- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏത് പുല്ലൻ വന്നാലും ഇത് തടയാൻ പറ്റില്ല; സൂര്യനുതാഴെ ഏതവൻ പറഞ്ഞാലും അതൊന്നും നമ്മൾ സ്വീകരിക്കേണ്ട കാര്യമില്ല; നിങ്ങൾ പാർക്കിന്റെ പണി നടത്തണം'; മൂന്നാറിലെ അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണത്തിൽ സർക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് എം.എം. മണി
മൂന്നാർ: മൂന്നാറിലെ അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണത്തിൽ സർക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സിപിഎം രംഗത്ത്. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും മൂന്നാറിലെ അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം തടയാനാകില്ലെന്ന് മുൻ മന്ത്രി എം.എം. മണി വ്യക്തമാക്കി. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിലായി.
'ഏത് പുല്ലൻ വന്നാലും ഇത് തടയാൻ പറ്റില്ല. അതാണ്. ആര് തടയാൻ വന്നാലും നമ്മൾ നിർമ്മാണം പുനരാരംഭിക്കും. നിങ്ങൾ പാർക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം. നല്ല ഭംഗിയായി അത് നടത്തണം. സൂര്യനുതാഴെ ഏതവൻ പറഞ്ഞാലും അതൊന്നും നമ്മൾ സ്വീകരിക്കേണ്ട കാര്യമില്ല. തടയാൻ ആര് വന്നാലും വഴങ്ങാൻ പാടില്ല. നടത്തുകതന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണമെന്നൊന്നും ഞാൻ ഇപ്പോൾ പറയുന്നില്ല. അത് പറയേണ്ട കാര്യമില്ല' - എം.എം മണി പറഞ്ഞു.
വൈദ്യുതി ബോർഡിന് കീഴിലുള്ള, പഴയമൂന്നാറിലെ ഹൈഡൽ പാർക്കിനുള്ളിലെ നാല് ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് മൂന്നാർ സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നത്. സിപിഎമ്മാണ് മൂന്നാർ സഹകരണ ബാങ്ക് ഭരിക്കുന്നത്. എന്നാൽ ഇത് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി.) ഇല്ലാതെയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാജാറാം ഹൈക്കോടതിയെ സമീപിച്ചു.
ഈ കേസിൽ തീർപ്പ് കൽപ്പിക്കണമെന്ന് റവന്യൂ അഡീഷ്ണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ഇതേത്തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി. നൽകാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പിന്നീട് സബ് കളക്ടറും സ്റ്റോപ്പ് മെമോ നൽകി.
എന്നാൽ, മൂന്നാറിന്റെ സമഗ്ര വികസനത്തിന് പാർക്ക് അത്യാവശ്യമാണെന്നും ഇത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. സഞ്ചാരികൾക്കായി കൂടുതൽ വിനോദോപാധികൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മൂന്നാറിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ബാങ്ക് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ