പത്തനംതിട്ട: അഡ്വാന്‍സ് അടക്കം പകുതി വില അടച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്‌കൂട്ടര്‍ നല്‍കാതിരുന്ന ഓല സ്‌കൂട്ടറിന്റെ വില്‍പന കേന്ദ്രം ഉടമ 2.05 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചു. റാന്നി മുണ്ടപ്പുഴ കൊല്ലശേരില്‍ വീട്ടില്‍ ശരത്കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അടൂരിലെ വില്‍പന കേന്ദ്രം ഉടമയ്ക്കെതിരേയാണ് കമ്മിഷന്റെ ഉത്തരവ്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭsവം. ഓല എസ് എസ് വണ്‍ പോ സ്‌കൂട്ടര്‍ വാങ്ങുന്നതിന് 6350 രൂപ അഡ്വാന്‍സ് നല്‍കി. തുടര്‍ന്ന് ജൂലൈ 12 ന് 1.47 ലക്ഷം രൂപ സ്‌കൂട്ടര്‍ കമ്പനിയുടെ ബംഗളൂരുവിലെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. റാന്നി ഐ.ഓ.ബി ശാഖയില്‍ നിന്നും ലോണെടുത്താണ് പണം നല്‍കിയത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും വാഹനം നല്‍കാന്‍ കമ്പനി തയാറായില്ല.

മുഴുവന്‍ തുകയും അടച്ചാല്‍ ഉടനെ വാഹനം അടൂരില്‍ എത്തിച്ചു നല്‍കുമെന്നാണ് പ്രൊപ്രൈറ്റര്‍ പറഞ്ഞത്. ഇതിനെതിരേയാണ് ശരത് കുമാര്‍ കമ്മിഷനെ സമീപിച്ചത്. ഇരുകൂട്ടര്‍ക്കും കമ്മിഷന്‍ നോട്ടീസ് അയച്ചു. ഹര്‍ജിക്കാരന്‍ ഹാജരാക്കിയ തെളിവുകള്‍ പ്രകാരം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കമ്മിഷന് ബോധ്യപ്പെട്ടു.

പരാതിക്കാരനില്‍ നിന്ന് വാങ്ങിയ 1,53,350 രൂപയും അരലക്ഷം നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും ചേര്‍ത്ത് 2.05 ലക്ഷം ഒരു മാസത്തിനകം ഹര്‍ജിക്കാരന് എതിര്‍കക്ഷി നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.