തിരുവനന്തപുരം: കൊടിയുടെ നിറവ്യത്യാസമില്ലാതെ സഹകരണ ബാങ്കുകളിലെ അഴിമതിയും തട്ടിപ്പും പുറത്തുവരുന്ന കാലമാണ്. കരുവന്നൂരിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവർ വെള്ളത്തിലായത് എല്ലാവർക്കും അറിയാം. കരുവന്നൂർ മാത്രമല്ല, മറ്റുപല ബാങ്കുകളിലെയും ക്രമക്കേട് പുറത്തുവന്നിരുന്നു. തലപ്പത്തിരിക്കുന്നവർ കൂടി പങ്കാളികളായ പ്രൊഫഷണൽ തട്ടിപ്പുകൾ തടഞ്ഞില്ലെങ്കിൽ, സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തന്നെ അപകടത്തിലാകും. ബിനാമി നിക്ഷേപങ്ങൾ പോലെ തന്നെ അപകടമാണ് ബിനാമി വായ്പകൾ. അതുകൊണ്ട് ഇവയ്ക്ക് കടിഞ്ഞാണിടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സഹകരണ ഓഡിറ്റ് വിഭാഗം.

സഹകരണ ബാങ്കുകളിലെ മാത്രമല്ല, സംഘങ്ങളിലെയും ബിനാമി വായ്പകൾ ഓഡിറ്റ് വിഭാഗം പരിശോധിക്കുകയാണ്. ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും ബന്ധുക്കളുടെ പേരിൽ വൻതുക വായ്പ എടുത്തിട്ട് കുടിശിക വരുത്തിയാൽ പണി കിട്ടുക ബാങ്കിന് തന്നെ.

പലപ്പോഴും, ഈ വായ്പകൾ വായ്പക്കാരൻ അറിഞ്ഞിട്ടുതന്നെയുണ്ടാകണമെന്നില്ല. എടുത്ത വായ്പയേക്കാൾ കൂടുതൽ കണക്കിൽ വന്ന സംഭവങ്ങൾ കൂടി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതോടെ, വിശദ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് ഓഡിറ്റ് വിഭാഗം. കുടിശികയായ വായ്പകളിൽ പ്രത്യേക പരിശോധന തന്നെയുണ്ടാകും.

കൺകറന്റ് ഓഡിറ്റർമാർ ഇല്ലാത്ത ബാങ്കുകളിലാണ് ബിനാമി വായ്പകൾ ഏറുന്നത്. ഇത്തരം സംഘങ്ങളിൽ യൂണിറ്റ്തല പരിശോധന മാത്രമാണ് നടക്കാറുള്ളത്. അതുകൊണ്ട് സംശയം തോന്നുന്ന അക്കൗണ്ടുകൾ പരിശോധിക്കാനാണ് നിർദ്ദേശം.

പരിശോധനാ റിപ്പോർട്ട് സഹകരണ ഓഡിറ്റ് ഡയറക്ടർക്കാണ് നൽകേണ്ടത്. റിപ്പോർട്ടുകൾ ശരിയായ വിധം തയ്യാറാക്കിയണോയെന്നും പരിശോധിക്കും. തിരുവനന്തപുരത്തെ ഒരുസംഘത്തിൽ 105 കോടിരൂപ ഇത്തരത്തിൽ വായ്പക്കുടിശ്ശിക വന്നതോടെയാണ് ബിനാമി വായ്പകളിൽ പരിശോധന കർശനമാക്കിയത്.