- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നു വരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ ഏറ്റവും വേഗത കൂടിയത് ചൈനയിൽ പടരുന്നതെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; അമേരിക്ക അടക്കമുള്ള രാജ്യങ്ങൾക്കും ഉറക്കം നഷ്ടപ്പെട്ടു; 10 കോടി രോഗികൾ എന്ന റെക്കോർഡ് കടന്ന് യു എസ്; കോവിഡിൽ നിന്നും ലോകത്തിന് മോചനമില്ലേ?
ന്യൂയോർക്ക്: കോവിഡിന്റെ മൂർദ്ധന്യഘട്ടത്തിൽ, ലോകം മുഴുവൻ വാതിലുകൾ കൊട്ടിയടച്ച് വീടുകളിൽ ഒതുങ്ങിക്കൂടിയപ്പോൾ തന്നെ ചില ശാസ്ത്രജ്ഞർ മുന്നറിയിപ്പ് തന്നിരുന്നതാണ്, ഇതിൽ നിന്നുംനമുക്ക് മോചനമില്ല എന്ന്. ആ വാക്കുകൾ യാഥാർത്ഥ്യമായി വരികയാണിപ്പോൾ, ഉൽപരിവർത്തനം സംഭവിച്ച് നിത്യേനയെന്നോണം പുതിയ വകഭേദങ്ങൾ ലോകത്തെ പിടിയിലമർത്തുമ്പോൾ ആധുനിക ശാസ്ത്രം പോലും പകച്ചു നിൽക്കുകയാണ്, ഈ കോവിഡിനെ എങ്ങനെ കീഴ്പ്പെടുത്തണം എന്നറിയാതെ.
ലോകത്തെ അതിവേഗം ഗ്രസിക്കാൻ ഇപ്പോൾ പുതിയൊരു വകഭേദം കൂടി ഇറങ്ങിയിരിക്കുന്നു. എക്സ് ബി ബി 1.5 എന്ന പേരിൽ അറിയപ്പെടുന്ന ഈ വകഭേദം തന്റെ മുൻഗാമികളെയൊക്കെക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നു. മാത്രമല്ല, ഇതിന്റെ ലക്ഷണങ്ങൾ വരെ ആദ്യകാല കോവിഡ് ലക്ഷണങ്ങളിൽ നിന്നും വ്യത്യസമാകുന്നുണ്ട് പലപ്പോഴും.
എക്സ് എക്സ് ബി എന്ന, 2022 സെപ്റ്റംബറിൽ യു കെയിൽ പടരാൻ തുടങ്ങിയ വകഭേദത്തിന്റെ ഉപവകഭേദമാണ് എക്സ് ബി ബി 1.5 എന്നത്. എക്സ് ബി ബിക്ക് സംഭവിച്ച ചില പ്രത്യേക മ്യുട്ടേഷൻ കാരണം അതിന് വാക്സിൻ തീർക്കുന്ന പ്രതിരോധത്തെ ഒഴിഞ്ഞു പോകാനുള്ള കഴിവ് ഉണ്ടായിരുന്നു. എന്നാൽ, ഇതേ മ്യുട്ടേഷൻ മൂലം മനുഷ്യ കോശത്തിലേക്ക് നേരിട്ട് പ്രവേശിക്കുവാനുള്ള കഴിവ് ഇല്ലാതെയവുകയും ചെയ്തിരുന്നു.
എന്നാൽ, എക്സ് ബി ബി 1.5 ൽ കാലം ആ കുറവ് പരിഹരിച്ചിരിക്കുന്നു എന്നാണ് ഇംപീരിയൽ കോളേജ് ലണ്ടനിലെ പ്രൊഫസർ വെൻഡി ബാർക്ലേ പറയുന്നത്. എക്സ് ബി ബി 1.5 യിൽ നടന്ന എഫ് 486പി എന്ന മ്യുട്ടേഷൻ വഴി മനുഷ്യകോശങ്ങളിൽ തൂങ്ങിക്കിടക്കുന്നതിനുള്ള കഴിവ് ഇതിനു വീണ്ടും ലഭിച്ചു. ഒപ്പം, വാക്സിൻ നൽകുന്ന പ്രതിരോധ ശേഷി ഒഴിവാക്കുന്നതിനുള്ള കഴിവും ഉണ്ട്. അതുകൊണ്ടു തന്നെ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യാപനശേഷിയുള്ള വകഭേദമായി മാറിയിരിക്കുകയാണ് എക്സ് ബി ബി 1.5.
നിലവിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളിൽ 40 ശതമാനത്തിൽ അധികം പേരെയും ബാധിച്ചിരിക്കുന്നത് ഈ വകഭേദമാണ്. ഡിസംബർ ആദ്യം, ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുമ്പോൾ വെറും 4 ശതമാനം രോഗികളിൽ മാത്രമായിരുന്നു ഇത് ഉണ്ടായിരുന്നത്. അതിവേഗമുള്ള വ്യാപനം മൂലം ഇപ്പോൾ അമേരിക്കയിൽ ഏറ്റവും അധികം വ്യാപിച്ചിരിക്കുന്ന വകഭേദമായി ഇത് മാറിയിരിക്കുകയാണ്.
അതേസമയം, യു കെയിലെ 25 കോവിഡ് കേസുകളിൽ ഒന്നു വീതം എക്സ് ബി ബി 1.5 ആണെന്നാണ് കേംബ്രിഡ്ജിലെ സാംഗർ ഇൻസ്റ്റിറ്റിയുട്ടിന്റെ പഠനത്തിൽ വെളിപ്പെട്ടത്. എന്നാൽ, വെറും ഒൻപത് രോഗികളിൽ നിന്നും മാത്രം സാമ്പിൽ സ്വീകരിച്ചു നടത്തിയ പഠനമായിരുന്നു അത്. അതുകൊണ്ടു തന്നെ, കുറച്ചുകൂടി വ്യക്തമായ ഒരു ചിത്രം യു കെയെ സംബന്ധിച്ച് ലഭിക്കണമെങ്കിൽ, ഇനിയും ഒന്നു രണ്ടാഴ്ച്ച കൂടി കാത്തിരിക്കേണ്ടിവരും എന്നാണ് ഗവേഷകർ പറഹ്യൂന്നത്.
എന്നാൽ, കൂടുതൽ സാധ്യത എക്സ് ബി ബി 1.5 മറ്റൊരു കോവിഡ് തരംഗത്തിന് യു കെയിൽ തുടക്കമിടാനാണ് എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പ്രൊഫസർ പോൾ ഹണ്ടർ പറയുന്നത്. അതേസമയം, ഒരു ഇരട്ടമഹാമാരി പ്രതീക്ഷിക്കുന്നതായി എൻ എച്ച് എസ് വൃത്തങ്ങളും പറയുന്നു. കോവിഡിനൊപ്പംഫ്ളൂവും വ്യാപനം ശക്തമാക്കുകയാണ്. ഇത് എൻ എച്ച് എസിനെയും മൊത്തത്തിൽ ബ്രിട്ടനെയും കടുത്ത ദുരിതത്തിലാഴ്ത്തും എന്നതിൽ സംശയമൊന്നുമില്ല.
മറുനാടന് ഡെസ്ക്