- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍.... ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍.... പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ.... തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...; പോരാത്തതിന് ഫീനക്സ് പക്ഷിയും; മുഖ്യമന്ത്രിയെ പുകഴ്ത്തി തളര്‍ന്ന് സെക്രട്ടറിയേറ്റിലെ സിപിഎം സംഘടന; വീണ്ടും വ്യക്തിപൂജ! ആരും മിണ്ടില്ല
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ വീണ്ടും വ്യക്തിപൂജാ വിവാദം. മുഖ്യമന്ത്രി പിണറായി വിജയനെ 'ഫീനിക്‌സ് പക്ഷി'യായും 'പടയുടെ നടുവില്‍ പടനായകനാ'യും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ടാണ് വിവാദത്തിന് തിരികൊളുത്തുന്നത്. എന്നാല്‍ പിണറായിയ്ക്ക് സിപിഎമ്മില്‍ വ്യക്തമായ മേധാവിത്വമുണ്ട്. അതുകൊണ്ട് തന്നെ ഈ പാട്ട് നടപടികളിലേക്ക് കടക്കില്ല. 'സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍' എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. 'ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാ'ണു പിണറായിയെന്നു പാട്ടില്‍ പറയുന്നു.
സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ഈ വ്യക്തിപൂജാ ഗാനം ആലപിക്കും. 3 വര്‍ഷം മുന്‍പു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതു വിവാദമായിരുന്നു. കണ്ണൂരില്‍ പി ജയരാജനെ വ്യക്തി പൂജാ ആരോപണത്തില്‍ ശാസിച്ച ചരിത്രവും സമീപ കാല പാര്‍ട്ടിക്കുണ്ട്. എന്നാല്‍ പിണറായി വിജയനെ പുകഴ്ത്തിയാല്‍ അതില്ല താനും. ഇതെല്ലാം നേതാക്കളില്‍ അമര്‍ഷമുണ്ട്. പക്ഷേ പ്രതികരിക്കില്ല. പ്രതികരിച്ചാല്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് എല്ലാവര്‍ക്കും അറിയാം.
കഴിഞ്ഞ ദിവസം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സെക്രട്ടറിയേറ്റിന്റെ കണ്‍റ്റോണ്‍മെന്റ് ഗേറ്റിന് സമീപം കൂറ്റന്‍ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. ഇത് വിവദമായി. ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ പൊളിച്ചു മാറ്റുകയും ചെയ്തു. ഈ സിപിഎം അനുകൂല സംഘടനയും വിഭാഗീയതയുടെ പടിയിലാണ്. പ്രസിഡന്റ് പി.ഹണിയുടെ നേതൃത്വത്തിലാണു സുവര്‍ണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഹണിക്ക് എതിരാണ്. ഇത് മനസ്സിലാക്കി കൂടിയാണ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി പാട്ട് തയ്യാറാക്കിയതെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയെക്കുറിച്ചു സെക്രട്ടേറിയറ്റിലെ ജീവനക്കാരന്‍ എഴുതിയ കവിതയ്ക്കു സംഗീതം നല്‍കി അവതരിപ്പിക്കുക മാത്രമാണുദ്ദേശിക്കുന്നതെന്നാണ് ഹണിയുടെ വിശദീകരണം. 100 ഗായകര്‍ ചേര്‍ന്ന് ആലപിക്കുമെന്നും അദ്ദേഹം പറയുന്നു. വിവാദമാകാന്‍ സാധ്യതയുള്ള പാട്ടിന്റെ വരികള്‍ അടക്കം മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
'പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍' ........... എന്നിങ്ങനെ പോകുന്നു വരികള്‍.
അഞ്ഞൂറോളം വനിതകള്‍ പാറശാലയില്‍ അവതരിപ്പിച്ച മെഗാതിരുവാതിരയില്‍ 'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്' എന്നിങ്ങനെയായിരുന്നു പാട്ട്. പിണറായിയെ സ്തുതിച്ചു 'കേരള സിഎം' എന്ന പേരില്‍ യുട്യൂബില്‍ കഴിഞ്ഞവര്‍ഷം ഒരു വിഡിയോ ഗാനവുമിറങ്ങിയിരുന്നു. 'പിണറായി വിജയന്‍ നാടിന്റെ അജയന്‍' എന്നു തുടങ്ങുന്ന പാട്ടില്‍ 'തീയില്‍ കുരുത്തൊരു കുതിര', 'കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍' എന്നെല്ലാമായിരുന്നു വിശേഷണം. മുന്‍പു വി.എസ്.അച്യുതാനന്ദനു ലഭിച്ചിരുന്ന ആരാധന, വ്യക്തിപൂജയെന്ന തരത്തില്‍ പിണറായി വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കിയിരുന്നു.
വ്യക്തിപൂജ പാര്‍ട്ടിരീതിയല്ല, ആരും പാര്‍ട്ടിക്ക് മുകളിലുമല്ല, പാര്‍ട്ടിയാണ് വലുത്, ഏതെങ്കിലും വ്യക്തിയെ അതിനുമുകളില്‍ പ്രതിഷ്ഠിക്കാനാവില്ല എന്നൊക്കെയാണ് പാര്‍ട്ടിവേദികളില്‍ സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.എസ്. അച്യുതാനന്ദന്റെ കട്ട് ഔട്ടുകള്‍ നാടാകെ നിറഞ്ഞപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഈ വാദങ്ങള്‍ നിരത്തിയിരുന്നു. കണ്ണൂരില്‍ പി. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടുകളും സാമൂഹികമാധ്യമപ്രചാരണങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇടപെട്ടിരുന്നു. ജയരാജന് പാര്‍ട്ടിയുടെ ശാസനയും ഏറ്റുവാങ്ങേണ്ടിവന്നു. പാട്ട് പാര്‍ട്ടിക്കകത്തും പുറത്തും വിവാദമായതോടെ ജില്ലാകമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചതില്‍ ജയരാജന് പങ്കില്ലെന്നായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അംഗീകരിച്ച സംസ്ഥാനകമ്മിറ്റി, വ്യക്തിപ്രഭാവം ഉയര്‍ത്തുന്ന നിലയിലുള്ള പ്രചാരണം നടന്നതില്‍ ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് വിലയിരുത്തിയാണ് ശാസനയിലേക്ക് കടന്നത്. കണ്ണൂര്‍ തളാപ്പില്‍ പിണറായി വിജയനെ അര്‍ജുനനായും പി. ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ബോര്‍ഡുകള്‍ ഉയര്‍ന്നതും വിവാദമായിരുന്നു.