ന്യൂഡൽഹി: വീണ്ടും കോവിഡ് ഭീതി. കോവിഡ് കേസുകളിൽ ഇനി ജാഗ്രത തുടരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നേരത്തെ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ഒറ്റ ദിവസം 1071 പേരെ കോവിഡ് ബാധിച്ച സാഹചര്യത്തിലാണ്. പരിശോധനകൾ കുറവാണ്. അതുകൊണ്ട് തന്നെ കോവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പല തവണ കോവിഡ് വന്നവർക്ക് വീണ്ടും കോവിഡ് വരുന്നത് പ്രതിസന്ധി കൂടും. വീണ്ടും മാസ്‌ക് നിർബന്ധമാക്കാൻ സർക്കാർ ഇടപെടൽ നടത്തിയേക്കും

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5915 ആയി. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5.3 ലക്ഷം ആയെന്നും മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും ചൈന പുറത്തുവിടണമെന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിൽ കോവിഡ് നിയന്ത്രണവും നീക്കി.

കോവിഡിൽ വിശദ പഠനമാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ഇതു ലോകമെമ്പാടുമുള്ള ഗവേഷകർക്കു ലഭ്യമാക്കണം. 2019 അവസാനം കോവിഡ് ആദ്യം കണ്ടെത്തിയ വുഹാനിലെ ചന്തയിൽ വിൽപനയ്ക്കുണ്ടായിരുന്ന റാക്കൂൺ നായയുടെ (ഒരിനം കരടി) ജീനിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതു സൂചിപ്പിക്കുന്ന ഡേറ്റ ചൈന ആദ്യം പുറത്തുവിട്ടെങ്കിലും പിന്നീടു നീക്കം ചെയ്തു. തുടർന്നാണു വിദഗ്ദ്ധർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒരു മാസത്തിനുള്ളിൽ പത്ത് മടങ്ങ് വർദ്ധനവാണ് കോവിഡ് കേസുകളിലുണ്ടായത്. ഫെബ്രുവരി 21ന് 100 ൽ താഴെ (95) എത്തിയ കേസുകളാണ് കഴിഞ്ഞ ദിവസം ആയിരത്തിലേറെയായി ഉയർന്നത്. ഇതിനുമുമ്പ് നവംബർ 10നാണ് ആയിരത്തിലേറെ പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ചത്തെ കണക്കുകൾ പ്രകാരം മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കർണാടകം (121) എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്‌നാട് (64), ഡൽഹി (58), ഹിമാചൽ പ്രദേശ് (52) എന്നിവിടങ്ങളിലും വർദ്ധനവ് രേഖപ്പെടുത്തി.

ജനുവരി 31ന് 1755 വരെ എത്തിയ സജീവ കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വർദ്ധിച്ച് 5915 ആയി. എന്നാൽ കോവിഡ് സംബന്ധിച്ച് അപകടകരമായ ഒരു സ്ഥിതിവിശേഷം രാജ്യത്തില്ല. എന്നാൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ചൈനയിലും ജപ്പാനിലുമൊക്കെ കോവിഡ് കേസുകൾ കുതിച്ചുയർന്ന സമയത്ത് സർക്കാർ പ്രഖ്യാപിച്ച മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസേന വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. അതിപ്പോൾ ശരാശരി ആറായിരത്തിനടുത്ത് മാത്രമാണ്.

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സൂക്ഷ്മമായി സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ജില്ലാ, സബ് ജില്ലാ തലങ്ങളിൽ സൂക്ഷ്മമായി വ്യാപനകാരണങ്ങൾ വിലയിരുത്താനാണ് നിർദ്ദേശം.