ന്യൂഡൽഹി: ഇന്ത്യയും കോവിഡ് ഭീതിയിൽ. ക്രിസ്മസ്-ന്യൂ ഇയർ ഒത്തുചേരലുകൾ ചൈനയിലടക്കം വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം. ഡിസംബർ 27ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ഡ്രിൽ നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ ചൈനയും ജപ്പാനും ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന അടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്ര തീരുമാനം.

ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ല. വെള്ളിയാഴ്ച 38 പുതിയ കേസുകളുടെ വർധനയുണ്ടായി എന്ന് ആരോഗ്യ മന്ത്രാലയം നൽകിയ കണക്കിൽ വ്യക്തമാകുന്നു. വെള്ളിയാഴ്ച 201 കേസുകളും വ്യാഴാഴ്ച 163 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 185 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിരുന്നതാണ്. അതേസമയം, കഴിഞ്ഞ 3 ദിവസങ്ങളിലായി രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത് 11 മരണം മാത്രമാണ്. ഇതിൽ ഏഴും കേരളത്തിലാണെങ്കിലും ഇവ നേരത്തെയുണ്ടായ കോവിഡ് മരണങ്ങൾ കണക്കിൽപെടുത്തിയതാണ്. പുതിയ മരണങ്ങളുണ്ടായതു മഹാരാഷ്ട്രയിലും ഡൽഹിയിലും മാത്രം. ഇതും ആശ്വാസമാണ്.

ചൈനയിൽ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ് 7 വകഭേദം രണ്ട് ദിവസം മുൻപ് ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇത് പുതിയ വേരിയന്റല്ല, പഴയ ഒമിക്രോണിന്റെ ഉപവകഭേദമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യയിൽ ഏറ്റവുമധികം മരണങ്ങൾക്ക് കാരണമായ ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് ഇത് ഭീകരനല്ല. എന്നാലും കരുതൽ വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. പനി രോഗം കൂടുന്നതും ആരോഗ്യ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്നതാണ് വസ്തുത.

കോവിഡ് നേരിടാൻ ആരോഗ്യകേന്ദ്രങ്ങളെ സജ്ജമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം. ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തേണ്ടതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. സംസ്ഥാനങ്ങളിലെ ഐസലേഷൻ വാർഡുകൾ, ഐസിയു, വെന്റിലേറ്റർ തുടങ്ങിയവയുടെ ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങി ഉറപ്പാക്കാനും മോക്ഡ്രിൽ ലക്ഷ്യമിടുന്നു

ചൈന, ജപ്പാൻ, സിംഗപ്പൂർ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ റിസ്‌ക് പട്ടികയിലാക്കി. ഇവിടെനിന്നു വരുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തും. രോഗലക്ഷണമുണ്ടെങ്കിലോ പോസിറ്റീവാകുകയോ ചെയ്താൽ കർശന ക്വാറന്റീൻ നിബന്ധനകളുമുണ്ടാകും. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഇവർ എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥയും ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി പുനഃസ്ഥാപിക്കും.

നേരത്തെ, മുഴുവൻ രാജ്യാന്തര യാത്രക്കാർക്കും ഈ നിബന്ധന ഒഴിവാക്കിയിരുന്നു. കൂടുതൽ രാജ്യങ്ങൾ റിസ്‌ക് പട്ടികയിലേക്ക് വരുന്ന സാഹചര്യത്തിലാണ് 'എയർ സുവിധ' പോർട്ടൽ കൊണ്ടുവരുന്നത്. സമീപനാളിൽ മേൽപറഞ്ഞ രാജ്യങ്ങൾ സന്ദർശിച്ചശേഷം മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കും ഈ മാനദണ്ഡങ്ങൾ ബാധകമാകും. രാജ്യാന്തര വിമാന യാത്രക്കാരിൽ 2% പേരുടെ സാംപിളുകൾ ആർടിപിസിആർ പരിശോധന നടത്തുന്നതും തുടങ്ങി. 29 രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ 90,000 പേരാണു പ്രതിദിനം ഇന്ത്യയിലെത്തുന്നത്.

കോവിഡ് ആശങ്ക വർധിക്കുന്ന പശ്ചാത്തലത്തിൽ, ഓക്‌സിജൻ സിലിണ്ടറുകളുടെയും വെന്റിലേറ്റുകളുടെയും ലഭ്യത പരിശോധിച്ചുറപ്പാക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാൻ 27നു സംസ്ഥാന തലത്തിൽ മോക് ഡ്രിൽ നടത്താനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഇതിനുള്ള നടപടിക്രമം സംബന്ധിച്ച നിർദേശവും കേന്ദ്രം നൽകി.