- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തില്‍ ഇടതുപക്ഷത്തിനും സിപിഎമ്മിനും നിദ്രാവ്യാധി ബാധിച്ചെന്നത് അതിരുവിട്ടു; മുഖ്യമന്ത്രിക്കും വെള്ളാപ്പള്ളിക്കും എതിരെ നാവ് പൊങ്ങിയാല്‍ ശാസന; പാര്‍ട്ടി ലൈന്‍ ലംഘിച്ച ഇടത് നിരീക്ഷകന്‍ സിപിഎമ്മിന്റെ 'റെഡ് കാര്‍ഡ്'; അഡ്വ ഹസ്‌കറിനെതിരെ നടപടി പ്രഖ്യാപിച്ചത് സോമപ്രസാദ്; അസാധാരണ നടപടികളിലേക്ക് സിപിഎം
തിരുവനന്തപുരം: അതിരുവിടുന്ന 'സൈബര്‍ സഖാക്കള്‍ക്ക്' ഇനി രക്ഷയില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും ചാനല്‍ ചര്‍ച്ചകളില്‍ രൂക്ഷമായി വിമര്‍ശിച്ച അഡ്വ. ബി.എന്‍. ഹസ്‌കറിനെതിരെ സിപിഎം സ്വീകരിച്ച അച്ചടക്ക നടപടി ചര്‍ച്ചകളില്‍ എത്തുന്നു. ഈ നടപടി സിപിഎമ്മിലെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. പാര്‍ട്ടി ലൈന്‍ കൃത്യമായി പിന്തുടര്‍ന്നില്ലെങ്കില്‍ 'ഇടത് നിരീക്ഷകന്‍' എന്ന ലേബലില്‍ ചാനലുകളില്‍ ഇരിക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദ്ദേശം ഹസ്‌കറിന് നല്‍കി. ഭരണകൂടത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ സൈബര്‍ സഖാക്കള്‍ ഉയര്‍ത്തുന്നതിനെ സിപിഎം ഗൗരവത്തില്‍ കാണും.
പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതും, വെള്ളാപ്പള്ളി നടേശന്റെ വിഷയത്തില്‍ സിപിഐ സ്വീകരിച്ച ആര്‍ജ്ജവം സിപിഎമ്മിനില്ലെന്ന ഹസ്‌കറിന്റെ നിരീക്ഷണവുമാണ് സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സിപിഎമ്മിന് 'നിദ്രാവ്യാധി' ബാധിച്ചുവെന്നും പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് ജരാനര ബാധിച്ചുവെന്നുമുള്ള ഹസ്‌കറിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന് നിരക്കാത്തതാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദിനെ നേരിട്ട് അയച്ച് ബ്രാഞ്ച് യോഗത്തില്‍ വെച്ച് ഹസ്‌കറിനെ ശാസിച്ചത് വഴി, നിരീക്ഷകര്‍ പോലും പാര്‍ട്ടിയുടെ 'സെന്‍സര്‍ഷിപ്പിന്' വിധേയരാകണമെന്ന കൃത്യമായ സന്ദേശമാണ് സിപിഎം നല്‍കുന്നത്.
കൊല്ലത്തെ അഭിഭാഷകനാണ് ബി.എന്‍. ഹസ്‌കര്‍. പാര്‍ട്ടി ലൈന്‍ സ്വീകരിച്ച് മുന്നോട്ടുപോയില്ലെങ്കില്‍ ഇടത് നിരീക്ഷകന്‍ എന്നപേരില്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു. സിപിഎമ്മിന്റെ ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് ഈ നിര്‍ദേശം വെച്ചത്. യോഗത്തിലേക്ക് ഹസ്‌കറിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇടത് നിരീക്ഷകന്‍ എന്ന പേര് വെക്കുന്നത് താനല്ലെന്നും മാധ്യമങ്ങള്‍ ആണെന്നും ഹസ്‌കര്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് ഈ നിര്‍ദേശം നല്‍കുന്നതെന്നും പാലിക്കണമെന്നും സോമപ്രസാദ് വിശദീകരിച്ചു.
മാധ്യമങ്ങള്‍ നല്‍കുന്ന വിശേഷണമാണ് 'ഇടത് നിരീക്ഷകന്‍' എന്നതെന്ന ഹസ്‌കറിന്റെ വാദം പാര്‍ട്ടി തള്ളിക്കളയുന്നത്, ചാനല്‍ ചര്‍ച്ചകളിലെ പൊതുബോധ നിര്‍മ്മിതിയില്‍ ഇത്തരം നിരീക്ഷകര്‍ക്കുള്ള സ്വാധീനം പാര്‍ട്ടി ഭയപ്പെടുന്നു എന്നതിനാലാണ്. സഖ്യകക്ഷിയായ സിപിഐ പോലും പരസ്യ നിലപാട് എടുക്കുന്ന വിഷയങ്ങളില്‍ സിപിഎം മൗനം പാലിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന ഹസ്‌കറിന്റെ വാദം അണികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് തടയാനാണ് ഈ അടിയന്തര ഇടപെടല്‍. ഈ നടപടി വരുംദിവസങ്ങളില്‍ സ്വതന്ത്ര നിരീക്ഷകരുടെ ചാനല്‍ ഇടപെടലുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം.
ഹസ്‌കര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഇങ്ങനെ
കേരളത്തില്‍ ഇടതുപക്ഷത്തിനും സിപിഎമ്മിനും നിദ്രാവ്യാധി ബാധിച്ചിരിക്കുന്നുവെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ കുറ്റപ്പെടുത്തിയത്. '1996-ലെ തെറ്റുതിരുത്തല്‍ രേഖയില്‍, ജനപ്രതിനിധികള്‍ സര്‍ക്കാര്‍ നല്‍കുന്ന കാറില്‍ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കയറ്റരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയാതെപോയത് വല്ലാത്ത കാപട്യമായിപ്പോയി. വെള്ളാപ്പള്ളിയുടെ നാവ് വിഷലിപ്തമാണ്. എപ്പോഴൊക്കെ ഇടതുപക്ഷം മതനേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിട്ടുണ്ടോ, അപ്പോഴേ ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ വജ്രശോഭയുണ്ടാകൂ. ആനിലപാടുകള്‍ക്ക് ഇന്ന് ജരാനര ബാധിക്കുന്നത് ആപത്കരവും ഭയാനകവുമാണ്.
മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യം നല്‍കുന്നത് സിപിഎമ്മിന്റെ മൗനമാണ്. സിപിഐ സെക്രട്ടറി ബിനോയ് വിശ്വം കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന് ആര്‍ജവത്തോടെ ആ നിലപാട് പറയാന്‍ കഴിയുന്നില്ല എന്നത് രാഷ്ട്രീയ ഇരട്ടത്താപ്പായി പരിഗണിക്കപ്പെടും.




