- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേലുദ്യോഗസ്ഥനിൽ നിന്ന് മോശം പെരുമാറ്റമാറ്റം ഉണ്ടായതോടെ അനിത പൊലീസിൽ പരാതി നൽകി; പിന്നാലെ മറ്റു ജീവനക്കാരെ ഉപയോഗിച്ചു വേട്ടയാടൽ; പണം മോഷ്ടിച്ചെന്ന് കള്ളക്കേസുണ്ടാക്കി സസ്പെൻഡ് ചെയ്യിച്ചു; പീഡന ആരോപണത്തിൽ ഭർത്താവിനെതിരെയും നടപടി; ഉദ്യോഗസ്ഥ പീഡനത്തിൽ സർക്കാർ ജോലി രാജിവെക്കാനൊരുങ്ങി ദമ്പതിമാർ
മലപ്പുറം: മേലുദ്യോഗസ്ഥറിൽ നിന്നുള്ള പീഡനം സഹിക്കാൻ കഴിയാതെ സർക്കാർ ജോലി ഉപേക്ഷിക്കാൻ ഒരുങ്ങി ദമ്പതിമാർ. ഒരു മേലുദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് കടുത്ത പീഡനങ്ങൾ തങ്ങൾ നേരിടേണ്ടി വന്നുവെന്നും ഇത് ഇനിയും സഹിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് ഉദ്യോഗസ്ഥ ദമ്പതികൾ രംഗത്തുവന്നത്.
ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ എ.ജെ. ജെയ്സനും ഭാര്യ പി.എസ്. അനിതാ മേരിയുമാണ് ഇക്കാര്യമറിയിച്ച് മലപ്പുറത്ത് വാർത്താസമ്മേളനം വിളിച്ചത്. ജോലി ആവശ്യാർഥമാണ് ഇരുവരും മലപ്പുറത്തെത്തിയത്. ജെയ്സൻ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറും അനിതാ മേരി തവനൂർ സർക്കാർ വയോധികസദനത്തിൽ മേട്രനുമാണ്.
ഒരു മേലുദ്യോഗസ്ഥനിൽനിന്ന് മോശം പെരുമാറ്റമുണ്ടായതിനെത്തുടർന്ന് 2020-ൽ അനിത പൊലീസിൽ പരാതി നൽകി. ഇതിന്റെ പേരിലാണ് മറ്റു ജീവനക്കാരെക്കൂടി ഉപയോഗിച്ച് അവരെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പിന്നീട് തനിക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കിയെന്നുമാണ് അനിത ആരോപിക്കുന്നത്. പണം മോഷ്ടിച്ചുവെന്ന് പരാതിയുണ്ടാക്കി ഏഴുമാസത്തോളം സസ്പെൻഡ് ചെയ്യിച്ചതായും അനിത പറയുന്നു. പിന്നീട് മാധ്യമങ്ങൾ ഇടപെട്ടതിനെത്തുടർന്ന് മേലുദ്യോഗസ്ഥനെ സ്ഥലംമാറ്റി.
എന്നാൽ താൻ കൊടുത്ത പരാതികൾ പൊലീസ് തള്ളിയതായും അവർ പറഞ്ഞു. അന്തേവാസികൾ തനിക്കൊപ്പമുണ്ടെങ്കിലും മറ്റു ജീവനക്കാർ സഹകരിക്കുന്നില്ല. അതിനാൽ ഇപ്പോൾ ജോലിക്ക് പോകുന്നില്ലെന്നും അവർ പറഞ്ഞു. അനിതയ്ക്കുവേണ്ടി പ്രശ്നങ്ങളിൽ ഇടപെട്ടതിനാൽ തന്നെയും വകുപ്പിൽ സംഘടനകളെ ഉപയോഗിച്ച് ഉപദ്രവിച്ചതായി ജെയ്സൻ ആരോപിച്ചു. വനിതാ വെറ്ററിനറി സർജനെ കയറിപ്പിടിച്ചെന്ന ആരോപണമുന്നയിച്ച് തിരൂർ പൊലീസിൽ പരാതി നൽകി ജയിലിലാക്കി. ഇപ്പോഴും സസ്പെൻഷനിലാണ് -ജയ്‌സൻ പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, മന്ത്രിമാർ, വനിതാകമ്മിഷൻ തുടങ്ങി പല വാതിലും മുട്ടിയെങ്കിലും ആരും സഹായിച്ചില്ല. കുറ്റിപ്പുറത്ത് നിർമ്മിക്കുന്ന വീട് പാതിയിലാണ്. എങ്കിലും ഈ സാഹചര്യത്തിൽ സർക്കാർ സർവീസിൽ തുടരാൻ ഇഷ്ടപ്പെടുന്നില്ലെന്നും നാട്ടിൽ പോയി മറ്റെന്തെങ്കിലും ജോലിയെടുത്ത് ജീവിക്കാനാണ് പദ്ധതിയെന്നും ഇരുവരും പത്രസമ്മേളനത്തിൽ പറഞ്ഞു. ജെയ്സൻ 2005-ലും അനിത 2020-ലുമാണ് ജോലിയിൽ പ്രവേശിച്ചത്. ഇവർക്ക് ആറുവയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ