ന്യൂഡൽഹി: ചൈനയിൽ നിന്നും മോശം റിപ്പോർട്ടുകൾ വന്നതോടെ, ഇന്ത്യയിലും കോവിഡിന് എതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര സർക്കാർ. ആൾക്കുട്ടമുള്ള സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. കോവിഡ് സാഹചര്യം വിലയിരുത്താൻ ആഴ്ച തോറും യോഗം ചേരാൻ ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും അവലോകന യോഗം ചേർന്നത്. യോഗത്തിന് ശേഷം മന്ത്രി ട്വീറ്റ് ചെയ്തു: ' കോവിഡ് അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാനും, ജാഗരൂകരായിരിക്കാനും ബന്ധപ്പെട്ട എല്ലാവർക്കും ഞാൻ നിർദ്ദേശം നൽകി. ഏതു സാഹചര്യവും നേരടാൻ ഞങ്ങൾ തയ്യാറാണ്'.-''ട്വീറ്റ് ഇങ്ങനെ.

'പരിഭ്രാന്തിയുടെ ആവശ്യമില്ല. ആവശ്യമായ പരിശോധനകൾ നടത്തുന്നുണ്ട്. ജന തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും ഇത് കർശനമായും പാലിക്കണം. രാജ്യത്ത് 27-28 ശതമാനം പേർ മാത്രമാണ് മുൻ കരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളത്. പ്രായമേറിയവർ നിർബന്ധമായും കരുതൽ ഡോസ് സ്വീകരിക്കണം. പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും കരുതൽ ഡോസ് സ്വീകരിക്കാൻ തയ്യാറാകണം. അന്താരാഷ്ട്ര യാത്രാ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റമൊന്നുമില്ല, നിതി ആയോഗ് അംഗവും കോവിഡിനെ കുറിച്ചുള്ള ദേശീയ ദൗത്യ സംഘത്തലവനുമായ വി കെ പോൾ പറഞ്ഞു.

എന്തായാലും, വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് കോവിഡ്് കേസുകൾ പടരുന്നത് തടയാൻ നടപടികൾ ഉണ്ടായേക്കും. യാത്രക്കാർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. നിലവിലുള്ള കോവിഡ് വകഭേദങ്ങൾ തിരിച്ചറിയാൻ, ജെനോം സീക്വൻസിങ് നടത്താൻ എല്ലാം സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പുതുവത്സരാഘോഷ പരിപാടികൾക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടി വന്നേക്കും.

ചൈന, ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജനിതക വകഭേദങ്ങളെ തിരിച്ചറിയുക അനിവാര്യമാണെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു. ആഴ്ച തോറും ലോകമെമ്പാടുമായി 35 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് കോവിഡ് 19 ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്ന് സംസ്ഥാനങ്ങൾക്കുള്ള നോട്ടീസിൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. പുതിയ വകഭേദങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ ജെനോം സീക്വൻസിങ് സഹായിക്കും. എല്ലാ പോസിറ്റീവ് കേസുകളും ദിനംപ്രതി ജെനോം സീക്വൻസിങ്ങിന് സംസഥാനങ്ങൾ വിധേയമാക്കണം.

പരിശോധിക്കുക, ട്രാക്ക് ചെയ്യുക, ചികിത്സിക്കുക, വാക്സിനേറ്റ് ചെയ്യുക, ശരിയായ സാമൂഹിക അകലം പാലിക്കുക എന്നീ പഞ്ച തന്ത്രങ്ങളിലൂടെ കോവിഡ് 18 വൈറസ് വ്യാപനത്തെ ഇന്ത്യയിൽ നിയന്ത്രിക്കാൻ കഴിഞ്ഞു. ആഴ്ച തോറും, 1200 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ, നിലവിലുള്ള വകഭേദങ്ങൾക്ക് ജനിതക മാറ്റം സംഭവിച്ചോ എന്നതാണ് നിരീക്ഷിക്കുന്നതെന്ന് രാജേഷ് ഭൂഷൺ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 129 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. സജീവമായ കേസുകൾ 3408 ആണ്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,30,677 ആയി.

നിലവിൽ പിരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ സന്ദേശം. എന്നാൽ, ജാഗ്രതയോടെ പെരുമാറുന്നത് ഗുണം ചെയ്യും. 'ചൈനയിലെ സാഹചര്യം നമ്മൾ വളരെ ജാഗ്രതയോടെ നിരീക്ഷിക്കണം. ഇപ്പോൾ പേടിക്കാൻ ഒന്നുമില്ല, ജെനോം നിരീക്ഷണമാണ് ഇപ്പോൾ വേണ്ടത്',കോവിഡ് 19 വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ. കെ അറോറ പറഞ്ഞു.

ചൈനയിൽ ആശുപത്രികൾ നിറഞ്ഞു

ചൈനയിൽ വീണ്ടും സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്. ആശുപത്രികൾ പൂർണമായി നിറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെയാണ് കേസുകൾ കുതിച്ചുകയറിയത്. നിയന്ത്രണങ്ങൾ മാറ്റിയെങ്കിലും, ആരും പുറത്തിറങ്ങുന്നില്ല. വേഗത്തിൽ പടരുന്ന ഓമിക്രോൺ വകഭേദം നഗരങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി വരാനുള്ള മൂന്നു കോവിഡ് തരംഗങ്ങളിൽ ആദ്യത്തേതാണ് ഇതൈന്നാണ് കണക്കുകൂട്ടൽ. ചൈനയിൽ 60 ശതമാനത്തിലധികം പേരെയും, ലോകജനസംഖ്യയുടെ 10 ശതമാനത്തെയും മൂന്നുമാസത്തിനുള്ളിൽ കോവിഡ് പിടികൂടുമെന്നാണ് പകർച്ച വ്യാധി വിദഗ്ദ്ധർ പറയുന്നത്. മരണസംഖ്യയും ഏറാൻ സാധ്യതയുണ്ട്.

ബീജിങ്ങിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞെങ്കിൽ, ശ്മശാനങ്ങൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെയാണ് വീണ്ടും ഭീതിജനകമായ അന്തരീക്ഷം വന്നതെന്ന് നാട്ടുകാർ പറയുന്നു. വളരെ വേഗത്തിലാണ് വൈറസ് വ്യാപനമെന്നതാണ് ആരോഗ്യ വിദഗ്ധരെ വിഷമിപ്പിക്കുന്നത്.