമുച്ചയത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കായി ഉള്ളത്. പകുതിയിലേറെയും 100 സ്‌ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണ്ണം ഉള്ളവ. ഏകദേശം മൊത്തം വിസ്തീർണത്തിന്റെ 20%. ഒരു വർഷം മുൻപ് പൊളിച്ചു നീക്കിയ കെട്ടിടത്തിൽ നിന്നും ലഭിച്ചിരുന്ന വരുമാനം പോലും 17 കോടി മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിൽ നിന്നും പഞ്ചായത്തിന് ലഭിക്കില്ല.

എംഎൽഎയും പഞ്ചായത്ത് ഭരണ നേതൃത്വവും പണം സമ്പാദനത്തിനായാണ് നാടിന് അനുയോജ്യമല്ലാത്ത ഒന്നിലധികം തീയറ്റർ കൂടി ഉൾപ്പെടുത്തി പദ്ധതി തുക ഇരട്ടിയിലധികം വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതിനായി പഞ്ചായത്ത് ഭവന നിർമ്മാണ ബോർഡുമായി ഏർപ്പെട്ടിട്ടുള്ള വ്യക്തതയില്ലാത്ത കരാർ പ്രകാരം നാലു കോടിയോളം രൂപ ബോർഡിന് കൈമാറുവാൻ ഉള്ള നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ വിയോജനം ഒന്നിലധികം തവണ ഭരണസമിതി യോഗങ്ങളിൽ രേഖാമൂലം നൽകുകയും സെക്രട്ടറിമാരും തങ്ങളുടെ വിയോജനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തന്മൂലം പണം നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അഴിമതിക്ക് കൂട്ടുനിൽക്കാത്ത സെക്രട്ടറിമാർക്കെതിരെ എംഎൽഎയും പ്രസിഡന്റും മാനസിക പീഡനം നടത്തിയത് കാരണം ഒരാൾ വന്ന് മൂന്നുമാസം തികയും മുമ്പ് സ്ഥലംമാറ്റം വാങ്ങി പോവുകയും പിന്നീട് വന്ന സെക്രട്ടറി കഴിഞ്ഞ ദിവസം അവധിയിൽ പ്രവേശിക്കുകയും ചെയ്തു.

ഇപ്പോൾ ചുമതലയിലുള്ള അസിസ്റ്റന്റ് സെക്രട്ടറിയും ബോർഡിന് പണം നൽകാനായി മാത്രം വിളിച്ച് ചേർന്ന അടിയന്തര കമ്മറ്റിയിലും വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട്. വികസനത്തിന്റെ പേര് പറഞ്ഞ് പഞ്ചായത്തിന്റെ പണം കൊള്ളയടിക്കാൻ വ്യാജ നിർമ്മാണ പെർമിറ്റ് ഉണ്ടാക്കി കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽ പറത്തി നാടിന് യോജിച്ചതല്ലാത്ത പദ്ധതികളുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധവും കോടതി നടപടികളുമായി കോൺഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റി അതിനെ നേരിടുമെന്ന് രതീഷ് പറഞ്ഞു.