- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴുമാസത്തിനിടെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് നിരക്കിൽ ഇന്ത്യ; രാജ്യത്ത് നിലവിൽ 40,215 ആക്ടീവ് കേസുകൾ; കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം; പത്ത് ദിവസം കൂടി രോഗനിരക്ക് ഉയർന്നേക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രോഗവ്യാപനം കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം കുതിച്ചുയർന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വൃത്തങ്ങൾ രോഗവ്യാപനം പത്ത് മുതൽ പന്ത്രണ്ട് ദിവസംകൂടി ഉയർന്ന നിരക്കിൽ തുടർന്ന ശേഷം ശമനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. കോവിഡ് കേസുകളിൽ അടുത്ത പത്തു മുതൽ പന്ത്രണ്ടു വരെയുള്ള ദിവസങ്ങൾ കൂടി രോഗനിരക്ക് ഉയരുകയും ശേഷം കെട്ടടങ്ങുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നതെന്ന് എൻ.ഡി ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
രോഗനിരക്ക് വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറയുന്നുണ്ട്. നിലവിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ ഉയരുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
അണുബാധ കൂടിയാലും ആശുപത്രിവാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് വിലയിരുത്തൽ. നിലവിലെ കോവിഡ് കേസുകൾക്ക് കാരണമായ XBB.1.16 . എന്ന ഓമിക്രോൺ ഉപവകഭേദത്തിന് വാക്‌സിൻ ഫലപ്രദമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ പറയുന്നു. ഫെബ്രുവരിയിൽ രോഗവ്യാപന നിരക്ക് 21.6% ആയിരുന്നത് മാർച്ചിൽ 35.8% ആയിരുന്നു.
കേരളം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽപ്രദേശ്, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഉയരുകയാണെന്നും രോഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞയാഴ്‌ച്ച വ്യക്തമാക്കിയിരുന്നു.
ഹോട്ട്‌സ്‌പോട്ടുകൾ രൂപപ്പെടുന്നുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും ടെസ്റ്റുകൾ വർധിപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കൽ, കൈകഴുകൽ ഉൾപ്പെടെയുള്ള വ്യക്തിശുചിത്വത്തെക്കുറിച്ച് അവബോധം നൽകണമെന്നും ഇൻഫ്‌ളുവൻസ രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും വ്യാപനവും നിരീക്ഷണമെന്നും മന്ത്രി അറിയിക്കുകയുണ്ടായി.
എന്നാൽ സംസ്ഥാനങ്ങളിൽ കൃത്യമായ പരിശോധനയോ നിയന്ത്രണമോ തുടരാത്ത സാഹചര്യത്തിൽ രോഗബാധിതരുടെ കണക്കുകളിൽ വലിയ അന്തരം സംഭവിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രോഗവ്യാപനം തടയാനും രോഗികളെ കണ്ടെത്താനും ഫലപ്രദമായ പരിശോധന നടക്കാത്തതാണ് തിരിച്ചടിയാകുന്നത്. മാസ്‌ക് ധരിക്കൽ അടക്കം കോവിഡ് കേസുകൾ ഉയർന്ന കാലഘട്ടങ്ങളിൽ പാലിച്ച നിയന്ത്രണങ്ങൾ ഇപ്പോൾ ആരും പാലിക്കപ്പെടുന്നില്ല.
കൂടാതെ കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസും ബൂസ്റ്റർ ഡോസും സ്വീകരിച്ചവർക്ക് പോലും വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്ത സാഹചര്യം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ച വ്യക്തികൾക്ക് വീണ്ടും കോവിഡ് സ്ഥിരികരിച്ച് ഗുരുതര സാഹചര്യം നേരിട്ട് ചികിത്സ തേടേണ്ടി വന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർത്തുന്നത്.
കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രോഗം സ്ഥിരികരിക്കാൻ ഇടയായ സാഹചര്യം പഠന വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. അതേ സമയം ഒരു വാക്‌സിനും സ്വീകരിക്കാത്തവർക്ക് ഇതുവരെ കോവിഡ് ബാധിക്കാതിരുന്നതും ചിലർ ചുണ്ടിക്കാണിക്കുന്നുണ്ട്. ആധുനിക ചികിത്സ രീതികൾക്ക് സമാന്തരമായി ഹോമിയോ അടക്കം മറ്റ് ചികിത്സാ രീതികൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചവരിൽ രോഗം വരാതിരുന്നത് അടക്കമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ.
കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തും മരുന്ന് കമ്പനികളുടെ വിപണന തന്ത്രങ്ങൾ ചോദ്യം ചെയ്തും നേരത്തെ നിരവധി പേർ രംഗത്ത് വന്നിരുന്നു. വാക്‌സിൻ സ്വീകരിച്ചവരിൽ കോവിഡ് പ്രതിരോധ ശേഷി നീണ്ടുനിൽക്കുന്നില്ലെന്ന ആക്ഷപവും വിമർശനമായി ഉയർത്തിയിരുന്നു.
കോവിഡിന്റെ രോഗലക്ഷണങ്ങൾ കാണിച്ചാൽ പോലും വേണ്ടത്ര പരിശോധനകൾ നടത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് പ്രതിരോധ മാർഗങ്ങൾ കൈവിട്ടതോടെ രോഗം പടരുന്ന സാഹചര്യം ഏറി. കോവിഡ് ബാധിച്ച് ആരോഗ്യ സ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ മാത്രമാണ് നിലവിൽ ചികിത്സകൾ തേടുന്നത്. അതുകൊണ്ട് തന്നെ രോഗവ്യാപനം ഏറാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്ന ആക്ഷപമാണ് ഉയരുന്നത്.
കോവിഡ് മരണം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരാണ്. കേരളത്തിൽ വീട്ടിൽനിന്നു പുറത്തു പോകാത്ത 5 പേർക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്.
കിടപ്പുരോഗികൾ, വീട്ടിലെ പ്രായമുള്ളവർ എന്നിവരെ പ്രത്യേകമായി കരുതണം. അവർക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോൾ നിർബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം.
പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവർ കോവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പുറത്ത് പോകുമ്പോൾ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ അവർ ഇത്തരം വിഭാഗക്കാരുമായി അടുത്തിടപഴകരുത്. ആൾക്കൂട്ടത്തിൽ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ ശുചിയാക്കേണ്ടതാണ്.
പ്രമേഹം, രക്താദിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കേണ്ടതാണ്. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നു. മറ്റു സുരക്ഷാ മാർഗങ്ങളും സ്വീകരിക്കണമെന്ന് ആധികൃതർ നിർദ്ദേശിച്ചിരുന്നു.
വൈറസ് വകഭേദങ്ങൾ മാറുന്നതിന് അനുസരിച്ച് കോവിഡ് ലക്ഷണങ്ങളിലും ചില ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളും കണ്ടിരുന്നു. XBB 1.16ന്റെ കാര്യത്തിലും അങ്ങനെ തന്നെ. കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും അറിവുകളും കണക്കുകളും പലയിടങ്ങളിൽ നിന്നായി ശേഖരിക്കുകയും ഏവരിലേക്കും പങ്കുവയ്ക്കുകയും ചെയ്ത 'ZOE ഹെൽത്ത് സ്റ്റഡി' എന്ന പ്രോജക്ടിന്റെ റിപ്പോർട്ട് പ്രകാരം XBB 1.16 വകഭേദത്തിൽ വരുന്ന ചില ലക്ഷണങ്ങളെ കുറിച്ച് മനസിലാക്കൂ...
പുതിയ ചില ലക്ഷണങ്ങൾ...
സാധാരണഗതിയിൽ നമുക്കറിയാം, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മൽ, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ - ചില രോഗികളിൽ ശ്വാസതടസം എന്നിവയെല്ലാമാണ് കൊവിഡിന്റേതായി വരുന്ന ലക്ഷണങ്ങൾ.
ഇതിൽ നിന്ന് വലിയ രീതിയിൽ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടില്ല. എന്നാൽ ചില ലക്ഷണങ്ങൾ നിലവിൽ കൂടിനിൽക്കുന്നതായാണ് 'ZOE ഹെൽത്ത് സ്റ്റഡി' ചൂണ്ടിക്കാട്ടുന്നത്.
ശ്വാസതടസം- അതിനൊപ്പം ഛർദ്ദിയോ ഓക്കാനമോ, വയറിളക്കം, തൊലിപ്പുറത്ത് നിറവ്യത്യാസം- തടിപ്പ്- ചൊറിച്ചിൽ- കുരുക്കൾ, കാൽവിരലുകളിലോ കൈവിരലുകളിലോ ചെറിയ നീര്, ചിന്തകൾ ബാധിക്കപ്പെടുന്ന അവസ്ഥ- കാര്യങ്ങളിൽ അവ്യക്തത (ബ്രെയിൻ ഫോഗ്), കണ്ണ് വേദന- കണ്ണിൽ കലക്കം, പ്രകാശത്തിലേക്ക് നോക്കാൻ സാധിക്കാത്ത അവസ്ഥ, കണ്ണിൽ ചൊറിച്ചിൽ, ചെങ്കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് പുതിയ വകഭേദത്തിൽ കൂടുതലായി കാണുന്നതെന്ന് 'ZOE ഹെൽത്ത് സ്റ്റഡി' വ്യക്തമാക്കുന്നു.
രോഗലക്ഷണങ്ങൾ കാണുന്നപക്ഷം പരിശോധിക്കുകയും രോഗം സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽ നിന്ന് മാറിനിൽക്കുകയും വേണം. അതുപോലെ തന്നെ പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കുന്നതും സാമൂഹികാകാലം പാലിക്കുന്നതും ആവശ്യമില്ലാത്ത ആൾക്കൂട്ടമൊഴിവാക്കുന്നതും കൈകൾ ശുചിയായി സൂക്ഷിക്കുന്നതുമെല്ലാം രോഗം വരാതിരിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. വീട്ടിൽ പ്രായമായവർ ഉള്ളവർ തീർച്ചയായും ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുക.
മറുനാടന് മലയാളി ബ്യൂറോ