ന്യൂഡൽഹി: കോൺഗ്രസിനെ ഇനി നയിക്കുക പാരമ്പര്യത്തിന്റെ പെരുമയിൽ മല്ലികാർജുൻ ഖാർഗെയോ, അതോ മാറ്റത്തിന്റെ വഴിയിൽ ശശി തരൂരോ. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ ബുധനാഴ്ച ഫലം അറിയുംവരെയുള്ള കാത്തിരിപ്പിലാണ് കോൺഗ്രസ് പ്രവർത്തകർ. 9,900 വോട്ടർമാരിൽ 96 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറയുന്നത്.

സ്ഥാനാർത്ഥികളായ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലും ശശി തരൂർ തിരുവനന്തപുരത്തും വോട്ട് ചെയ്തു. ഏറെ കാത്തിരുന്ന ദിനമെന്നായിരുന്നു വോട്ടെടുപ്പിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് പോരാട്ടം എന്നാണ് സ്ഥാനാർത്ഥികളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും വ്യക്തമാക്കിയത്.

സോണിയ ഗാന്ധി, മന്മോഹൻ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ എ.ഐ.സി.സി ആസ്ഥാനത്തെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. ഈ ബൂത്തിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭാരത് ജോഡോ യാത്രയിലുള്ള വോട്ടർമാർക്കായി പ്രത്യേകം പോളിങ് ബൂത്ത് ബെല്ലാരിയിൽ സജ്ജീകരിച്ചിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെ 52 പേർ ഈ ബൂത്തിൽ വോട്ട് ചെയ്തു.

എഐസിസി ആസ്ഥാനത്ത് പ്രവർത്തകസമിതി അംഗങ്ങൾക്കായി തയാറാക്കിയ ബൂത്തിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരമാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. 11 മണിയോടെ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധിയെത്തി. സന്തോഷവതിയാണോ എന്ന ചോദ്യത്തിന് താൻ ഏറെക്കാലമായി കാത്തിരുന്ന ദിനം എന്നായിരുന്നു മറുപടി.

അനാരോഗ്യം വകവയ്ക്കാതെ മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്ങും എഐസിസി ആസ്ഥാനത്തെത്തി വോട്ട് ചെയ്തു. 87 പേർ ഈ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്കായി തയാറാക്കിയ കണ്ടെയ്‌നർ ബൂത്തിലായിരുന്നു രാഹുൽ ഗാന്ധി അടക്കം വോട്ട് ചെയ്തത്.

ഫലമെന്തായാലും എല്ലാവരും ഒരുമിച്ചുനിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഖർഗെ പറഞ്ഞു. 9,900 വോട്ടർമാരിൽ 9,500 പേർ വോട്ട് ചെയ്‌തെന്നും 96% ആണ് ആകെ പോളിങ്ങെന്നും മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. എഐസിസി, ഭാരത് ജോഡോ എന്നിവിടങ്ങളിലെ ബൂത്തുകളിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. കേരളത്തിൽ 95 ശതമാനമാണ് പോളിങ്. ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി വോട്ടു ചെയ്യാനെത്തിയില്ല.

22 വർഷത്തിന് ശേഷം നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിന് വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിന് മുകളിലാണ് പോളിങ്. 68 പോളിങ് ബൂത്തുകളിലേയും ബാലറ്റ് പെട്ടികൾ ഡൽഹിയിൽ എത്തിച്ച് എ.ഐ.സി.സി. ആസ്ഥാനത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റും. ബുധനാഴ്ച രാവിലെ മുഴുവൻ ബാലറ്റും കൂട്ടിക്കലർത്തിയ ശേഷമാണ് എണ്ണിത്തുടങ്ങുക. മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബത്തിന്റെ ആശിർവാദത്തിലും ശശി തരൂർ മാറ്റത്തിനായുള്ള വോട്ടർമാരുടെ ആഗ്രഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നു.

പ്രചാരണത്തിലുടനീളം പാർട്ടിയുടെ ഔദ്യോഗിക സംവിധാനത്തിന്റെ സഹായം ലഭിച്ച ഖാർഗെയ്ക്ക് വോട്ടെടുപ്പിൽ വ്യക്തമായ മേൽക്കോയ്മ ലഭിക്കാനാണ് സാധ്യത. ആർക്കും പിന്തുണയില്ല എന്ന് ഗാന്ധി കുടുംബം നിലപാട് എടുത്തെങ്കിലും അവരുടെ അടുത്ത അനുയായികൾ ഖാർഗെയുടെ പ്രചാരകരായി മാറിയത് തിരഞ്ഞെടുപ്പ് കാലത്ത് ഉടനീളം കണ്ടു.

കേരളത്തിൽ നിന്ന് പോലും പ്രധാന നേതാക്കൾക്കിടയിൽ നിന്ന് തരൂരിന് വലിയ പിന്തുണ ലഭിക്കാത്തതിന് കാരണം അതുതന്നെ. എന്നാൽ, എം.കെ രാഘവൻ, കെ.എസ് ശബരീനാഥ്, കെ.സി അബു തുടങ്ങി ചില വേറിട്ട ശബ്ദങ്ങൾ തരൂരിനായി നാട്ടിൽ നിന്നും ഉയർന്നു.

തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ നേതാക്കൾക്കെല്ലാം ഒരുമിച്ച് ചേർന്ന് പാർട്ടിയെ പ്രതാപത്തിലേയ്ക്ക് തിരികെയെത്തിക്കുവാൻ കഴിയുമോ എന്നതാണ് രാജ്യത്തെ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർ ഉറ്റുനോക്കുന്നത്. 

എഐസിസി അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തീർന്നപ്പോൾ ശശി തരൂർ എത്രത്തോളം വോട്ട് നേടുമെന്നതാണ് സംസ്ഥാന കോൺഗ്രസ്സിലെ പ്രധാന ചർച്ച. പ്രചാരണത്തിലെ തരൂരിന്റെ മുന്നേറ്റം സമ്മതിക്കുന്ന മുതിർന്ന നേതാക്കളും സംസ്ഥാനത്ത് കൂടുതൽ വോട്ട് ഖാർഗെക്ക് തന്നെയാകുമെന്ന് ഉറപ്പിക്കുന്നു.

തരൂർഷോക്ക് മാർക്കിടുമ്പോഴും ഇന്ദിരാഭവനിലെ പെട്ടിയിൽ വീണ വോട്ടുകളേറെയും ഖാർഗെക്ക് തന്നെയെന്നാണ് മുതിർന്ന നേതാക്കളുടെ കണക്ക് കൂട്ടൽ. ഖർഗെക്ക് വോട്ടുറപ്പിക്കാൻ സീനിയർ നേതാക്കൾ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. തരൂരിന് കേരളത്തിൽ നിന്നും പരമാവധി 30 വോട്ട് ഇതാണ് കേരളത്തിലെ ഖർഗെ അനുകൂലികളുടെ വിലയിരുത്തൽ.

മാറ്റത്തിന് അനുകൂലമായ കാറ്റ് കേരളത്തിലും വീശിയെന്നാണ് തരൂർപക്ഷം പറയുന്നത്. നാളെക്കൊരു വോട്ടെന്ന തരൂർ പ്രചാരണം യുവാക്കളിലും രണ്ടാം നിര നേതാക്കളിലും തരംഗമായെന്നാണ് തരൂർ അനുകൂലികളുടെ കണക്ക് കൂട്ടൽ. കേരളത്തിൽ നിന്നും 100 നും മുകളിൽ വോട്ടാണ് തരൂർ പക്ഷത്തിന്റെ പ്രതീക്ഷ