ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ഭീഷണി ഉയർത്തി തുടങ്ങിയോ? ചൈനയിലും ജപ്പാനും അമേരിക്കയിലും കൊറിയയിലും, ബ്രസീലിലും കേസുകളുടെ എണ്ണം കുത്തനെ കൂടിയതോടെ ജെനോം സീക്വൻസിങ് വേഗം കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ നിലവിലെ സാഹചര്യം ബുധനാഴ്ച വിലയിരുത്തും.

ആഴ്ച തോറും ലോകമെമ്പാടുമായി 35 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് കോവിഡ് 19 ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്ന് സംസ്ഥാനങ്ങൾക്കുള്ള നോട്ടീസിൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. പുതിയ വകഭേദങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ ജെനോം സീക്വൻസിങ് സഹായിക്കും. എല്ലാ പോസിറ്റീവ് കേസുകളും ദിനംപ്രതി ജെനോം സീക്വൻസിങ്ങിന് സംസഥാനങ്ങൾ വിധേയമാക്കണം.

പരിശോധിക്കുക, ട്രാക്ക് ചെയ്യുക, ചികിത്സിക്കുക, വാക്‌സിനേറ്റ് ചെയ്യുക, ശരിയായ സാമൂഹിക അകലം പാലിക്കുക എന്നീ പഞ്ച തന്ത്രങ്ങളിലൂടെ കോവിഡ് 18 വൈറസ് വ്യാപനത്തെ ഇന്ത്യയിൽ നിയന്ത്രിക്കാൻ കഴിഞ്ഞു. ആഴ്ച തോറും, 1200 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ, നിലവിലുള്ള വകഭേദങ്ങൾക്ക് ജനിതക മാറ്റം സംഭവിച്ചോ എന്നതാണ് നിരീക്ഷിക്കുന്നതെന്ന് രാജേഷ് ഭൂഷൺ പറഞ്ഞു.

ഇതുവരെ കോവിഡ് ബാധിച്ചത് 4.46 കോടി പേരെയാണ്. മരണസംഖ്യ 5,30,677. കഴിഞ്ഞ് 24 മണിക്കൂറിനിടെ കേരളത്തിൽ രണ്ടും മഹാരാഷ്ട്രയിൽ ഒന്നും കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്ത് 112 പുതിയ രോഗ ബാധിതരുണ്ടായി. ആക്ടീവ് കേസുകൾ 3490 ആയി കുറഞ്ഞിട്ടുണ്ട്. മൊത്തം രോഗബാധിതരുടെ 0.01 ശതമാനം മാത്രമാണിത്. കോവിഡ് സുഖം പ്രാപിക്കൽ നിരക്ക് 98.8 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

നിലവിൽ പിരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ സന്ദേശം. എന്നാൽ, ജാഗ്രതയോടെ പെരുമാറുന്നത് ഗുണം ചെയ്യും. 'ചൈനയിലെ സാഹചര്യം നമ്മൾ വളരെ ജാഗ്രതയോടെ നിരീക്ഷിക്കണം. ഇപ്പോൾ പേടിക്കാൻ ഒന്നുമില്ല, ജെനോം നിരീക്ഷണമാണ് ഇപ്പോൾ വേണ്ടത്',കോവിഡ് 19 വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ. കെ അറോറ പറഞ്ഞു.

ചൈനയിൽ ആശുപത്രികൾ നിറഞ്ഞു

ചൈനയിൽ വീണ്ടും സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്. ആശുപത്രികൾ പൂർണമായി നിറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെയാണ് കേസുകൾ കുതിച്ചുകയറിയത്. നിയന്ത്രണങ്ങൾ മാറ്റിയെങ്കിലും, ആരും പുറത്തിറങ്ങുന്നില്ല. വേഗത്തിൽ പടരുന്ന ഓമിക്രോൺ വകഭേദം നഗരങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി വരാനുള്ള മൂന്നു കോവിഡ് തരംഗങ്ങളിൽ ആദ്യത്തേതാണ് ഇതൈന്നാണ് കണക്കുകൂട്ടൽ. ചൈനയിൽ 60 ശതമാനത്തിലധികം പേരെയും, ലോകജനസംഖ്യയുടെ 10 ശതമാനത്തെയും മൂന്നുമാസത്തിനുള്ളിൽ കോവിഡ് പിടികൂടുമെന്നാണ് പകർച്ച വ്യാധി വിദഗ്ദ്ധർ പറയുന്നത്. മരണസംഖ്യയും ഏറാൻ സാധ്യതയുണ്ട്.

ബീജിങ്ങിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞെങ്കിൽ, ശ്മശാനങ്ങൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെയാണ് വീണ്ടും ഭീതിജനകമായ അന്തരീക്ഷം വന്നതെന്ന് നാട്ടുകാർ പറയുന്നു. വളരെ വേഗത്തിലാണ് വൈറസ് വ്യാപനമെന്നതാണ് ആരോഗ്യ വിദഗ്ധരെ വിഷമിപ്പിക്കുന്നത്.