- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്‌സീൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ; പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പോസ്റ്റ് എറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ല; ശരിയായ വിവരങ്ങൾ മാത്രം എത്തിക്കാൻ കേന്ദ്ര തീരുമാനം; കോവിഡ് അനുബന്ധ മോക്ഡ്രില്ലും പ്രതിരോധം ശക്തമാക്കാൻ
ന്യൂഡൽഹി: വീണ്ടും കോവിഡ് നിയന്ത്രണത്തിലേക്ക് ഇന്ത്യ. ലോക് ഡൗൺ ഒഴിവാക്കി വൈറസ് വ്യാപനം തടയാനാണ് തീരുമാനം. അതിനിടെ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങളുമായി വിർച്വൽ കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നയരൂപീകരണത്തിനും ശ്രമിക്കുകയാണ്. കോവിഡ് 19 സംബന്ധിച്ചുള്ള ആധികാരികവും വിശ്വസനീയവുമായ വിവരങ്ങൾ മാത്രം പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. രോഗത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഡോക്ടർമാർ പൊതുജനങ്ങളെ ബോധവൽക്കരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്‌സീൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. യാത്രാ സമയത്ത് മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പോസ്റ്റ് എറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ചൈനയിൽ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ് 7 വകഭേദം രണ്ട് ദിവസം മുൻപ് ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇത് പുതിയ വേരിയന്റല്ല, പഴയ ഒമിക്രോണിന്റെ ഉപവകഭേദമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യയിൽ ഏറ്റവുമധികം മരണങ്ങൾക്ക് കാരണമായ ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് ഇത് ഭീകരനല്ല. എങ്കിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. കർണ്ണാടകയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ ഉയരുന്നതു കൊണ്ടാണ് ഇത്.
കോവിഡിൽ വ്യാജ പ്രചരണങ്ങൾ ഒഴിവാക്കാനാണ് ശ്രമം. മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ പോലെ തന്നെ പ്രധാനമാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ വിശ്വസനീയമായവ മാത്രം പങ്കുവെക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ അംഗങ്ങളായ നൂറോളം ഡോക്ടർമാരാണ് വിർച്വൽ യോഗത്തിൽ പങ്കെടുത്തത്. കോവിഡ് പ്രതിരോധവും കൈകാര്യം ചെയ്യലും സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. സ്ഥിരീകരിക്കപ്പെട്ട അത്തരം വിവരങ്ങൾ പങ്കുവെക്കണമെന്നും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡിനോട് രാജ്യം പൊരുതിക്കൊണ്ടിരുന്നപ്പോൾ അംബാസിഡർമാരായിരുന്നവരാണ് ഡോക്ടർമാരെന്നും അവരുടെ ആത്മാർപ്പണത്തെയും സംഭാവനയെയും ആദരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ പോരാട്ടത്തിലും ഡോക്ടർമാർ അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളിലേക്ക് ശരിയായ വിവരങ്ങൾ മാത്രം എത്തിക്കുക എന്നത് ഈ രംഗത്തെ വിദഗ്ഗ്ധരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
ചൊവ്വാഴ്ച രാജ്യത്തെ വിവിധ ആശുപത്രികളിൽ കോവിഡ് അനുബന്ധ മോക്ഡ്രിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. മഹാമാരിയെ മുൻപ് കൈകാര്യം ചെയ്ത പരിചയത്തെ അടിസ്ഥാനമാക്കി വിവിധ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് മോക്ഡ്രില്ലും സംഘടിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ