- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്കായി ജീവിച്ച പാച്ചേനിക്ക് സമ്പാദ്യമായി ആകെയുണ്ടായിരുന്നത് ത്രിവർണ പതാകയുടെ തണലും പ്രവർത്തക സ്നേഹവും മാത്രം; കോൺഗ്രസിനായി ജീവിതം ഒഴിഞ്ഞുവെച്ച നേതാവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുക്കും; വീടു വെച്ചു നൽകുമെന്നും ബാധ്യതകൾ ഏറ്റെടുക്കുമെന്നും കെ സുധാകരൻ; എന്നും ഒപ്പമുണ്ടാകുമെന്ന് വീഡിയോ സന്ദേശത്തിലൂടെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധിയും
കണ്ണൂർ: വർഷങ്ങളോളം താൻ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുക.. സ്വന്തം വീട് പോലും വിറ്റ് ആ പാർട്ടിക്ക് സ്വന്തമായൊരു കെട്ടിടം ഉണ്ടാക്കികൊടുക്കുക.. ഇങ്ങനെ ഒരു ജീവിതം ഇന്നത്തെ രാഷ്ട്രീയ കാലത്ത് ചിന്തിക്കാവുന്നതിലുമപ്പുറമാണ്.ഒടുവിൽ അകാലത്തിൽ മരണത്തിന് കീഴടങ്ങി അന്ത്യയാത്രയാരംഭിച്ചതാകട്ടെ സ്വന്തം സഹോദരന്റെ വീട്ടിൽ നിന്നും.ഇങ്ങനെയൊക്കെയുള്ള രാഷ്ട്രീയ പ്രവർത്തകർ ഇന്നത്തെ കാലത്ത് ഉണ്ടാകുമോ എന്ന് തോന്നിപ്പിക്കുന്ന ഒരു മിത്ത് പോലെയുള്ള ജീവിത കഥ.പാർട്ടിക്കായി ജീവിച്ച പാച്ചേനിയുടെ കുടുംബത്തെ ഏറ്റെടുക്കാൻ ഒടുവിൽ നേതൃത്വം.
സതീശൻ പാച്ചേനിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. 'സതീശന്റെ കുടുംബത്തിന് ഇന്നൊരു വീടില്ല. കോൺഗ്രസ് വില്ല എന്ന പേരിൽ ഒരു ഭവനം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും. ആ കുടുംബത്തിന്റെ എല്ലാ ബാധ്യതതയും മറ്റെല്ലാം കാര്യങ്ങളും ജില്ലാ കോൺഗ്രസ് കമ്മറ്റി ഏറ്റെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
അന്തരിച്ച കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി.അന്തരിച്ച സതീശൻ പാച്ചേനിയുടെ ഭാര്യ റീന സതീശനുമായി രാഹുൽ ഗാന്ധി ടെലിഫോണിൽ സംസാരിച്ചു.ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ അദ്ദേഹം പങ്ക് ചേരുകയും ചെയ്തു. കുടുംബത്തോടൊപ്പം എന്നും ഉണ്ടാവുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
10 മിനിട്ടോളം നീണ്ട സംഭാഷണത്തിൽ ഒപ്പമുണ്ടായിരുന്ന കെ.സി വേണുഗോപാൽ എംപിയും അനുശോചനം രേഖപ്പെടുത്തി.ഭാഗം വച്ചുകിട്ടിയ പാച്ചേനിയിലെ തറവാടുവീട് വീറ്റ് കിട്ടിയ പണംകൂടി ചേർത്താണ് ഡി.സി.സി പ്രസിഡന്റായിരിക്കെ സതീശൻ പാച്ചേനി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കായി തലയെടുപ്പുള്ള ആസ്ഥാന മന്ദിരം 'കോൺഗ്രസ് ഭവൻ' പണിതത്. സിപിഎമ്മിന്റെ ശക്തിദുർഗമായ കണ്ണൂരിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോൺഗ്രസ് ഓഫിസുകളിലൊന്നാണിത്. ഇക്കാര്യത്തിൽ എ.ഐ.സി.സിയും അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.
കണ്ണൂർ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരം യാഥാർത്ഥ്യമാക്കിയത് സതീശൻ പാച്ചേനിയായിരുന്നു.സ്ഥാനമൊഴിയും മുമ്പ് ആ കെട്ടിടം പാച്ചേനി യാഥാർത്ഥ്യമാക്കി.സതീശൻ പാച്ചേനിയുടെ സംഘടനാ മികവിന്റെയും ആത്മ സമർപ്പണത്തിന്റെയും മികവായാണു കണ്ണൂരിലെ മൂന്ന് നിലയുള്ള ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി തളിപ്പറമ്പിലെ സ്വന്തം തറവാട് വീട് വിറ്റു കിട്ടിയ പണമടക്കം പാച്ചേനി ഡി.സി.സി. ഓഫീസ് നിർമ്മാണത്തിന് ചെലവഴിച്ചത് അണികളിൽ ആവേശമുയർത്തിയിരുന്നു.
2013-ൽ 40 ലക്ഷം രൂപ ചെലവിട്ട് പണിത വീട് 2018ൽ 38 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം വിറ്റത്.താൻ ഡി.സി.സി. പ്രസിഡന്റായിരിക്കെ കോൺഗ്രസ് ഭവന്റെ പണി പൂർത്തിയാക്കുമെന്ന ശപഥം നിറവേറ്റുന്നതിനായാണ് അദ്ദേഹം വീടുവിറ്റ പണം ഉപയോഗിച്ചത്. വാടക കെട്ടിടങ്ങളിൽ മാറി മാറിയാണു ഡി.സി.സി. ഓഫീസ് പ്രവർത്തിച്ചിരുന്നത് വിപുലമായി യോഗം വിളിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽനിന്നാണ് അത്യാധുനിക സൗകര്യമുള്ള കൂറ്റൻ കെട്ടിടത്തിലേക്ക് ഡി.സി.സി. ഓഫീസ് മാറുന്നത്. മൂന്ന് നിലകളിലായി പണിതുകൊണ്ടിരുന്ന കോൺഗ്രസ് ജില്ലാ ആസ്ഥാനത്തിന്റെ നിർമ്മാണം നിലച്ചതോടെയാണു തളിപ്പറമ്പിലെ വീടുവിറ്റ പണം പാച്ചേനി ഓഫീസിന്റെ പണിക്കായി വിനിയോഗിച്ചത്.
സിപി.എമ്മിന്റെ കോട്ടയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോൺഗ്രസ് ഓഫീസുകളിലൊന്ന് പണി പൂർത്തിയാക്കിയ ശേഷമാണ് പാച്ചേനി ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്.പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ പഴയ ഓഫീസ് നിന്നിരുന്ന സ്ഥലത്തു തന്നെയാണ് 27,000 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളിലായി പാർട്ടി ഓഫീസ് പണി കഴിപ്പിച്ചത്.800-900 പേർക്ക് ഇരിക്കാവുന്ന വലിയ ഓഡിറ്റോറിയം ഉൾപ്പെടുന്നതാണ് കണ്ണൂരിലെ ഡി.സി.സി ഓഫീസ്. ഓഡിറ്റോറിയം കൂടാതെ മൂന്ന് ഹാളുകളും ഓഫീസ് കാബിനുകളും വിശാലമായ ലൈബ്രറിയും വായനാ മുറിയും ഓഫീസിൽ ക്രമീകരിച്ചിട്ടുണ്ട്. ഇവയെല്ലാം സജ്ജീകരിക്കുന്നതിനു പിന്നിൽ പാച്ചേനിയുടെ നിശ്ചയദാർഢ്യം മാത്രമായിരുന്നു കോൺഗ്രസിന്റെ ബലം.
പുതിയ കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ട ദിവസം കണ്ണൂരിൽ മധുരം പങ്കിട്ടതാണു സതീശൻ പാച്ചേനിയുമായുള്ള പാർട്ടി പ്രവർത്തകരുടെ അവസാന ഒത്തുകൂടൽ. അന്നു രാത്രി വൈകി മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.പിന്നിട് ചികിത്സക്കിടെ ഇന്നലെ രാവിലെയോടെ മരണപ്പെടുകയായിരുന്നു. സതീശൻ പാച്ചേനിയുടെ സംസ്കാരം പയ്യാമ്പലത്ത് നടന്നു.
ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം പതിനൊന്നരയോടെ വിലാപയാത്രയായായാണ് പയ്യാമ്പലത്ത് എത്തിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി ഡിസിസി ഓഫീസിലും എത്തിയത്.സ്പിക്കർ എഎൻ ഷംസീർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, വിഡി സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, സിപിഎം നേതാക്കളായ ഇപി ജയരാജൻ എംവി ജയരാജൻ, മുന്മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എഴുത്തുകാരൻ ടി പത്മനാഭൻ, ബിജെപി നേതാവ് സികെ പത്മനാഭൻ തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ