- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അന്ന് പറഞ്ഞത് 'ഓസ്‌ട്രേലിയ' രാമന്റെ ആയുധപ്പുരയായ 'അസ്ത്ര-ലയ'യെന്ന്; ഇന്ന് പ്രതിച്ഛായ കാക്കാൻ കോടതി കയറി ആത്മീയ പ്രഭാഷകൻ; വൃന്ദാവനിലെ 'പൂക്കി ബാബയ്ക്ക്' കമ്പനികളുമുണ്ടോ എന്ന് ജഡ്ജിയുടെ പരിഹാസം; ആത്മീയത ബിസിനസ്സാക്കരുതെന്ന് കോടതിയുടെ ചുട്ട മറുപടി

ഡൽഹി: പ്രശസ്ത ആത്മീയ പ്രഭാഷകൻ അനിരുദ്ധാചാര്യയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം. തന്റെ പ്രസംഗങ്ങൾ വികലമായി പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് ജസ്റ്റിസ് തുഷാർ റാവു ഗെഡേലയിൽ നിന്ന് അനിരുദ്ധാചാര്യയെ വിമർശിച്ചു. അനിരുദ്ധാചാര്യയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പരാതിയുമായി ഡൽഹിയിൽ എത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
വൃന്ദാവൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിരുദ്ധാചാര്യ എന്തിനാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ഗെഡേല ചോദിച്ചു. "വിവാദമായ ദൃശ്യങ്ങൾ ചൊവ്വയിലും വ്യാഴത്തിലും വരെ ഉണ്ടാകാം. കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടാൽ ഗൂഗിൾ അത് നടപ്പിലാക്കില്ലേ?" എന്ന് കോടതി ആരാഞ്ഞു. തന്റെ ബിസിനസുകൾ ഡൽഹി കേന്ദ്രീകരിച്ചാണെന്ന അഭിഭാഷകന്റെ മറുപടി കേട്ടപ്പോൾ, "ഓ, നിങ്ങൾക്ക് കമ്പനികളുമുണ്ടോ?" എന്നായിരുന്നു കോടതിയുടെ പരിഹാസം.
"ആത്മീയ കാര്യങ്ങൾ പ്രസംഗിക്കുന്ന ഒരാൾ പ്രശംസയ്ക്കും അംഗീകാരത്തിനും വിമർശനങ്ങൾക്കും അതീതനായിരിക്കണം. താങ്കൾ പറയുന്ന കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം മറ്റൊരാൾക്ക് ഉണ്ടാകാം. അതിനെ എതിർക്കാൻ ആദിശങ്കരാചാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയല്ല ചെയ്തത്, മറിച്ച് സംവാദങ്ങളിലൂടെ അവരെ തിരുത്തുകയായിരുന്നു," എന്ന് കോടതി ഓർമ്മിപ്പിച്ചു. പ്രശസ്തിയിൽ അമിതമായി ആസക്തി കാണിക്കുന്നത് പ്രസംഗിക്കുന്ന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി കൂട്ടിച്ചേർത്തു.
അനിരുദ്ധാചാര്യയുടെ ദൃശ്യങ്ങൾ ചൂതാട്ട വെബ്‌സൈറ്റുകളിലും മറ്റും വികലമായി ഉപയോഗിക്കുന്നുണ്ടെന്നും ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് അദ്ദേഹം പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. താൻ ഒരു സിനിമാ താരമല്ലെന്നും തന്റെ പ്രതിച്ഛായ മോശമാകുന്നത് വിശ്വാസികളെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, ഒരാൾ പ്രചരിപ്പിക്കുന്നത് കേട്ട് വിശ്വാസിക്ക് സംശയം തോന്നുന്നുണ്ടെങ്കിൽ അവരുടെ വിശ്വാസത്തിനാണ് ബലക്കുറവെന്നും അത് പ്രഭാഷകന്റെ കുറ്റമല്ലെന്നും കോടതി നിരീക്ഷിച്ചു. എങ്കിലും, തെറ്റായ രീതിയിൽ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് തടയാൻ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് നൽകി.
ഓസ്‌ട്രേലിയ എന്ന രാജ്യത്തിന്റെ ഉത്ഭവം രാമായണ കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന അവകാശമാവുമായി അനിരുദ്ധാചാര്യ മുൻപ് രംഗത്തെത്തിയിരുന്നു. ഈ വീഡിയോ സാഹൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഓസ്‌ട്രേലിയ എന്ന രാജ്യത്തിന്റെ പേരിന് പിന്നിൽ രാമായണ കഥയാണെന്നാണ് ഇത്തവണ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം. 'റിയാലിറ്റി ഓഫ് ഓസ്‌ട്രേലിയ' എന്ന തലക്കെട്ടിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ വിചിത്ര വാദങ്ങളുണ്ടായിരുന്നത്.
രാമ-രാവണ യുദ്ധത്തിന് ശേഷം ലങ്കയിൽ അവശേഷിച്ച ആയുധങ്ങളിൽ നിന്നാണ് ഓസ്‌ട്രേലിയ ഉണ്ടായതെന്നാണ് അനിരുദ്ധാചാര്യ പറയുന്നത്. യുദ്ധത്തിൽ രാവണന്റെ ഒരു ലക്ഷം പുത്രന്മാരും ഒന്നേകാൽ ലക്ഷം പേരക്കുട്ടികളും കോടിക്കണക്കിന് സൈനികരും കൊല്ലപ്പെട്ടു. ഇവരുടെയെല്ലാം വാളുകളും മറ്റ് ആയുധങ്ങളും ലങ്കയിൽ വലിയൊരു മല പോലെ കുന്നുകൂടി.
രാവണന്റെയോ മേഘനാഥന്റെയോ ശക്തമായ ആയുധങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്തേക്കുമെന്ന് ശ്രീരാമൻ ഭയപ്പെട്ടു. തുടർന്ന് ഈ ആയുധങ്ങളെല്ലാം ഒരു പ്രത്യേക സ്ഥലത്ത് കൊണ്ടുപോയി സൂക്ഷിക്കാൻ രാമൻ തന്റെ സൈന്യത്തോട് ആവശ്യപ്പെട്ടു. ആയുധങ്ങൾ (അസ്ത്രങ്ങൾ) സൂക്ഷിച്ച ആ ഇടം 'അസ്ത്ര-ലയ' എന്ന് അറിയപ്പെട്ടുവെന്നും അതാണ് പിന്നീട് 'ഓസ്‌ട്രേലിയ' ആയി മാറിയതെന്നുമാണ് പ്രഭാഷകന്റെ വ്യാഖ്യാനം.


