കൊളംബോ: ശ്രീലങ്കയിലെ വിവാദ ബുദ്ധ സന്യാസിക്ക് മതവിദ്വേഷം പരത്തിയെന്ന കേസില്‍ ഒമ്പത് മാസം തടവുശിക്ഷ. 2016 ല്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ലഗോദാത്തേ ജ്ഞാനസാരക്ക് കോടതി ശിക്ഷ വിധിച്ചത്. ഇസ്ലാം മത വിശ്വാസത്തെ അപമാനിച്ചെന്നും മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നുമാണ് ജ്്ഞാനസാരയുടെ പേരിലുള്ള കുറ്റങ്ങള്‍. ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റായ ഗോത്തബയ രജപക്സെയുടെ വിശ്വസ്തനായിരുന്നു ഇദ്ദേഹം.

ശ്രീലങ്കയില്‍ സാധാരണയായി ബുദ്ധ സന്ന്യാസിമാരെ ശിക്ഷിക്കുന്ന പതിവില്ലാത്തതാണ്. എന്നാല്‍ ജ്ഞാനസാര നിരന്തരമായി ഇസ്ലാം വിരുദ്ധ പ്രസംഗങ്ങളും മതവിദ്വേഷം പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു എന്ന കാരണം കൊണ്ടാണ് സര്‍ക്കാര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇത് രണ്ടാം തവണയാണ് ജ്ഞാനസാര ശിക്ഷിക്കപ്പെടുന്നത്. 2019ല്‍ മതവിദ്വേഷത്തിനും കോടതിയലക്ഷ്യത്തിനും ഇയാള്‍ക്ക് ആറ് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന രജപക്സെ ഇയാള്‍ക്ക് മാപ്പ് നല്‍കുകയായിരുന്നു. കഴിഞ്ഞ മാസമാണ് 2016 ല്‍ നടത്തിയ ഇസ്ലാം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ജ്ഞാനസാരയെ അറസ്റ്റ് ചെയ്തത്.

ശ്രീലങ്കയുടെ ഭരണഘടന അനുസരിച്ച് രാജ്യത്തെ ഏത് മതത്തിലും പെട്ട പൗരന്‍മാര്‍ക്ക്് അവരവരുടെ വിശ്വാസങ്ങള്‍ പാലിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജ്ഞാനസാരക്ക് 1500 ശ്രീലങ്കന്‍ രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി ശിക്ഷയനുഭവിക്കണം.

കോടതി വിധിക്കെതിരെ ജ്ഞാനസാര മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലില്‍ തീരുമാനം ആകുന്നത് വരെ ശിക്ഷാവിധി നടപ്പാക്കരുത് എന്ന പ്രതിയുടെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു.

2022 ല്‍ ജനങ്ങളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റായിരുന്ന രജപക്സെ നാട് വിടുന്നത് വരെ അദ്ദേഹത്തിന്റെ വിശ്വസ്ത സഹായി ആയിരുന്നു ജ്ഞാനസാര. അക്കാലത്ത് രാജ്യത്ത്് മതസൗഹാര്‍ദ്ദം പുലര്‍ത്തുന്നതിനായി നിയമസംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച

പ്രത്യേക സമിതിയില്‍ അംഗമായിരുന്നു അദ്ദേഹം. രജപക്സെ പുറത്തായതിന് തൊട്ടു പിന്നാലെ മതവിദ്വേഷം പ്രസംഗിച്ചതിന് ജ്ഞാനസാരക്ക് തടവുശിക്ഷ ലഭിച്ചിരുന്നു.

2018ലും ജ്ഞാനസാരക്ക് ഇത്തരത്തില്‍ ശിക്ഷ ലഭിച്ചിരുന്നു എങ്കിലും അന്ന് പ്രസിഡന്റായിരുന്ന മൈത്രിപാല സിരിസേന മാപ്പ് നല്‍കിയതിനെ

തുടര്‍ന്ന് ജയില്‍ മോചിതനാകുകയായിരുന്നു. നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പട്ട ജ്ഞാനസാര ഒമ്പത് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് മോചിപ്പിക്കപ്പെട്ടത്.