പൂപ്പാറ: ഇടുക്കിയിലെ കാട്ടാനശല്യത്തിൽ രൂക്ഷപ്രതികരണവുമായി ജില്ലാ ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു എത്തുമ്പോൾ കേസെടുക്കുന്നതിലെ സാധ്യത തേടി വനം വകുപ്പ്. ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവരെ ഞങ്ങൾക്കറിയാമെന്നും തമിഴ്‌നാട്ടിലും കർണാടകയിലും അത്തരം സുഹൃത്തുക്കളുണ്ടെന്നും അവരെ ഇറക്കുമെന്നും മാത്യു പറഞ്ഞു. ഇത് വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്ന പൊതു നയത്തിന് എതിരാണ്. അതുകൊണ്ട് തന്നെ പ്രകോപന പരമായ പ്രസംഗത്തിൽ കേസ് വന്നേക്കും.

ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലാണ് ക്യാമ്പ് ചെയ്യുന്നത്. ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളത്. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം നാളെകഴിഞ്ഞ് വരുമെന്നാണ് അറിയിച്ചത്. വരുമായിരുന്നെങ്കിൽ അന്ന് മന്ത്രി ഇവിടെ സന്ദർശിക്കുമായിരുന്നു, ശശീന്ദ്രനെ എനിക്കറിയാം. പക്ഷേ വന്നില്ല. ഇപ്പോഴും അരുൺ സക്കറിയ സ്ഥലത്തെത്തിയിട്ടില്ല, മാത്യു പറഞ്ഞു.

ജില്ലയിലെ കാട്ടാനശല്യത്തിനെതിരേ പൂപ്പാറയിൽ ഇടുക്കി ജില്ലാ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ നിരാഹാര സമരം നടത്തുന്നുണ്ട്. ഈ സമരവേദിയിലെത്തിയപ്പോഴായിരുന്നു മാത്യുവിന്റെ പരാമർശം. ഡി.സി.സിയുടെ കൂടി നേതൃത്വത്തിലാണ് ഈ പ്രതിഷേധ സമരം നടക്കുന്നത്. അതിരൂക്ഷമായ പ്രതികരണമാണ് ഡിസിസി അധ്യക്ഷൻ നടത്തിയത്. ഇത് നാട്ടുകാരെ പ്രകോപിതരാക്കാനും നാട്ടുകാരെ അക്രമത്തിലേക്ക് തള്ളി വിടാനുമുള്ളതാണെന്ന് സർക്കാർ വിലയിരുത്തുന്നു.

ഞങ്ങൾക്ക് തമിഴ്‌നാട്ടിലും കർണാടകത്തിലുമൊക്കെ ആനയുടെ തിരുനെറ്റിക്ക് കൃത്യമായി വെടിവെക്കുന്ന സുഹൃത്തുക്കളൊക്കെയുണ്ട്. ആവശ്യമില്ലാത്ത പണിയിലേക്ക് പോകരുത്. ആന കാരണമുള്ള ബുദ്ധിമുട്ട് ഇനിയുണ്ടായാൽ, ആ ആളുകളെ കൊണ്ടുവന്ന് അതിന്റെ തിരുനെറ്റിക്ക് തന്നെ വെടിവെക്കാൻ നിയമവിരുദ്ധമാണെങ്കിൽ ആയിക്കോട്ടെ പക്ഷേ, വെടിവെച്ചുകൊല്ലാൻ ഞങ്ങൾ നിർബന്ധിതമാകും- മാത്യു കൂട്ടിച്ചേർത്തു.

രാജ്യത്ത് മൃഗവേട്ട നിരോധിച്ചിട്ടുണ്ട്. എന്നിട്ടും അത്തരക്കാർ സുഹൃത്തുക്കളായുണ്ടെന്നാണ് മാത്യു പറയുന്നത്. ഇതും ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണെന്ന് വനം വകുപ്പ് വിലയിരുത്തുന്നു. നിയമവിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ടാണ് പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ഈ പ്രസ്താവനയിൽ വിശദ നിയമോപദേശം തേടും. അതിന് ശേഷം വനം വകുപ്പ് കേസെടുക്കാനാണ് സാധ്യത.