- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിന് എടുത്ത ശേഷം യുവാക്കളില്‍ മരണനിരക്ക് കൂടുന്നുവോ? പ്രചരണത്തിന് പിന്നിലെ സത്യവസ്ഥ എന്ത്; യുവാക്കളുടെ മരണനിരക്കില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ; പ്രതികരണവുമായി ആരോഗ്യ വിദഗ്ധരും
കോവിഡ് വാക്സിന് എടുത്ത ശേഷം യുവാക്കളില്‍ മരണനിരക്ക് കൂടുന്നുവോ?
തിരുവനന്തപുരം: കോവിഡ് കാലത്തിന് ശേഷം ഉണ്ടാകുന്ന യുവാക്കളുടെ മരണങ്ങള്‍ മുന്‍പത്തെ കാലത്തെ അപേക്ഷിച്ച് വളരെയേറെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്.പ്രധാനകാരണം കാഴ്ച്ചയില്‍ വളരെ ആരോഗ്യമുള്ളവരും കൃത്യമായ വ്യായാമത്തിലൂടെയും മറ്റും ആരോഗ്യം ശ്രദ്ധിക്കുന്നവരുമാണ് മരണപ്പെടുന്നതെന്നതും ഒട്ടുമിക്ക മരണങ്ങളും ഹൃദയാഘാതത്തെത്തുടര്‍ന്നാണെന്നതമാണ്.ഇതിന്റെ തുടര്‍ച്ചയായാണ് ചര്‍ച്ചകള്‍ കോവിഡ് വാക്സിനിലേക്കെത്തുന്നത്.
കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ മരണങ്ങള്‍ സംഭവിക്കുന്നതെന്ന തരത്തിലാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്.ഇതിനിലെ കഴിഞ്ഞ വര്‍ഷങ്ങളിലെ യുവാക്കളുടെ മരണനിരക്ക് പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.കോവിഡ് 19 വാക്‌സിനേഷന്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന പ്രചാരണം തെറ്റെന്നു തെളിയിക്കുന്നതാണ് സര്‍ക്കാര്‍ കണക്കുകളെന്ന് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ നാലുവര്‍ഷക്കാലയളവില്‍ യുവാക്കളുടെ മരണനിരക്കില്‍ കാര്യമായ മാറ്റം ഇല്ലെന്നാണ് കര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
അതായത് 2019 നും 2023 നും ഇടയില്‍ 35-44 പ്രായ പരിധിയിലുള്ള യുവാക്കളുടെ ഇടയില്‍ മരണനിരക്കില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ പ്രായപരിധിയിലെ മരണനിരക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുകയാണ്.2019ല്‍ 3.30 ശതമാനമാണ് മരണനിരക്ക്.ഇത് കോവിഡിന് മുന്‍പുള്ള കാലമാണ്.വാക്‌സിനേഷന്‍ എടുത്തതിന് ശേഷമുള്ള 2022, 2023 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 3.13 ശതമാനം, 3.23 ശതമാനം എന്നിങ്ങനെയാണ്.2020ലും 2021ലും മരണനിരക്ക് 3.29 ശതമാനവും 3.23 ശതമാനവുമാണ്.അങ്ങിനെ വരുമ്പോള്‍ വാക്സിന് ശേഷം മരണം കൂടുന്നുവെന്ന വാദം തെറ്റാണെന്ന് ബോധ്യപ്പെടും.
മാത്രമല്ല വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ കാരണമാണ് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാവുന്നതെന്ന് പഠനങ്ങളിലൊന്നും തെളിയിച്ചിട്ടില്ല. മരണ നിരക്കു സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളും ഈ പ്രായപരിധിയിലുള്ളവരുടെ മരണത്തെ വാക്സിനേഷനുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്.കേരളത്തില്‍ 18-44 പ്രായപരിധിയിലുള്ള 1,29,45,396 പേരാണ് കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 1,08,60,254 പേര്‍ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അകാലമരണങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ലഭ്യമായ മരണനിരക്ക് കണക്കുകള്‍ വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന ആരോഗ്യ വിദഗ്ധരുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതാണ്.അടുത്തിടെ പ്രത്യേകിച്ച് ജോലി സമയത്തോ വ്യായാമ വേളയിലോ വ്യക്തമായ കാരണമില്ലാതെ യുവാക്കള്‍ക്ക് മരണം സംഭവിക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു.കോവിഡ് വാക്സിനാണ് ഇതിനു കാരണം എന്നായിരുന്നു പലരും അവകാശപ്പെട്ടത്.
വിഷയത്തില്‍ പ്രതികരണവുമായി ആരോഗ്യ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.ലഭ്യമായ ഏറ്റവും സുരക്ഷിതമായ വാക്സിനുകളില്‍ ഒന്നാണ് കോവിഷീല്‍ഡ് എന്ന് കോവിഡ്, വയോജന വാക്സിനേഷനെ കുറിച്ച് സംസ്ഥാനത്തിന് ഉപദേശം നല്‍കുന്ന വിദഗ്ധ സമിതിയുടെ തലവനും ആരോഗ്യ വിദഗ്ധനുമായ ഡോ. ബി ഇക്ബാല്‍ അഭിപ്രായപ്പെടുന്നു.
മാത്രമല്ല യുവാക്കളുടെ മരണത്തിന് ചില നിരീക്ഷണങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.'ഈ പ്രായപരിധിയിലുള്ള ആളുകള്‍ മരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാംക്രമികേതര രോഗങ്ങളും സാംക്രമിക രോഗങ്ങളും മൂലം മരണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വളരെക്കാലം മുമ്പ് പുറത്തിറക്കിയ വാക്‌സിനുകള്‍ക്ക് പകരം പ്രമേഹ നിയന്ത്രണം, പൊണ്ണത്തടി, കോവിഡിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യണം'- ഡോ. ബി ഇക്ബാല്‍ പറഞ്ഞു.
'ഏതെങ്കിലും ചെറുപ്പക്കാരന്‍ മരിച്ചാല്‍ വാക്‌സിന്‍ കാരണമാണെന്ന നിഗമനത്തില്‍ എത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നിലനില്‍ക്കുമെന്ന് കരുതുന്നതും തെറ്റാണ്. വാക്‌സിനേഷന്‍ യുവാക്കളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ ഈ കേസുകള്‍ വളരെ അപൂര്‍വമാണ്. മരണനിരക്ക് അത് പ്രതിഫലിപ്പിക്കുന്നു'- ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ എപ്പിഡെമിയോളജിസ്റ്റും എമറിറ്റസ് പ്രൊഫസറുമായ ഡോ. വി രാമന്‍കുട്ടി വിശദമാക്കുന്നു.