- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ മുടക്കിയുള്ള വിവാഹ മാമാങ്കം ഒഴിവാക്കി; കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലെത്തി വരനും വധുവും ഒപ്പിട്ടു; ചടങ്ങിൽ പത്തിൽ താഴെ അതിഥികൾ മാത്രം; കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റ് ശുഭേഷും ഡോ. ജയലക്ഷ്മിയും ജീവിതത്തിൽ ഒന്നിച്ചത് ഇങ്ങനെ
കോട്ടയം: ലക്ഷങ്ങൾ മുടക്കി വിവാഹ മാമാങ്കം കൊണ്ടാടുന്നവരുടെ നാട്ടിൽ പത്തുപേരെ മാത്രം വിളിച്ച് ഒരൊറ്റ ഒപ്പിൽ നടത്തിയ മാതൃകാപരമായ വിവാഹം. ആഘോഷവും ആഡംബരവും ഒഴിവാക്കിയാണ് യുവ സിപിഐ. നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റുമായ അഡ്വ. ശുഭേഷ് സുധാകരൻ കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസി.െപ്രാഫസറായ മുണ്ടക്കയം സ്വദേശിനി ഡോ. ജയലക്ഷ്മി രാജീവിനെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.
ബുധനാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലെത്തി വരനും വധുവും ഒപ്പിട്ടതോടെ ചടങ്ങുകൾ അതിവേഗം പൂർത്തിയായി. താലികെട്ട് പോലെയുള്ള പരമ്പരാഗത ചടങ്ങ് പോലും ഒഴിവാക്കിയാണ് വിവാഹം നടന്നത്. വധുവിന്റെയും വരന്റെയും ബന്ധുക്കൾ അടക്കം പത്തിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗമായ അഡ്വ. ശുഭേഷ് സുധാകരൻ സിപിഐ. സംസ്ഥാന കൗൺസിൽ അംഗവും, എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. എ.ഐ.എസ്.എഫ്. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ശുഭേഷ്.
കൂട്ടിക്കൽ പൊറ്റനാനിയിൽ വീട്ടിൽ മുൻ സിപിഐ. നേതാവ് പരേതനായ പി.കെ.സുധാകരനാണ് ശുഭേഷിന്റെ അച്ഛൻ. മുൻ കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്തംഗം ലീലാമ്മയാണ് അമ്മ. മുണ്ടക്കയം പുത്തൻപുരയ്ക്കൽ രാജീവനും തങ്കമ്മ രാജീവനുമാണ് ജയലക്ഷ്മിയുടെ മാതാപിതാക്കൾ.
പല ലളിതമായ വിവാഹങ്ങൾക്കും ചെറിയ രീതിയിൽ ഭക്ഷണം വിളമ്പുന്ന രീതിയുണ്ടെങ്കിൽ അതും ഇവർ ഒഴിവാക്കിയിരുന്നു. പങ്കെടുക്കുന്ന പത്ത് പേർക്ക് നാരങ്ങാവെള്ളവും ഒരു ലഡുവും മാത്രം കരുതി. രാവിലെ പതിനൊന്ന് മണി മുതൽ ആധാരം രജിസ്റ്റർ ചെയ്യാനെത്തുന്നവരുടെ തിരക്കായതിനാൽ അതിന് മുമ്പൊരു സമയം കണ്ടെത്തി ചടങ്ങ് നടത്തി.
മറുനാടന് മലയാളി ബ്യൂറോ