തിരുവനന്തപുരം: സി.പി.എം തലസ്ഥാന ജില്ലയിലെ ഉള്‍പ്പാര്‍ട്ടി പോര് പുതിയ തലങ്ങളിലേക്ക്. ജില്ലാ സെക്രട്ടറി വി. ജോയിയെ ലക്ഷ്യമിട്ട് കരമന ഹരി ഉയര്‍ത്തുന്ന നിരന്തരമായ പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയതയ്ക്ക് വഴിതുറന്നിരിക്കുകയാണ്. തിരുവനന്തപുരത്തെ സി.പി.എമ്മില്‍ വ്യക്തമായ നേതൃദാരിദ്ര്യമുണ്ടെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തുറന്നുപറച്ചില്‍ സഖാക്കളെ ഞെട്ടിച്ചിട്ടുണ്ട്. പത്ത് സിറ്റിങ് എം.എല്‍.എമാരെയും വീണ്ടും മത്സരിപ്പിക്കേണ്ടി വന്നത് പകരം വെക്കാന്‍ മികവുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ എം.വി. ഗോവിന്ദന്‍ തുറന്നടിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പുതിയ മുഖങ്ങളെ പരീക്ഷിച്ചാല്‍ അത് വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും സംസ്ഥാന നേതൃത്വം പങ്കുവെച്ചു. ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ കരമന ഹരി ആഞ്ഞടിച്ചതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. വി. ജോയ് മൂന്നാം തവണയും മത്സരത്തിനിറങ്ങുന്നതിനെ ചോദ്യം ചെയ്ത ഹരി, വി. ജോയി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പോകുമ്പോള്‍ എന്തിനാണ് താല്‍ക്കാലിക സെക്രട്ടറിമാരെ വച്ച് അഡ്ജസ്റ്റ്‌മെന്റ് നടത്തുന്നതെന്ന് ചോദിച്ചു. എ.എ. റഹീമിനെ സ്ഥിരം സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

നേരത്തേയും ജില്ലാ കമ്മറ്റിയില്‍ കരമന ഹരി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഒരു പ്രമുഖ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കരമന ഹരിയുടെ വിമര്‍ശനം പിണറായി വിജയനെ നേരിട്ട് ഉന്നംവെച്ചുള്ളതായിരുന്നു. മറ്റൊരു മുതലാളിക്ക് സ്വീകരണമുറി വരെ പോകാം. ഈ മുതലാളിമാര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ എം. സ്വരാജ് ആവശ്യപ്പെട്ടെങ്കിലും ഹരി അന്ന് വഴങ്ങിയില്ല. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ തിരുവനന്തപുരത്തെ ബിസിനസ് ബന്ധങ്ങള്‍ കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കുന്നതല്ലെന്ന ഗുരുതര ആരോപണവും യോഗത്തില്‍ ഉയര്‍ന്നിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കരമന ഹരിക്കെതിരെ വി. ജോയ് നടത്തിയ പരാമര്‍ശമാണ് കരമന ഹരി തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. നഗരപരിധിയിലെ വാര്‍ഡുകളുടെ ഏകോപനത്തില്‍ ഹരിക്ക് വീഴ്ച പറ്റിയെന്ന ജോയിയുടെ റിപ്പോര്‍ട്ടിന്, പാര്‍ട്ടി ഏല്‍പ്പിച്ച പണിയല്ലാതെ സ്വന്തം കാര്യം നോക്കി നടക്കുന്ന നേതാക്കളല്ല താനെന്ന മറുപടിയാണ് ഹരി നല്‍കിയത്. കടകംപള്ളി സുരേന്ദ്രനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗൂഢാലോചന നടക്കുന്നുവെന്ന കടകംപള്ളിയുടെ പരിദേവനവും യോഗത്തെ കലുഷിതമാക്കി.

അച്ചടക്കത്തിന്റെ സീമകള്‍ കരമന ഹരി ലംഘിക്കുന്നു എന്ന വിലയിരുത്തലില്‍ അദ്ദേഹത്തിനെതിരെ നടപടി പരിശോധിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. വരാനിരിക്കുന്ന സമ്മേളനങ്ങളില്‍ ഈ വിഭാഗീയത പാര്‍ട്ടിയെ എങ്ങോട്ട് നയിക്കുമെന്ന ആശങ്കയിലാണ് അണികള്‍. ഇതിനിടെയാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തിരുവനന്തപുരത്തെ സിപിഎമ്മില്‍ നേതൃ ദാരിദ്രമുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പറയുന്നത്. ഇത് അതീവ ഗുരുതര സ്ഥിതി വിശേഷമാണെന്ന് സിപിഎമ്മില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്.

ജില്ലാ കമ്മറ്റിയില്‍വെച്ച് കരമന ഹരി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചപ്പോഴായിരുന്നു എം.വി. ഗോവിന്ദന്‍ നേതൃ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞത്. ലോക്‌സഭയിലേക്ക് മത്സരിക്കാനും നിയമസഭയിലേക്ക് മത്സരിക്കാനും വി. ജോയി പോകുമ്പോള്‍ താത്കാലിക ജില്ലാ സെക്രട്ടറിമാരെ വെക്കുന്നത് എന്തിന് എന്ന് കരമന ഹരി ചോദിച്ചു. സ്ഥിരം സെക്രട്ടറിയായി എ.എ. റഹീമിനെ നിയമിക്കണമെന്ന ആവശ്യവും ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നു. സിപിഎം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എ.എ. റഹീമിന് താത്കാലിക സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. ഇത് അംഗീകരിക്കുന്നതിന് വേണ്ടി ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ വെച്ചാണ് രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

രണ്ട് ടേം കഴിഞ്ഞ് വി. ജോയി മൂന്നാമതും മത്സരിക്കുന്നതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇതിന് മറുപടി ആയാണ് എം.വി. ഗോവിന്ദന്‍ തിരുവന്തപുരം ജില്ലയിലെ നേതൃ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞത്. ജില്ലയിലെ പത്ത് മണ്ഡലങ്ങളില്‍ പുതിയ ആളെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയെ ബാധിക്കാനിടയുണ്ടെന്ന ധ്വനിയാണ് എം.വി. ഗോവിന്ദന്‍ നല്‍കിയത്.