കടമ്പനാട്: ഒരു പട്ടികജാതി കോളനിക്കും സമീപത്തെ മലയിലെ 13.48 ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണിക്കും വലിയ ദോഷം വരുന്ന രീതിയിൽ ഒരു വന്മല ഇടിച്ചു നിരത്താനുള്ള നീക്കം പുരോഗമിക്കുന്നു. കൊല്ലം ജില്ലയിലെ ദേശീയ പാതാ നിർമ്മാണത്തിന് വേണ്ടിയെന്ന് പറഞ്ഞാണ് മല ഇടിക്കാനുള്ള അനുവാദം നൽകാൻ പോകുന്നത്. ജില്ലാ കലക്ടർ അടക്കം ഈ മണ്ണെടുപ്പിൽ പ്രതിക്കൂട്ടിലാണ്. കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാർഡിലെ പട്ടികജാതി കോളനിക്ക് സമീപമുള്ള രണ്ടേക്കർ വരുന്ന മലയാണ് ഇടിച്ചു നിരത്താൻ അണിയറയിൽ നീക്കം നടക്കുന്നത്. കോളനി നിവാസികളുടെ വോട്ട് നഷ്ടമാകുമെന്ന് ഭയന്ന് സിപിഎമ്മിന്റെ മുൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സമരപ്രഹസനത്തിനും നീക്കം നടക്കുന്നു.

മണ്ണെടുപ്പിന് ആവശ്യമായ അനുമതി തേടി ഉടമയല്ല ഓഫീസുകൾ കയറി ഇറങ്ങുന്നത് എന്നതാണ് ഏറെ രസകരം. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള മണ്ണുമാഫിയയാണ് ഇതിനായി ഓടി നടക്കുന്നത്. മൂന്നു മാസം മുൻപ് കടമ്പനാട് വില്ലേജിൽ സ്‌കെച്ചും പ്ലാനും കൈവശാവകാശ സർട്ടിഫിക്കറ്റിനുമായി ഇവർ അപേക്ഷ നൽകിയിരുന്നു. പരിശോധനകൾക്ക് ശേഷം ഇതെല്ലാം നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് വൈകിയതിന്റെ പേരിൽ ജില്ലാ കലക്ടറെക്കൊണ്ട് വിളിപ്പിക്കണോ എന്ന് മണ്ണ് മാഫിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. യാതൊരു പാരിസ്ഥിതിക പഠനവുമില്ലാതെയാണ് ഈ മല ഇടിച്ചു നിരത്താൻ അനുമതി നൽകാൻ പോകുന്നത്.

തൊട്ടടുത്ത പട്ടികജാതി കോളനിയുടെ സന്തുലിതാവസ്ഥ ആകെ തകിടം മറിയും. ഇവിടെ കുടിവെള്ളക്ഷാമം നേരിടും. തൊട്ടടുത്തുള്ള മോതിരച്ചുള്ളി മലയിലാണ് 13.48 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ അഥോറിറ്റിയുടെ കടമ്പനാട് ശുദ്ധജലവിതരണ പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്നത്. നിലവിൽ രണ്ടേക്കറിൽ നിന്നുള്ള മണ്ണ് ഖനനം ടാങ്കിന്റെ തകർച്ചയ്ക്ക് വരെ ഇടയാക്കും.

സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് ഖനനത്തിന് ഉള്ള നീക്കം തുടങ്ങിയത്. എന്നാൽ കോളനിവാസികളിൽ നിന്ന് എതിർപ്പുണ്ടാകുമെന്ന് വന്നതോടെ അടവൊന്നു മാറ്റിയിട്ടുണ്ട്. രണ്ടാം വാർഡിലെ മുൻ മെമ്പറും സിപിഎം നേതാവുമായ സതിയമ്മയുടെ നേതൃത്വത്തിൽ മണ്ണെടുപ്പിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ, ഇത് വെറും വിലപേശൽ നാടകമാണെന്ന് നാട്ടുകാർ പറയുന്നു. സമരം നടത്തി പാർട്ടി ഫണ്ടിലേക്ക് വലിയ തുക നേടാനുള്ള നീക്കമാണെന്നാണ് ആരോപണം.

സർക്കാർ സംവിധാനങ്ങൾ ഏത് അനുമതിക്കും തയാറായി നിൽക്കുകയാണെന്നാണ് വിവരം. വില്ലേജിലും പഞ്ചായത്തിലും നിന്നുള്ള അനുമതി കിട്ടുന്നതോടെ മൈനിങ് ആൻഡ് ജിയോളജി എൻഓസിയും പാസും നൽകും. ഇതോടെ ഖനനവും ആരംഭിക്കും.