- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടുത്ത അതൃപ്തിയിൽ ഇടതുമുന്നണിയിലെ രണ്ടാമൻ; കളക്ടർ വിവാദം ഇനി ആളിക്കത്തും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അപക്വമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ച ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിഷയത്തിൽ സിപിഐയ്ക്ക് കടുത്ത അമർഷം. സിപിഎം നേതൃത്വത്തെ ഇക്കാര്യം സിപിഐ അറിയിക്കും. ഇതോടെ കുഴി നഖ ചികിൽസാ വിവാദം തുടരുമെന്ന് ഉറപ്പായി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ജോയിന്റ് കൗൺസിൽ പ്രതിഷേധ പ്രകടനം നടത്തും.
'എന്തുകൊണ്ടാണ് എനിക്കെതിരെ നടപടിയെടുക്കുന്നത് എന്ന് മനസിലാകുന്നില്ല, പ്രതികരിക്കേണ്ടപ്പോൾ പ്രതികരിക്കും'; ജീവനക്കാരുടെ വിഷയത്തിൽ സർവീസ് സംഘടന പ്രതികരിച്ചില്ലെങ്കിൽ, പിന്നെ ആരാണ് പ്രതികരിക്കേണ്ടതെന്ന് കളക്ടറെ വിമർശിച്ചതിന് നടപടി നേരിടുന്ന ജയചന്ദ്രൻ കല്ലിങ്കൽ പ്രതികരിക്കുകയും ചെയ്തു. സിവിൽ സർവ്വീസിലെ ചില നെറികേടുകൾക്കെതിരെയാണ് പോരാട്ടം. കളക്ടർക്കെതിരെ നിരവധി പരാതികളുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും കസേര നൽകാതെ കളക്ടർ നിർത്താറുണ്ടെന്നും കല്ലിങ്കൽ ആരോപിച്ചു. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കും. സംഘടനാ നേതാവെന്ന നിലയിൽ പ്രതികരിക്കേണ്ടതു കൊണ്ടാണ് അഭിപ്രായം പറഞ്ഞത്-കല്ലിങ്കൽ വിശദീകരിച്ചു.
കുഴിനഖ ചികിത്സയ്ക്ക് സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നടപടിയ്‌ക്കെതിരെ ചാനൽ ചർച്ചയിൽ സംസാരിച്ചതിനാണ് നോട്ടീസ്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കളക്ടറുടെ നടപടിയ്‌ക്കെതിരെ കെജിഎംഒഎ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ചാനൽ ചർച്ചയിൽ ജയശ്ചന്ദ്രൻ കല്ലിംഗൽ വിമർശിച്ചത്. മാതൃഭൂമി ചാനലിലായിരുന്നു പ്രതിഷേധം.
റവന്യു വകുപ്പിൽ തഹസിൽദാർ കൂടിയായ ജയശ്ചന്ദ്രൻ കല്ലിംഗലിന് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ കളക്ടറുടെ കുഴിനഖ ചികിത്സയെക്കുറിച്ച് നോട്ടീസിൽ ഒരു വാക്ക് പോലും പരാമർശിച്ചിട്ടില്ല. വരണാധികാരി കൂടിയായ ജില്ലാ കളക്ടറെ വിമർശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് നോട്ടീസിൽ പറയുന്നത്. റവന്യൂ വകുപ്പ് മന്ത്രി സിപിഐയുടെ കെ രാജനാണ്. രാജനോട് പോലും ചോദിക്കാതെയാണ് ഈ നടപടി. ഇതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.
സർവീസ് ചട്ടത്തിന്റെ ലംഘനമാണെന്നും, റവന്യുവകുപ്പിന്റെയാകെ പ്രതിച്ഛായക്ക് കളങ്കമേറ്റെന്നും കളക്ടറുടെ പരിശുദ്ധിയെ മോശം വാക്കുപയോഗിച്ച് കളങ്കപ്പെടുത്തിയെന്നുമാണ് നോട്ടീസിൽ പറയുന്നത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിന് മുൻകൂർ അനുമതി വാങ്ങിയില്ലെന്നതാണ് മറ്റൊരു കാരണമായി പറയുന്നത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും അല്ലാത്തപക്ഷം തുടർ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
എന്നാൽ കളക്ടറുടെ വിഷയത്തിൽ സംഘടനയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അതനുസരിച്ചാണ് പ്രതികരിച്ചതെന്നും ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. വ്യക്തിപരമായി കളക്ടറുടെ പേരെടുത്ത് ചർച്ചയിൽ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായുള്ള പോരാട്ടങ്ങളിലൂടെയാണ് സിവിൽ സർവീസ് സംഘടനാ ജീവനക്കാർ അവകാശങ്ങൾ നേടിയെടുത്തത്. അതുകൊണ്ടുതന്നെ ചില ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകൾക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ സംഭവം ബുധനാഴ്ചയാണ് പുറത്തറിയുന്നത്. കളക്ടറുടെ നടപടിയ്‌ക്കെതിരെ കെജിഎംഒഎ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക് പരാതി നൽകിയിരുന്നു.