തിരുവനന്തപുരം: തീർതഥയാത്രയിൽ ഉറപ്പ് നൽകിയ സേവനങ്ങൾ നൽകാത്തതിന് സ്വാമി സന്ദീപാനന്ദഗിരിക്ക് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഒരു ലക്ഷം രൂപ പിഴ വിധിച്ചു. കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി.മോഹൻകുമാരൻ നായർ നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ കൈലാസ പരിക്രമണം പൂർത്തിയാക്കാൻ സഹകരിക്കാത്തതിനാലും പരാതിക്കാരനുണ്ടായ മാനസിക വിഷമം പരിഗണിച്ചുമാണ് സന്ദീപാനന്ദഗിരിക്ക് പിഴ ചുമത്തിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവ്.

കോടതി ചെലവായി 2500 രൂപയും നൽകണം. കമ്മീഷൻ പ്രസിഡന്റ് പി.വി ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു.വി.ആർ എന്നിവരുടേതാണ് ഉത്തരവ്. അതായത് ഒന്നേ കാൽ ലക്ഷം രൂപ സന്ദീപാനന്ദ ഗിരി നൽകേണ്ടി വരും. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഔഷധി ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. 30 കോടിയുടെ ഡീലാണ് ചർച്ചകളിൽ. ഇതിനിടെയാണ് സന്ദീപാന്ദഗിരിക്ക് പിഴ ശിക്ഷ എത്തുന്നത്. ആശ്രമം കത്തിച്ച സംഭവത്തിലെ പ്രതികളെ കണ്ടെത്താത്തും വിവാദമായി തുടരുന്നു. കമ്മീഷൻ വിധി സ്വാമിക്ക് വലിയ തിരിച്ചടിയാണെന്നതാണ് വസ്തുത.

കൈലാസ തീർത്ഥാടന യാത്രയുടെ പേരിൽ ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം തീർത്ഥാടനം പൂർത്തിയാക്കാനാകാതെ മടങ്ങേണ്ടിവന്നുവെന്ന് കാണിച്ചാണ് സന്ദീപാനന്ദഗിരി സ്വാമിക്കെതിരെ പരാതിയുമായി റിട്ടയേഡ് അദ്ധ്യാപകൻ പരാതിയുമായി എത്തിയത്. ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം കൈലാസ പരിക്രമണം എന്ന നേർച്ച പാതി വഴിയിൽ അവസാനിപ്പിക്കുകയും പാക്കേജിന്റെ പേരിൽ വാങ്ങിയ തുകയുടെ ബാക്കി നൽകാതെയും മടക്കിയെന്ന് കാണിച്ച് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മോഹനകുമാരൻ നായരാണ് സ്വാമിക്കെതിരെ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

2011ലും 2016ലും സ്വാമി സന്ദീപാനന്ദ ഗിരി നടത്തിയ തീർത്ഥയാത്രയിലാണ് പരാതിക്കാരൻ പങ്കെടുത്തത്. മൂന്നുദിവസത്തെ കൈലാസ പരിക്രമണമാണ് തീർത്ഥാടന യാത്രയിൽ സ്വാമി വാഗ്ദ്ധാനം ചെയ്തത്. എന്നാൽ രണ്ടു തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണുണ്ടായിരുന്നത്. ഇതാണ് പരാതിക്ക് ആധാരം. ആദ്യ തവണ മൂന്ന് പരിക്രമണം ചെയ്യാനാവാത്തതിനാലാണ് രണ്ടാമതും മോഹന കുമാരൻ നായർ കൈലാസയാത്രയ്ക്ക് പുറപ്പെട്ടത്. രണ്ടാമത്തെ പ്രാവശ്യത്തെ യാത്രയ്ക്ക് മാത്രം 2,45,000 രൂപ ചെലവായി. കോടതി ചെലവിന് പുറമേ കോടതിച്ചെലവിലേക്കായി 2500 രൂപയും സ്വാമി സന്ദീപാനന്ദ ഗിരി നൽകണം.

രണ്ട് തവണയായി മൂന്നര ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് തിരുവനന്തപുരം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞത്. കൈലാസ തീർത്ഥാടനത്തിൽ നേർച്ചയായി നടത്തുന്നതാണ് മൂന്ന് തവണ കൈലാസം വലംവയ്ക്കുന്ന പരിക്രമണം എന്ന പ്രക്രിയ. മൂന്ന് ദിവസം കൊണ്ടാണ് പരിക്രമണം പൂർത്തിയാക്കുന്നത്. എന്നാൽ ആദ്യ ദിവസം കഴിയുമ്പോൾ മോശം കാലാവസ്ഥയുടെ പേര് പറഞ്ഞ് പരിക്രമണം പാതി വഴിയിൽ അവസാനിപ്പിച്ച് മടങ്ങുകയാണ് ചെയ്യുന്നത്.

തുടർച്ചയായി രണ്ടു തവണ യാത്ര പാതിവഴിയിൽ മുടങ്ങിയതിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതാണ് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ചതെന്ന് മോഹനകുമാരൻ നായർ വിശദീകരിച്ചിരുന്നു. ഈ പരാതി പരിശോധിച്ചാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. സന്ദീപാനന്ദഗിരി മുമ്പ് ചിന്മയാ മിഷന്റെ ഭാഗമായിരുന്നു. ചിന്മയാ മിഷനിലെ ബന്ധം ഉപേക്ഷിച്ചാണ് സ്വന്തം ആശ്രമവും മറ്റും കെട്ടിയത്. കൈലാസ യാത്രകളുടെ പേരിലെ വിവാദങ്ങളും സന്ദീപാനന്ദ ഗിരിയുടെ ചിന്മയാ മിഷനിൽ നിന്നുള്ള പുറത്തു പോകലിന് കാരണമായി ഉയർന്നു കേട്ട വാദങ്ങളിലെന്നാണ്.

കഴിഞ്ഞ ദിവസം മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ ശ്രമിച്ചതിന് സന്ദീപാനന്ദ ഗിരിക്കെതിരെ പൊലീസിൽ പരാതിയും ക്ഷേത്രോപദേശക സമിതി നൽകിയിരുന്നു ഇലന്തൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ടാണ് മലയാലപ്പുഴ ക്ഷേത്രത്തെ അവഹേളിക്കുന്ന തരത്തിൽ സന്ദീപാനന്ദ ഗിരി പരാമർശങ്ങൾ നടത്തിയത്. പരാമർശവുമായി ബന്ധപ്പെട്ട് ക്ഷേത്രോപദേശക സമിതി നൽകിയ പരാതി പൊലീസ് സ്വീകരിച്ചു. ഇതിന് മുൻപ് പല സന്ദർഭങ്ങളിലും ഹിന്ദു വിരുദ്ധ- ആചാര വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സന്ദീപാനന്ദ ഗിരി എന്ന് അവർ ആരോപിക്കുന്നു.

ക്ഷേത്രത്തിൽ പോകാനുള്ള അവകാശത്തെയും ബിവറേജിൽ ക്യൂ നിൽക്കാനുള്ള അവകാശത്തെയും താരതമ്യം ചെയ്ത സന്ദീപാനന്ദ ഗിരിയുടെ പരാമർശം വിവാദമായിരുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ചാനൽ ചർച്ചകളിൽ വന്നിരുന്ന് നിരന്തരം അയ്യപ്പ സ്വാമിയെയും ഭക്തരെയും അവഹേളിക്കുന്ന പരാമർശങ്ങൾ സന്ദീപാനന്ദ ഗിരി നടത്തിയിരുന്നു.