കണ്ണൂർ: കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തൊടുങ്ങിയ സംഭവത്തിൽ ക്ഷീരകർഷകനെ സർക്കാർ അവഗണിക്കുന്നതായി പരാതി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കർഷകന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന മൃഗസംരക്ഷണവകുപ്പിന്റെ നിലപാട് വ്യാപകമായ പതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു മൃഗസംരക്ഷണവകുപ്പ് മന്ത്രി ചിഞ്ചുറാണി സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ നായാട്ടുപാറ കോവൂരിൽ പ്രിതീഷ് എന്നയാളുടെ ഫാമിലെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയത്. ഭക്ഷണം ദഹിക്കാതെ വയർ വീർത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത വെറ്റിനറി സർജൻ വ്യക്തമാക്കിയിരുന്നു. പശുക്കൾ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സർക്കാർ നൽകണമെന്നാണ് ഫാം ഉടമയുടെ ആവശ്യം. എന്നാൽ കേടുവന്ന കാലിത്തീറ്റ മടക്കിയെടുക്കാമെന്നായിരുന്നുഫാമിലെത്തിയ കേരള ഫീഡ്‌സ് ഉദ്യോഗസ്ഥരുടെ നിലപാടെന്നും കർഷകൻ പറഞ്ഞു.

ഇതിനെ തുടർന്നാണ് മന്ത്രിക്ക് പരാതി നൽകിയത്. സംഭവത്തെ കുറിച്ചു ജില്ലാമൃഗസംരക്ഷവകുപ്പ് ഓഫീസർ വിശദമായ അന്വേഷണം നടത്തിവരികയാണ്. നേരത്തെ കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ഫാമിലെ നൂറോളം പന്നികളെ മൃഗസംരക്ഷണവകുപ്പ് ദയാവധത്തിന് ഇരയാക്കിയിരുന്ന. ഇതിനു ശേഷം പേരാവൂരിലും പന്നിപ്പനി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

അതിനാൽ പേരാവൂർ ബ്ളോക്കിലെ ഫാമുകളിലെ കർഷകർക്ക് ജാഗ്രതാ സന്ദേശം നൽകിയിട്ടുണ്ട്. പന്നികളെ ദയാവധത്തിന് ഇരയാക്കിയ ഫാംകർഷകർക്ക് മന്ത്രി നേരിട്ടെത്തിയാണ് നഷ്ടപരിഹാരം നൽകിയത്. ഇതിനു സമാനമായി പശുക്കൾ ചത്ത ക്ഷീരകർഷകരായ ഫാം ഉടമകൾക്കും നഷ്ടപരിഹാരം നൽകണമെന്ന വാദവും ശക്തമായിട്ടുണ്ട്. എന്നാൽ ഈക്കാര്യത്തിൽ വകുപ്പുതല തീരുമാനമുണ്ടായാലേ നടപടിയുണ്ടാവുകയുള്ളൂവെന്നാണ് ജില്ലയിലെ മൃഗസംരക്ഷണവകുപ്പിന്റെ നിലപാട്. കാലിതീറ്റ കഴിച്ചതിനാൽ പശുക്കൾ ചത്തോടുങ്ങിയത് കണ്ണൂർ ജില്ലയിലെ ക്ഷീരകർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

എത്രയും വേഗം പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ക്ഷീരമേഖലയിൽ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് കർഷകർ പശുവളർത്തൽ നടത്തുന്നത്. ഇതിനിടെയാണ് കാലിതീറ്റ കഴിച്ചു ദഹനകുറവുണ്ടായ പശുക്കൾ ചത്തൊടുങ്ങിയത്.