ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയില്‍ ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നല്‍കാന്‍ തീരുമാനം. കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന അംഗം വൃന്ദ കാരാട്ടാണ്. എന്നാല്‍ ഈ വിഷയത്തില്‍ കേരളാ ഘടകം എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. വൃന്ദാ കാരാട്ടിനോട് കേരളത്തിന് താല്‍പ്പര്യമില്ല. സിപിഎമ്മില്‍ കൂടുതല്‍ പിടി മുറുക്കണമെന്ന ആഗ്രഹം കേരള ഘടകത്തിനുണ്ട്. നിലവില്‍ സിപിഎമ്മിന് ഭരണമുള്ളത് കേരളത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെ നിര്‍ണ്ണയിക്കുന്നതില്‍ കേരളാ ഘടകത്തിന്റെ തീരുമാനമാകും നിര്‍ണ്ണായകം.

പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കില്‍ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയണം. എംഎ ബേബി, എ വിജയരാഘവന്‍ എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്‌തേക്കാം. തല്ക്കാലം താല്ക്കാലിക ചുമതലയാകും ഒരാള്‍ക്ക് നല്‍കുകയെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു. പ്രായ പരിധിയില്‍ വൃന്ദയ്ക്ക് ഇളവ് കൊടുക്കില്ല. അതായത് അടുത്ത സമ്മേളനത്തോടെ വൃന്ദയ്ക്ക് സിപിഎം ഉന്നത നേതൃത്വത്തില്‍ നിന്നും മാറേണ്ടി വരും. താല്‍കാലിക ചുമതല ആര്‍ക്ക് നല്‍കുമെന്നതും നിര്‍ണ്ണായകമാണ്. കേരളാ ഘടകത്തില്‍ ഇപ്പോള്‍ ചില പൊട്ടിതെറികളുണ്ട്. ഇതും തീരുമാനത്തെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തു നിന്നൊരു നേതാവ് ജനറല്‍ സെക്രട്ടറിയാകാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് ഇനിയും വ്യക്തമല്ല. ബേബിയേക്കാള്‍ വിജയരാഘവനോടായിരുന്നു പിണറായിയ്ക്ക് മുമ്പ് താല്‍പ്പര്യം. ഇപി ജയരാജനെ പോലും അവഗണിച്ചാണ് വിജയരാഘവന് പിബിയിലേക്ക് അവസരം നല്‍കിയത്. എന്നാല്‍ അന്‍വറിന്റെ ആരോപണങ്ങള്‍ ചിത്രം മാറ്റി. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിജയരാഘവനെയാണ് പിന്തുണയ്ക്കുന്നത്. ഈ ഭിന്നത സിപിഎം ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ പൊതു ധാരണ രൂപപ്പെടുത്താനും സാധ്യതയുണ്ട്. ദേശീയ തലത്തില്‍ സിപിഎമ്മിന് പഴയ കരുത്ത് ഇന്നില്ല. എന്നിട്ടും യെച്ചൂരിയുടെ വ്യക്തിപ്രഭാവത്തിലായിരുന്നു സിപിഎം മുമ്പോട്ട് പോയിരുന്നത്. എല്ലാ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും യെച്ചൂരിയ്ക്ക് അര്‍ഹിച്ച അംഗീകാരം നല്‍കുകയും ചെയ്തു.

യെച്ചൂരിയുടെ മരണത്തോടെ പകരക്കാരനായെത്തുന്ന ആള്‍ക്ക് ഈ കരിസ്മ ഉണ്ടാകില്ല. ഇതും സിപിഎമ്മിനെ വലയ്ക്കുന്നുണ്ട്. ദേശീയ തലത്തില്‍ തലയെടുപ്പുള്ള നേതാവിനെ കണ്ടെത്താന്‍ സിപിഎമ്മിന് ഇനി കഴിയുമോ എന്ന ചര്‍ച്ചയും സജീവം. മുഹമ്മദ് സലിം. എം.എ ബേബി, എ വിജയരാഘവന്‍, എന്നിവരുടെ പേരുകള്‍ നേതൃത്വത്തിനു മുന്നിലുണ്ട്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കേരളത്തിലെ പൊട്ടിത്തെറി പ്രശ്‌നങ്ങള്‍ സലിമിനെ ജനറല്‍ സെക്രട്ടറിയാക്കുമെന്ന് കരുതുന്നവരുമുണ്ട്. മുഖ്യമന്ത്രി പിണറായിയുടെ മനസ്സ് ഇതില്‍ നിര്‍ണ്ണായകമാകും. ഇന്നലെ അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡല്‍ഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിനു വക്കുക.

നാളെ രാവിലെ 11 മുതല്‍ വൈകീട്ട് 3 മണിവരെ പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ പൊതുദര്‍ശനത്തിനു വക്കും. വൈകീട്ട് അഞ്ചുമണിക്ക്, എ കെജി ഭവനില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസിന് കൈമാറും. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് 19 നാണ് അദ്ദേഹത്തെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയില്‍ ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നല്‍കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങൂവെന്നും നേതാക്കള്‍ അറിയിച്ചു.