കൊൽക്കത്ത: വിവാഹമോചനക്കേസിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് തിരിച്ചടി. മുൻഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ മുഹമ്മദ് ഷമി ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി ഉത്തരവിട്ടു. നാല് വർഷം മുമ്പ് ഹസിൻ ജഹാൻ ഷമിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തുടർന്ന് ജീവനാംശം ആവശ്യപ്പെട്ട് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ കോടതി വിധിയിൽ തൃപ്തിയില്ലെന്ന് ഹസിൻ ജഹാൻ പ്രതികരിച്ചു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചത്. ഷമിയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് 2018ലാണ് ഹസിൻ ജഹാൻ അഭിഭാഷകൻ മുഖേന കേസ് ഫയൽ ചെയ്തത്. വ്യക്തിപരമായ ചെലവുകൾക്കായി ഏഴ് ലക്ഷം രൂപയും മകളെ സംരക്ഷിക്കുന്നതിനായി മൂന്ന് ലക്ഷം രൂപയും വേണമെന്ന് ഹസിൻ ജഹാൻ ഹർജിയിൽ പറഞ്ഞിരുന്നു.

കോടതി വിധിക്കെതിരെ ഹസിൻ ജഹാൻ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം. അലിപൂർ കോടതി ജഡ്ജി അനിന്ദിത ഗാംഗുലിയാണ് വിധി പ്രസ്താവിച്ചത്. ഷമിക്കെതിരെ വ്യഭിചാരവും ഗാർഹിക പീഡനവും ആരോപിച്ച് ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യൻ പേസർക്കെതിരെ ഗാർഹിക പീഡനം, വധശ്രമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പൊലീസ് ചുമത്തിയതോടെ ഷമി പ്രതിസന്ധിയിലായിരുന്നു.

ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുമ്പോഴെല്ലാം ഷമിയും കുടുംബാംഗങ്ങളും തന്നെ പീഡിപ്പിക്കാറുണ്ടെന്ന് ഹസിൻ ജഹാൻ പരാതിയിൽ പറയുന്നു. ''ഷമിയുടെ കുടുംബം എന്നോട് എങ്ങനെ പെരുമാറിയെന്ന് നിങ്ങൾക്ക് അയൽക്കാരോട് ചോദിക്കാം. രണ്ട് വർഷമായി അയാൾ വിവാഹമോചനം ആവശ്യപ്പെടുന്നതിനാൽ ഞാൻ മിണ്ടാതിരുന്നു. അയാൾ എന്നെ ക്രൂരമായി പീഡിപ്പിച്ചു, എന്നെ ഉപേക്ഷിക്കാൻ അയാൾ എല്ലാ ശ്രമങ്ങളും നടത്തി,'' ജഹാൻ പറഞ്ഞു.


വിവധ ഫോൺ നമ്പറുകളിൽ നിന്ന് ഉപയോഗിച്ച് ഷമി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജഹാൻ ആരോപിച്ചിരുന്നു. എന്നാൽ ഷമി ജഹാന്റെ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു ഷമിയുടെ വിശദീകരണം.വിശ്വാസവഞ്ചന, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ജഹാനോട് മാപ്പ് പറയാൻ തയ്യാറാണെന്നും ഷമി പറഞ്ഞിരുന്നു.