തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമോ? ചോദിക്കുന്നത് മന്ത്രിയാണ്. അതും മന്ത്രിസഭാ യോഗത്തിൽ. ഭരണത്തിൽ ഇടതു സർക്കാരിന് ഏകോപനം നഷ്ടമാകുന്നുവോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഭവന നിർമ്മാണ ബോർഡ് പിരിച്ചുവിടാവുന്നതല്ലേ എന്ന രീതിയിൽ ചീഫ് സെക്രട്ടറി വി.പി.ജോയി എഴുതിയ കുറിപ്പിനെച്ചൊല്ലി മന്ത്രിസഭായോഗത്തിൽ റവന്യു മന്ത്രി കെ.രാജന്റെ രൂക്ഷവിമർശനം ഉണ്ടായി എന്നാണ് റിപ്പോർട്ട്. മന്ത്രിസഭയാണോ ഉദ്യോഗസ്ഥരാണോ ഭരണം നടത്തുന്നതെന്ന ചോദ്യവും മന്ത്രി ഉന്നയിച്ചതോടെ മന്ത്രിസഭായോഗം സംഘർഷഭരിതമായി. ചീഫ് സെക്രട്ടറി സൂപ്പർ മുഖ്യമന്ത്രിയാകാൻ ശ്രമിക്കരുതെന്നു പറഞ്ഞ രാജൻ, ഉദ്യോഗസ്ഥർ പ്രധാന തീരുമാനം എടുക്കേണ്ടതില്ലെന്നും പറഞ്ഞു.

തണ്ണീർത്തടം നികത്തൽ നിയമത്തിലെ ഇളവുകൾ പ്രകാരം ഭൂമിയുടെ തരംമാറ്റുന്നതു വഴി ഖജനാവിൽ എത്തിയ കോടിക്കണക്കിനു രൂപ തദ്ദേശഭരണ വകുപ്പിലേക്കു വക മാറ്റാൻ മന്ത്രിസഭയിൽ ചീഫ് സെക്രട്ടറി മുന്നോട്ടുവച്ച നിർദ്ദേശവും രാജനെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ആഞ്ഞടിച്ച രാജനെ തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചെങ്കിലും പറയാനുള്ളതെല്ലാം പൂർത്തിയാക്കിയ ശേഷമാണു അദ്ദേഹം നിർത്തിയത്. മറ്റു മന്ത്രിമാർ പ്രതികരിച്ചില്ല. ആരും ചീഫ് സെക്രട്ടറിയെ ന്യായീകരിച്ചുമില്ല. സാധാരണ മുഖ്യമന്ത്രി ഇടപെട്ടാൽ മന്ത്രിമാർ ശാന്തരാകും. എന്നാൽ രാജൻ തന്റെ അതൃപ്തി മുഴുവൻ പ്രകടിപ്പിച്ചു. വരും ദിനങ്ങളിലും സിപിഐ മന്ത്രിമാർ ഇത്തരം വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നാണ് സൂചന.

സിപിഐ മന്ത്രിയായ രാജന്റെ കീഴിലാണു ബോർഡ്. കുറിപ്പ് തിരുത്താൻ നിർദ്ദേശിച്ചിട്ടും ചീഫ് സെക്രട്ടറിയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. ഇതിനിടെയാണ് ഭൂമി തരംമാറ്റം വഴി ലഭിച്ച തുക സിപിഎം ഭരിക്കുന്ന തദ്ദേശ വകുപ്പിലേക്കു വകമാറ്റാനുള്ള അജൻഡ മന്ത്രിസഭായോഗത്തിൽ എത്തിയതും മന്ത്രി പ്രകോപിതനായതും. പ്രശ്‌നം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി അറിയിച്ചു. സിപിഐ മന്ത്രിയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചേക്കും. ഭവനനിർമ്മാണ ബോർഡ് നിർത്തലാക്കാവുന്നതാണ് എന്ന് കാണിച്ച് ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചത്.

നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ സർക്കാരും മുന്നണിയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ വലിയ തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്ന് കെ രാജൻ വിമർശിച്ചു. നിലവിൽ സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള ഭവനനിർമ്മാണ ബോർഡിന് മുന്നിൽ കാര്യമായ പദ്ധതികളില്ല. കഴിഞ്ഞ കുറെ നാളുകളായി ഭവന നിർമ്മാണ ബോർഡിന്റെ പ്രവർത്തനം നിർജ്ജീവമാണ് എന്നും കാണിച്ചാണ് ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഇതിലാണ് റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചത്.

ബോർഡ് പ്രവർത്തനം നിർത്തുന്നതിനെക്കുറിച്ചു പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. ബോർഡ് നഷ്ടത്തിലാണെന്നും വരുമാനമില്ലെന്നും ധനകാര്യ അഡി.ചീഫ് സെക്രട്ടറി റിപ്പോർട്ടും നൽകി. പ്രവർത്തനം നിർത്താൻ ഭരണപരിഷ്‌കാര കമ്മിഷനും നേരത്തെ നിർദ്ദേശിച്ചിരുന്നു. 1971ലാണ് ഭവന ബോർഡ് രൂപീകരിച്ചത്.

സർക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം നടപ്പിലാക്കിയത് ബോർഡാണ്. 8000 കോടിയാണ് ആസ്തി. പദ്ധതികൾ സർക്കാർ ഏൽപ്പിക്കാത്തതാണ് പ്രതിസന്ധി. നിലവിലെ 195 ജീവനക്കാർക്ക് കൃത്യമായ ശമ്പളമില്ല.