- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിലെ സിപിഎം നേതാവിന്റെ പിറന്നാൾ പൂത്തിരി കത്തിച്ച് ആഘോഷിച്ചത് പാന്മസാലാ കേസിലെ പ്രതികൾ; ലഹരിവസ്തുക്കടത്തിൽ ബന്ധമില്ലെന്ന് പറയുമ്പോഴും ഷാനവാസിന് ക്രിമിനൽ സംഘങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വ്യക്തം; തെറ്റുകാരനെങ്കിൽ നടപടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ആലപ്പുഴയിൽ കൗൺസിലർക്കെതിരെ പാർട്ടി നടപടി എടുത്തേക്കും
ആലപ്പുഴ: ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസ് വാടകക്ക് കൊടുത്ത വാഹനത്തിൽ നിന്ന് ഒരു കോടി രൂപയുടെ നിരോധിത പാന്മസാല പിടികൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം ജില്ലാ അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സിപിഎം കൗൺസിലറുടെ ക്രിമിനൽ ബന്ധത്തെ കുറിച്ചുള്ള കുടുതൽ വിവരങ്ങൾ പാർട്ടിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേരുന്നത്.
ഷാനവാസ് ഇന്നലെ ചേർന്ന ഏരിയാ കമ്മറ്റിയിൽ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം. കുറച്ചുകാലമായി തന്ന ഷാനവാസിന് അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഇതിന്റെ തെളിവുകളും കൂടുതലായി പുറത്തേക്കു വരാനാരിക്കയാണ്. പാന്മസാല കടത്തിലെ പ്രതികളുമായ ഉറ്റചങ്ങാത്തത്തിലായിരുന്നു ഷാനവാസ്. നേതാവിന്റെ പിറന്നാൾ ആഘോഷം പൂത്തിരി കത്തിച്ചുകൊണ്ട് വിപുലമായി തന്നെ ആഘോഷിച്ചിരുന്നു ഇവർ. കേസിലെ പ്രതി ഇജാസുമൊത്തുള്ള ഷാനവാസിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈയടുത്ത ദിവസങ്ങളിൽ ഒരാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
ഒരു സിപിഎം നേതാവ് നയിക്കേണ്ട പാതയിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ഷാനവാസ് പ്രവർത്തിച്ചതെന്ന വിലയിരുത്തലുകളും സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിൽ ഷാനവാസിനെതിരെ നടപടി വന്നേക്കുമെന്നാണ് സൂചനുകൾ. പാന്മസാല പിടികൂടുന്നതിന്റെ നാല് ദിവസം മുമ്പാണ് പ്രതി ഇജാസുമായി ഷാനവാസ് ചിത്രങ്ങൾ എടുത്തത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രം, ഇജാസ് പിടിയിലായതിന് പിന്നാലെ നേതാക്കളെല്ലാം നീക്കം ചെയ്യുകയായിരുന്നു. ഇതിനുമുൻപും ഇജാസിൽ നിന്ന് പാന്മസാല പിടികൂടിയിരുന്നുവെന്നാണ് വിവരം.
ഈ സാഹചര്യത്തിലാണ് സിപിഎം ഷാനവാസിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യത വർധിക്കുന്നതും. ഇന്നലെ പുലർച്ചയോടെയാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് ലോറികളിലും പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ പാന്മസാല വസ്തുക്കൾ പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയിൽ സിപിഐ എം ആലപ്പുഴ നോർത്ത് ഏരിയാ സെന്റർ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഒരു വാഹനം എന്ന് കണ്ടെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആർ നാസർ ഇന്നലെ രാത്രി ഏരിയാ കമ്മറ്റി വിളിച്ചു ചേർത്തിരുന്നു. തെറ്റുകാരനെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയ കാര്യം. ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്ന് ഷാനവാസ് വിശദീകരിച്ചെങ്കിലും നേതൃത്വം അത് മുഖവിലയ്ക്കെടുത്തിട്ടില്ല.
ഏതാനും ദിവസം മുമ്പാണ് ലോറിയുടെ വാടക കരാർ തയ്യാറാക്കിയത്. മാത്രമല്ല, ഇതിൽ സാക്ഷികളുടെ പേരോ ഒപ്പോ ഇല്ലാത്തതും സംശയം ഉയർത്തി. കേസിൽ ഇതുവരെ മൂന്ന് ആലപ്പുഴ സ്വദേശികൾ അടക്കം നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ലോറി വാടകയ്ക്ക് നൽകിയതാണെന്ന വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ലഹരി വിരുദ്ധ ക്യാംപയിനുകൾക്കിടയിൽ ഇത്തരമൊരു സംഭവമുണ്ടായത് പാർട്ടിക്കൊന്നാകെ നാണക്കേടായിരിക്കുകയാണ്.
നേരത്തെ തലസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാംപയിനിടെ ബാറിൽ കയറി മദ്യപിച്ചതിന് രണ്ട് ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനേയും നേമം ഏരിയാ പ്രസിഡന്റ് ആഷിഖിനെതിരെയുമായിരുന്നു നടപടി സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ