- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് അതിവേഗം വ്യാപിക്കുന്നു; തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണത്തിന് മാർഗനിർദേശങ്ങളുമായി സർക്കുലർ പുറത്തിറക്കി; നവകേരള സദസിന് തടസമുണ്ടാകാതിരിക്കാൻ സർക്കാർ കോവിഡ് നിസാരവൽക്കരിക്കുന്നുവോ?
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുന്നു. കോവിഡ് വ്യാപനം നവകേരള സദസിന് തടസമുണ്ടാകാത്ത വിധത്തിൽ കൈകാര്യം ചെയ്യാൻ സർക്കാരും ആരോഗ്യവകുപ്പും രംഗത്ത്. കോവിഡ് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ് വിവിധ ജില്ലകളിൽ സർക്കുലർ പുറത്തിറക്കി. ഇത് ആരോഗ്യപ്രവർത്തകർ മാത്രം പാലിച്ചാൽ മതിയെന്ന തരത്തിലാണ് സർക്കുലർ വന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇത്തരത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ പുറത്തിറക്കിയ സർക്കുലറിൽ എട്ട് നിർദേശങ്ങളാണുള്ളത്.
1. നിലവിൽ ലാബ് സൗകര്യമുള്ള ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് (ആർടിപിസിആർ ആൻഡ് ആന്റിജൻ) ചെയ്യാനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കേണ്ടതാണ്.
2. കോവിഡ് ബാധിതരായവർക്ക് കിടത്തി ചികിൽസാ സൗകര്യം വേണ്ടി വരികയാണെങ്കിൽ മേജർ ആശുപത്രികളിൽ 10 കിടക്കകൾ വീതം സജ്ജമാക്കേണ്ടതാണ്. (ജനറൽ ആശുപത്രി തിരുവനന്തപുരം/നെയ്യാറ്റിൻകര, ജില്ലാ ആശുപത്രി, നെടുമങ്ങാട് ജില്ലാ മാതൃകാ ആശുപത്രി പേരൂർക്കട, താലൂക്കാസ്ഥാന ആശുപത്രി ചിറയിൻകീഴ്/ പാറശാല, താലൂക്ക് ആശുപത്രി, ആറ്റിങ്ങൽ/വർക്കല).
3. ജില്ലാ മോഡൽ ആശുപത്രി പേരൂർക്കട, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തൈക്കാട്, എന്നിവിടങ്ങളിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് 10 കിടക്കകൾ വീതം ലഭ്യമാക്കേണ്ടതാണ്.
4. ഗർഭിണികൾ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ള രോഗികൾ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് കോവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.
5. കോവിഡ് രോഗികളെ റഫർ ചെയ്യുന്നതിന് ഡിപിഎംഎസ്യു സംവിധാനം നിലവിലില്ലാത്തതിനാൽ ആശുപത്രികളിൽ കോവിഡ് രോഗികളെ റഫർ ചെയ്യേണ്ട സാഹചര്യം വന്നാൽ ടി ആശുപത്രികളിലെ പിആർഓമാർ കോവിഡ് കിടക്കകളുടെ ലഭ്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ റഫർ ചെയ്യുവാൻ പാടുള്ളൂ.
6. ആംബുലൻസുകൾ അണുവിമുക്തമാക്കുന്നതിന് കോവിഡ് ഹോസ്പിറ്റലുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
7. ആവശ്യമായ ആർടിപിസിആർ ആൻഡ് ആന്റിജൻ കിറ്റ് ലഭ്യമാക്കുവാൻ ജില്ലാ ലാബ് ഓഫീസറെ സമീപിക്കണം.
8. ആവശ്യമായ പി.പി കിറ്റുകൾ, ഫേസ് ഷീൽഡുകൾ, പൾസ് റെക്സിമിറ്റർ എന്നിവ ലഭ്യമാക്കുവാൻ സ്റ്റോർ വേരിഫിക്കേഷൻ ഓഫീസറെ സമീപിക്കണം.
ഈ സർക്കുലറിൽ നിന്ന് കോവിഡ് വ്യാപനം ഗൗരവമായി കാണേണ്ട ഒന്നു തന്നെയാണെന്നാണ് വ്യക്തമാകുന്നത്. നവകേരള സദസിൽ നിർബന്ധിച്ചും ഭീഷണി മുഴക്കിയും ആയിരങ്ങളെയാണ് എത്തിക്കുന്നത്. ആൾക്കൂട്ടം കോവിഡ് പകരാൻ ഇടയാക്കുമെന്നതിന് സംശയമില്ല. നവകേരള സദസ് വരും ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും. അത് വരെ രോഗവ്യാപനത്തിന്റെ തീവ്ര അവസ്ഥ മറച്ചു വയ്ക്കുകയാണ് എന്നൊരു ആരോപണവും ഉയരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്