കണ്ണൂർ: സിപിഎം എന്ന പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ലെന്ന ഡയലോഗ് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. വിഭാഗീയ കാലത്ത് പറഞ്ഞ് ഈ വാക്കുകൾ പിൽക്കാലത്ത് പലകോണുകളിൽ നിന്നും ആവർത്തിക്കപ്പെട്ടിരുന്നു. എന്നാൽ കാലം മാറിയപ്പോൾ സിപിഎമ്മിനെ കുറിച്ച് ആർക്കും അറിയാം എന്ന അവസ്ഥയായി. അണികളെ കൊണ്ട് ബോംബുണ്ടാക്കുന്ന പാർട്ടി അവർ ബോംബ് പൊട്ടി മരിച്ചാൽ അവരെ രക്തസാക്ഷികളാക്കി മാറ്റുകയും ചെയ്യുന്നു. ഇത് കാലങ്ങളായി അനുവർത്തിച്ചുവരുന്ന ശൈലിയാണ്. ഇപ്പോഴിതാ, ആ പാർട്ടി ശൈലി ആവർത്തിച്ചു വരിയാണ്.

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം രക്തസാക്ഷി സ്മാരകം പണിതു. പാനൂർ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിർമ്മിച്ചത്. ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. 2015 ജൂൺ ആറിനാണ് ബോംബ് നിർണാത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിന്മുകളിലായിരുന്നു ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമ്മിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമ്മിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു. പിന്നീട് 2016 മുതൽ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സിപിഎം സംഘടിപ്പിച്ചിരുന്നു.

2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമ്മിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്. ഇതിന് പിന്നാലെയാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം. തെരഞ്ഞെടുപ്പു കാലത്ത് പാനൂരിൽ ബോംബ് പൊട്ടി മരിച്ചയാൾക്കും ഭാവിയിൽ ഇതു തന്നെയാണ് സംഭവിക്കുക എന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ വകവരുത്താനും സമാധാനം തകർക്കാനും പാർട്ടി കേന്ദ്രങ്ങളിൽ ബോംബ് നിർമ്മിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ കണ്ണൂരിൽ പരിതാവണ്. ബോംബ് നിർമ്മാണത്തിനിടെ പൊട്ടി സഖാക്കൾ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ പാർട്ടി നേതൃത്വം അവരെ തള്ളിപ്പറയില്ല, വീര പരിവേഷം നൽകി അംഗീകരിക്കും.

ഇങ്ങനെ മരിച്ചവർ രക്തസാക്ഷിപ്പട്ടികയിൽ പെടും. രക്തസാക്ഷി മണ്ഡപങ്ങൾ പണിയും. എല്ലാവർഷവും അനുസ്മരണങ്ങൾ നടത്തും. സ്ഫോടനം നടന്ന സ്ഥലപ്പേരുകൾ ചേർത്ത് പുല്ല്യോട് സഖാക്കൾ, ചെറ്റക്കണ്ടി സഖാക്കൾ, കുടിയാന്മല സഖാക്കൾ തുടങ്ങിയ പേരിലാണ് ഇവർ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാർട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സഹായം നൽകും. ഇത് കാലങ്ങളായി തുടർന്നു പോരുന്ന അവസ്ഥയാണ്. േ

തലശ്ശേരി പുല്ല്യോട് 1999 ഒക്ടോബറിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും ഒരാളുടെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്ഫോടനശേഷം മണിക്കൂറുകളോളം പ്രദേശം സിപിഎം നിയന്ത്രണത്തിലായിരുന്നു. സന്ദർശിക്കാനെത്തിയ ഒ. രാജഗോപാലിനെ കാരായി രാജന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം തടഞ്ഞ് വെച്ചു. പൊലീസ് നിർദ്ദേശപ്രകാരം രാജഗോപാൽ തിരിച്ചുപോയി. തെളിവുകളെല്ലാം നശിപ്പിച്ച ശേഷമാണ് പൊലീസിനു പോലും സ്ഥലം സന്ദർശിക്കാൻ സാധിച്ചത്.

2006ൽ കുടിയാൻ മലയിൽ കർഷകസംഘം നേതാവ് കെ.എൻ. ജോസഫിന്റെ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ മരിച്ച രണ്ടുപേർക്ക് രക്തസാക്ഷി മണ്ഡപം പണിഞ്ഞിരുന്നു. മട്ടന്നൂർ കോളാരിയിലെ സിപിഎം ഓഫീസായ എകെജി വായനശാലയ്ക്ക് സമീപത്തെ റബർ തോട്ടത്തിൽ ബോംബ് നിർമ്മാണത്തിനിടെ തലശ്ശേരി മൂഴിക്കര സ്വദേശി മരിച്ചത് 2008 മെയ് മാസത്തിലാണ്.

പാർട്ടി കേന്ദ്രങ്ങളിലെ സ്ഫോടനക്കേസുകൾ രഹസ്യമായി ഒതുക്കിത്തീർക്കും. പാർട്ടി നിയന്ത്രണത്തിലുള്ള ആശുപത്രികളിലാണ് പരിക്കേൽക്കുന്നവർക്ക് ചികിത്സ നൽകുക. പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന സ്ഫോടനങ്ങൾ പൊലീസും കണ്ടില്ലെന്ന് നടിക്കും. ചില പ്രത്യേക കേന്ദ്രങ്ങളി ൽ പരിശീലനം നൽകി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തി ബോംബ് നിർമ്മിച്ച് നൽകുകയാണ് സിപിഎം ശൈലി. സമാധാന അന്തരീക്ഷമുള്ള പ്രദേശം തെരഞ്ഞെടുത്താണ് ബോംബു നിർമ്മാണം.

പൊലീസിന്റെ ശ്രദ്ധപതിയാതിരിക്കാൻ സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. അപകടം സംഭവിച്ചാൽ ബോംബ് നിർമ്മാണത്തിലേർപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും പൊലീസെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാനും പ്രത്യേക സംഘങ്ങളെ തയാറാക്കി നിർത്തും. തെളിവ് നശിപ്പിക്കാനും അവശിഷ്ടങ്ങൾ നീക്കാനും സാധാരണയായി പാർട്ടി അംഗളെയും ഉപയോഗിക്കുന്നതാണ് സിപിഎം ശൈലി.