ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ ശ്രദ്ധേയമായത് ജഗ്ദീപ് ധന്‍കറുടെ സാന്നിദ്ധ്യമായിരുന്നു.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 452 വോട്ടുനേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.പി.രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ബി.സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരില്‍ 767 പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. റെക്കോര്‍ഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതില്‍ 15 വോട്ടുകള്‍ അസാധുവായി. എന്‍ഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആര്‍സിപിയിലെ 11 എംപിമാരും രാധാകൃഷ്ണനെ പിന്തുണച്ചു. ഇതുകൂടാതെ പ്രതിപക്ഷത്തുനിന്ന് ചോര്‍ന്ന 14 വോട്ടും രാധാകൃഷ്ണന് അധികമായി ലഭിച്ചു.

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സിപി രാധാകൃഷ്ണന്‍. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.

1957 മെയ് നാലിന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സിപി രാധാകൃഷ്ണന്‍ ജനിച്ചത്. ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ ശേഷം ആര്‍എസ്എസിന്റെ പുര്‍ണ്ണ സമയ പ്രവര്‍ത്തകനായി. 1974ല്‍ ഭാരതീയ ജനസംഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1996ല്‍ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സെക്രട്ടറിയായി. 1998ലും 1999ലും കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2007 വരെ ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷനായിരുന്നു.

2016ല്‍ കൊച്ചി കയര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി. 2020 മുതല്‍ രണ്ട് വര്‍ഷം കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായിരുന്നു. 2023 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. 2024 ജൂലൈയില്‍ മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റു. തെലങ്കാനയുടെയും പുതുച്ചേരിയുടെയും ഗവര്‍ണറായുള്ള ചുമതലയും വഹിച്ചിരുന്നു.