- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ ബൂത്തുതല പ്രവര്‍ത്തനത്തെ സംഘടനാ ദൗര്‍ബല്യം ഇനി അലട്ടരുത്; കോണ്‍ഗ്രസില്‍ 2025 സംഘടനാ പരിഷ്‌കരണത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തും മാറ്റത്തിന്റെ കാറ്റ് വീശും; ബെളഗാവിയില്‍ നാളത്തെ പ്രത്യേക പ്രവര്‍ത്തക സമിതിയോടെ പുന: സംഘടന വേഗത്തിലാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മിന്നല്‍ നീക്കം
പുന: സംഘടന വേഗത്തിലാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം
ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ യുവനേതൃനിര പാര്‍ട്ടിയില്‍ ഊര്‍ജ്ജം നിറയ്ക്കുന്നുണ്ടെങ്കിലും, സംഘടനാ ദൗര്‍ബല്യം ഒരു യാഥാര്‍ഥ്യമായി തുടരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ, ആ പോരായ്മ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല ജില്ലകളിലും ബൂത്തുതല പ്രവര്‍ത്തനങ്ങളെ സംഘടനാ ദൗര്‍ബല്യം ബാധിച്ചത് ആവര്‍ത്തിക്കാന്‍ ഇടയാക്കും. പാര്‍ട്ടിക്ക് നവോന്മേഷം നല്‍കാന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ നാളെ നടത്തുന്ന 'നവ സത്യഗ്രഹ് ബൈഠക്' പുന: സംഘടന വേഗത്തിലാക്കാനുള്ള വഴികള്‍ തേടും. 2025 അവസാനത്തോടെ എ ഐ സി സി തലത്തിലടക്കം പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നീക്കം.
സംസ്ഥാനത്തെ സാഹചര്യത്തില്‍, സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം വിവിധ വിഭാഗങ്ങള്‍ക്കുള്ള പ്രാതിനിധ്യവും പുനഃസംഘടനയില്‍ ഉറപ്പാക്കണം. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ നിലവിലുള്ള ജംബോ കമ്മിറ്റിക്ക് മാറ്റം വരുത്തണമെന്നതും ദീര്‍ഘനാളായുള്ള ആവശ്യമാണ്.
ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികളില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കി പുന:സംഘടന നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ഉഷാറാക്കാന്‍ പുന: സംഘടനയില്ലാതെ തരമില്ല. പ്രവര്‍ത്തന മികവും പാര്‍ട്ടി ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാട്ടുന്ന മികവും നോക്കിയാകും നേതാക്കളെ കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരിക.
ഒരു ജനറല്‍ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാര്‍ എന്ന നിലയിലാകും പുന:സംഘടന എന്നതിന് സാധ്യതയുണ്ട്. പ്രവര്‍ത്തന മികവില്ലാത്ത ജനറല്‍ സെക്രട്ടറിമാരെ ഒഴിവാക്കിയേക്കും. കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന കെ.പി.സി.സി ട്രഷറര്‍ സ്ഥാനത്തേക്കും ആളെ കണ്ടെത്തും. ജില്ലകളിലെ സംഘടനയെ വേണ്ട രീതിയില്‍ ഊര്‍ജ്ജസ്വലമാക്കാത്ത ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഡി.സി.സി തലത്തില്‍ അഴിച്ചുപണിയുണ്ടായാല്‍ എല്ലാ ജില്ലകളിലേയും പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും മാറ്റമുണ്ടാവാനുള്ള സാദ്ധ്യതയും തള്ളാനാവില്ല. ഗ്രൂപ്പിനതീതമായാണ് പുന:സംഘടനയെന്ന് പറയുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളുടെയടക്കം അഭിപ്രായം പരിഗണിച്ചാവും അന്തിമ തീരുമാനമെടുക്കുക. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ പുന:സംഘടനയില്‍ പരിഗണിക്കും. കെപി.സി.സി തലത്തില്‍ പാര്‍ട്ടിച്ചുമതലയും നല്‍കിയേക്കും.
ബെളഗാവി വലിയ തുടക്കം
എന്തായാലും നാളെ ബെളഗാവിയില്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടി പുന: സംഘടനയ്ക്ക് പരിധി നിശ്ചയിച്ചേക്കും. ഉച്ചകഴിഞ്ഞ് 2.30നു തുടങ്ങുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അധ്യക്ഷത വഹിക്കും. 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍' എന്ന മുദ്രാവാക്യമുയര്‍ത്തി 27നു 11നു വമ്പന്‍ റാലിയും സംഘടിപ്പിക്കും. മഹാരാഷ്ട്ര, ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷനെ വൈകാതെ നിയോഗിച്ചേക്കും. അംബേദ്കര്‍ വിവാദത്തിലെ തുടര്‍ നടപടികളും യോഗം തീരുമാനിക്കുമെന്നാണ് വിവരം.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമേ സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, പിസിസി അധ്യക്ഷര്‍, പ്രതിപക്ഷ നേതാക്കള്‍, മുന്‍ മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ തുടങ്ങി ഇരുനൂറോളം പ്രതിനിധികളാണു പങ്കെടുക്കുക. കോണ്‍ഗ്രസില്‍ സംഘടനാ പരിഷ്‌കരണത്തിന്റെ വര്‍ഷമായിരിക്കും '2025' എന്നു സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തില്‍ കൈക്കൊണ്ട 7 തീരുമാനങ്ങളില്‍ നാലെണ്ണം ഇതിനോടകം നടപ്പാക്കിയെന്നും വേണുഗോപാല്‍ പറഞ്ഞു. ശേഷിക്കുന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള ആസൂത്രണം യോഗത്തിലുണ്ടാകും. ബി.ആര്‍. അംബേദ്കറിനെതിരെ ആഭ്യന്തര അമിത് ഷാ നടത്തിയ വിവാദ പരാമര്‍ശത്തിലെ തുടര്‍പ്രതിഷേധ പരിപാടികളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. റാലിയില്‍ ഉപയോഗിക്കുന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ എന്ന മുദ്രാവാക്യം പുതുവര്‍ഷത്തില്‍ പ്രധാന മുദ്രാവാക്യമായി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.
സ്വാതന്ത്ര്യസമരകാലത്തുടനീളം കോണ്‍ഗ്രസിന്റെ ദീപസ്തംഭമായിനിന്ന മഹാത്മാഗാന്ധി പാര്‍ട്ടിയുടെ പ്രസിഡന്റായത് 100 വര്‍ഷം മുന്‍പ് ബെല്‍ഗാം സമ്മേളനത്തിലായിരുന്നു. ഡിസംബര്‍ 26-27 തീയതികളിലായിരുന്നു സമ്മേളനം. അതിന്റെ അനുസ്മരണാര്‍ഥം നടക്കുന്ന പ്രവര്‍ത്തക സമിതിയുടെ യോഗ വേദിക്കു ഗാന്ധിനഗര്‍ എന്നു പേരിട്ടു. ഒരു തവണ മാത്രമാണ് ഗാന്ധിജി പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലിരുന്നിട്ടുള്ളത്.
നെഹ്‌റുവിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തിയതും സേവാദളിന് ഔദ്യോഗിക അംഗീകാരം നല്‍കിയതും ഈ സമ്മേളനത്തിലായിരുന്നു. ബെളഗാവി ഉള്‍പ്പെടുന്ന കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലുള്ളതെന്നതു പ്രത്യേകതയാണെന്നു വേണുഗോപാല്‍ പറഞ്ഞു.