- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുനാട്ടിലെ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിലായ നേതാക്കളെ വെളുപ്പിക്കാൻ രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം; ഉദ്ഘാടനം ചെയ്യുന്നത് എം എം മണി; ചൊറിഞ്ഞു കുളമാക്കിയിട്ട് എന്ത് വിശദീകരിക്കുവാനെന്ന ചോദ്യവുമായി പാർട്ടി പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ; ആരോപണ വിധേയനായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ രൂക്ഷ വിമർശനം
റാന്നി: പെരുനാട് മേലേതിൽ ബാബു സിപിഎം നേതാക്കൾക്കെതിരേ മാനസിക പീഡനം, കോഴയാരോപണം എന്നിവ ഉന്നയിച്ച് ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രതിക്കൂട്ടിലായ സിപിഎം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു. ഇതിന്റെ അറിയിപ്പിട്ട ഫേസ് ബുക്ക് പോസ്റ്റിന് ചുവട്ടിൽ രൂക്ഷ വിമർശനവുമായി മുക്കത്തു നിന്നുള്ള പാർട്ടി പ്രവർത്തകന്റെ കമന്റ്. എംഎം മണിയാണ് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നത്.
സിപിഎം ജില്ലാ കമ്മറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പിഎസ് മോഹനൻ, പഞ്ചായത്തംഗം വിശ്വൻ എന്ന ശ്യാം, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ് എന്നിവരെ പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാക്കുറിപ്പാണ് ബാബു എഴുതി വച്ചിരുന്നത്. ഇതിന് പുറമേ ബാബുവിന്റെ ഭാര്യ കുസുമകുമാരി നേതാക്കൾക്കെതിരേ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിച്ചുവെങ്കിലും നാട്ടുകാർക്ക് മുന്നിൽ നേതാക്കൾ സംശയ നിഴലിൽ തന്നെയാണ്. ഇത് മറികടക്കാൻ വേണ്ടിയാണ് എംഎം മണിയെ കൊണ്ടു വന്ന് വിശദീകരണം യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് യോഗം.
ഇതേക്കുറിച്ച് പെരുനാട് കോമ്രേഡ് എന്ന ഫേസ് ബുക്ക് പേജിൽ വന്ന അറിയിപ്പിന് ചുവട്ടിൽ രാജൻകുട്ടി മുക്കം എന്ന പ്രവർത്തകനാണ് രൂക്ഷവിമർശനം അഴിച്ചു വിട്ടിരിക്കുന്നത്. അതിങ്ങനെ:
ചൊറിഞ്ഞ് കുളമാക്കിയിട്ട് എന്തു വിശദീകരിക്കാൻ. മുള്ളു കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടും എടുക്കാൻ കഴിയാത്ത അവസ്ഥ പാർട്ടിക്ക് ഉണ്ടാക്കിയത് എന്തിനാണ്. ചിലരുടെ ധാർഷ്ട്യം. നേതാവ് ഉണ്ടാകുന്നത് അണികളിലൂടെയാണ്. എന്താണ് ഇപ്പോഴത്തെ പ്രശ്നം എന്ന് സഖാവ് എം.എം. മണിക്ക് അറിയുമോ.?ഇല്ല!നമ്മൾ പറയുന്നത് ഛർദ്ദിക്കാൻ മാത്രമാണ് സഖാവിന് കഴിയുക. പാർട്ടിക്ക് പത്തനംതിട്ടയിൽ നേതാക്കളില്ലേ. എന്തിന് നമ്മുടെ പഴയ എം.എൽഎ രാജു എബ്രഹാം പോരേ. പിന്നെ മണി ആശാനെ ഇറക്കി ജനത്തെ കൂട്ടാമെന്ന നാറിയ കളി വേണോ. 'വസ്തുതയ്ക്ക് നേരെ കണ്ണടയ്ക്കാതെ പാർട്ടിയെ ഇനിയും നാണം കെടുത്തരുത്'. ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ പാർട്ടി ആകില്ല.
അതിന് ജനങ്ങളുടെ പിൻതുണ വേണം. കഴിഞ്ഞ വർഷങ്ങൾ മറക്കരുത്. സിപിഎം കോട്ട എങ്ങനെ കോൺഗ്രസ് കൊണ്ടുപോയി എന്നത് മറക്കരുത്. ഇനി ബിജെപി. ക്കു കൂടി വളരാൻ വളം വച്ചു കൊടുക്കുന്നതാണോ പാർട്ടി നയം. ജനപ്രതിനിധികൾ സൗമ്യനാകണം. അവധാനതയോടെ കാര്യങ്ങൾ പഠിക്കണം. അല്ലെങ്കിൽ പുല്ലുവില.
ഇപ്പോഴത്തെ പ്രശ്നം എന്തിനാണ്. പട്ടി പോലും കയറാത്ത ഒരു വെയിറ്റിങ് ഷെഡ് പാലത്തിന്റെ വളവിൽ ഇന്ന് അനാഥമായി കിടക്കുന്നു. ഇവിടെ കാത്തിരിപ്പു കേന്ദ്രം വന്നാൽ ആരാണ് കയറുക. നിലവിൽ പാർട്ടി ഓഫീസിനു മുന്നിലാണ് ബസുകൾ നിർത്തുന്നത്. ഇനിയും അതേ ഉണ്ടാകൂ.. പിന്നെ, കക്കൂസ് നേരത്തെ പാലത്തിന് താഴെയും പഴയ തിയേറ്റർ റോഡിൽ ശബരിമല തീർത്ഥാടകർക്കു വേണ്ടിയാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ മുടക്കി പണിതത്. കക്കൂസുകൾ ഇന്നത്തെ പ്രസിഡന്റിന്റെ കാലത്താണ് പണിതതും. അതിന്റെ ഇപ്പോഴത്തെ സ്ഥിതി കൂടി നോക്കണം. കള്ളുകുടിയും, ചീത്ത വിളിയും, സമീപ കടക്കാരന്റെ മദ്യക്കച്ചവടവും..
ഇനി നിർദ്ദിഷ്ട വെയിറ്റിങ് ഷെഡിന് 50 മീറ്റർ അകലെ ശബരിമല ഇടത്താവളത്തിൽ ആവശ്യത്തിന് കക്കൂസ് ഇല്ലേ.? മഠത്തുംമൂഴിയിൽ എത്തുന്നവർക്ക് തൂറാൻ മുട്ടിയാൽ ഇവിടെ വരെ എത്താൻ കഴിയില്ലേ. അപ്പോൾ 25 ലക്ഷം മുടക്കി വിവാദ സ്ഥലത്ത് തൂറണമെന്ന് ആർക്കാണ് നിർബന്ധം.? ഇനി മണ്ണാറക്കുളഞ്ഞി ശബരിമല പാത ഇപ്പോൾ നാഷണൽ ഹൈവേയാണ്. നാഷണൽ ഹൈവേയുടെ വീതി കേരളത്തിൽ 45 മീറ്ററാണ്. ഈ റോഡ് ഭാവിയിൽ ഈ നിലയിൽ വികസിപ്പിക്കുമ്പോൾ ഈ നിർമ്മിതി പൊളിക്കേണ്ടി വരില്ലേ.? പിന്നെ എന്തിനാണ് ഇത് എന്നാണ് എന്റെ ചോദ്യം? ഇനിയും ഇത്തരം ചോദ്യങ്ങൾ ഉണ്ടായി കൂടെന്നില്ല. ഒരു പാർട്ടി അനുഭാവിയായ എനിക്ക് എന്റെ അഭിപ്രായം തുറന്നു പറയാൻ വേറെ വേദി ഇല്ല എന്നതാണ് ഈ കുറിപ്പിനു കാരണം. അനുകൂലിക്കാം പ്രതികൂലിക്കാം അത് നിങ്ങളുടെ സ്വാതന്ത്യം.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്