തിരുവനന്തപുരം: സിപിഎമ്മിനെ നാണക്കേടിലാക്കിയ കോർപറേഷൻ കത്തു വിവാദത്തിൽ സിപിഎം അന്വേഷണം തുടങ്ങി. മേയർ ചട്ടവിരുദ്ധമായി പാർട്ടി ജില്ലാ സെക്രട്ടറിക്കു കത്തെഴുതിയോ എന്നതിനെക്കാൾ പാർട്ടി ആഭ്യന്തര വൃത്തങ്ങളിൽ രഹസ്യമായിരിക്കേണ്ട കത്ത് എങ്ങനെ ചോർന്നു എന്നതാണു പാർട്ടി അന്വേഷിക്കുന്നത്. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം, ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നിവർക്കു വീഴ്ചയുണ്ടായെന്നാണു പ്രാഥമിക നിഗമനം. തിരുവനന്തപുരം ജില്ലയിൽ സിപിഎമ്മിലെ ഒരു വിഭാഗം നടത്തുന്ന വഴിവിട്ട നടപടികൾക്കും അഴിമതിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ പാർട്ടി നേതാക്കൾക്കിടയിൽ തന്നെയുണ്ട്.

കത്ത് വിവാദത്തിൽ പാർട്ടി തലത്തിൽ അന്വേഷണം വേണമെന്ന് സംസ്ഥാനകമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. കുറ്റക്കാർക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചനയാണ് നേതൃത്വം യോഗത്തിൽ നൽകിയത്. മേയർ ആര്യ രാജേന്ദ്രനെ ചിലർ വെട്ടിലാക്കിയതാണെന്നും ഇതു ഗൗരവത്തിലെടുക്കണമെന്നും തിരുവനന്തപുരത്തുനിന്നുള്ള സംസ്ഥാനകമ്മിറ്റി അംഗങ്ങളടക്കം ആവശ്യപ്പെട്ടു. മേയർ പാർട്ടിയെ ചതിച്ചിട്ടില്ല. കത്തെഴുതിയെങ്കിൽ പോലും അത് പാർട്ടിക്ക് എതിരല്ലെന്ന് പറയുന്നവരുമുണ്ട്. ജില്ലാ സെക്രട്ടറിക്ക് കത്തെഴുതുന്നതിൽ തെറ്റുമില്ല. എന്നാൽ വിവാദ കത്ത് ചോർന്നതാണ് പ്രശ്‌നം. അതുകൊണ്ട് ചോർത്തിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ആനാവൂർ നാഗപ്പനെ മാറ്റും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെ ആനാവൂർ ഒഴിയേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. ആനാവൂരിന് പകരം വർക്കല എംഎൽഎ വി ജോയി ജില്ലാ സെക്രട്ടറിയാകും. എംഎൽഎയായ എംവി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാണ്. ഈ മാതൃക തിരുവനന്തപുരത്തും തുടരും.

ഈ സാഹചര്യത്തിലാണ് മേയർക്കു പിന്തുണ നൽകാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവർക്കെതിരെ നടപടിയില്ലെന്നു നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ ഇങ്ങനെയൊരു കത്ത് രൂപപ്പെട്ടതും പ്രചരിച്ചതും ചോർന്നതും അന്വേഷിക്കുമെന്നു നേതാക്കൾ സൂചിപ്പിച്ചു. കത്തിനു പിന്നിലെ വിശദാംശങ്ങൾ നേതൃത്വം ഇതിനകം ശേഖരിച്ചിട്ടുണ്ട്. നേരത്തേ ദത്തു വിവാദത്തിന്റെ പേരിൽ തിരുവനന്തപുരത്തെ നേതൃത്വം പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ കത്തു വിവാദം. നേരത്തേ കോർപറേഷനിൽ നടന്ന പട്ടികജാതിവർഗ ഫണ്ട് വെട്ടിച്ചത് ജില്ലയിലെ പാർട്ടിയിൽ വൻ പ്രതിഷേധത്തിനു കാരണമായെങ്കിലും ആരോപണവിധേയരെ സംരക്ഷിക്കുകയാണ് നേതൃത്വം ചെയ്തത്. ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗം പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ തീരുമാനം ഇനിയധികം നീണ്ടുപോകാനുമിടയില്ല. ജോയിയെ നിശ്ചയിക്കാനാണ് കൂടുതൽ സാധ്യത.

പാർട്ടിക്കാരെ പിൻവാതിലിലൂടെ ജോലിയിൽ തിരുകിക്കയറ്റുന്ന സംവിധാനം സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറയുന്നു. കത്ത് എങ്ങനെ വന്നെന്നും എങ്ങനെ ചോർന്നെന്നും മുഖ്യമന്ത്രിയോടു പറഞ്ഞ് ആഭ്യന്തര വകുപ്പ് അന്വേഷിക്കട്ടെ. ആരെയും സംരക്ഷിക്കാനില്ല. തിരുവനന്തപുരം കോർപറേഷനിലെ 295 തസ്തികകളിലേക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്നു മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ മേയർ വിശദീകരണം നൽകി. സിപിഎമ്മിനും ഇടതു മുന്നണിക്കുമെതിരെ വലിയ പ്രചാരണമാണു നടക്കുന്നതെന്നും ഗോവിന്ദൻ പ്രതികരിച്ചിട്ടുണ്ട്. അതിവേഗം ജില്ലാ നേതൃയോഗം ചേർന്നതും ഗോവിന്ദന്റെ പ്രത്യേക താൽപ്പര്യത്തിലാണ്.

ജില്ലാ നേതൃത്വത്തിൽ പല തട്ടിലായുള്ള ചേരിപ്പോരാണ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളാക്കിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. ഇങ്ങനെയൊരു കത്ത് ചോർന്ന് വാർത്തയായതിൽ നഗരസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി വിലയിരുത്തുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ വിഷയം ചർച്ച ചെയ്യും. വഞ്ചിയൂർ ഏരിയാ സെന്ററിന്റെ ഭാഗമായ ഡി.ആർ. അനിലിനോട് വിശദീകരണം തേടാൻ കീഴ്ഘടകത്തോട് നിർദ്ദേശിച്ചേക്കും. മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരിലുള്ള മറ്റൊരു കത്ത് ചോർന്നതും ചേരിപ്പോരിന്റെ ഭാഗമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കും.

ഇന്നലെ അടിയന്തരമായി ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മേയറെയും ഡി.ആർ. അനിലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. താനറിയാതെയാണ് കത്ത് പോയതെന്നാണ് മേയർ വിശദീകരിച്ചത്. ഓഫീസിൽ മേയറില്ലാത്തപ്പോഴും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാനായി സ്‌പെസിമെൻ ഒപ്പുള്ള ലെറ്റർപാഡ് സൂക്ഷിക്കാറുണ്ട്. അതുപയോഗിച്ച് പാർലമെന്ററി പാർട്ടി ഓഫീസിലെ ആരെങ്കിലും കത്ത് തയ്യാറാക്കിയതാണോയെന്ന സംശയവും പാർട്ടിയിൽ ഉയരുന്നു.മേയർ തലസ്ഥാനത്തില്ലാത്ത ദിവസമാണ് കത്ത് പോയതെന്നതും, മേയർ നേരിട്ട് ഒപ്പു വച്ചിട്ടില്ലെന്നതുമാണ് സിപിഎമ്മിന് പിടിവള്ളി. കത്ത് പാർലമെന്ററി പാർട്ടി സെക്രട്ടറി വഴി മെഡിക്കൽകോളേജ് ലോക്കൽ സെക്രട്ടറിയിലേക്കും പാർട്ടിയംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കും കൈമാറിയപ്പോൾ ആരോ ചോർത്തിയതാവാമെന്നാണ് വിലയിരുത്തൽ.